ഫൈനലില്‍ ഭാഗ്യം തങ്ങളുടെ ഭാഗത്തല്ലായിരുന്നു എന്നാണ് ദ്രാവിഡ് പറയുന്നത്.
സിഡ്‌നി: കഴിഞ്ഞ ഏകദിന ലോകകപ്പ് കയ്യത്തും ദൂരത്താണ് ഇന്ത്യക്ക് നഷ്ടമായത്. അന്ന് ആറ് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയാണ് ഓസ്‌ട്രേലിയക്ക് വിശ്വകിരീടം സമ്മാനിച്ചത്. ഇപ്പോള്‍ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് ആ സമയത്ത് പരിശീലകനായിരുന്നു രാഹുല്‍ ദ്രാവിഡ്.
ഫൈനലില്‍ ഭാഗ്യം തങ്ങളുടെ ഭാഗത്തല്ലായിരുന്നു എന്നാണ് ദ്രാവിഡ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ചില ദിവസങ്ങളില്‍ ഭാഗ്യത്തിന്റെ ആനുകൂല്യം കൂടി വേണം. ഇന്ത്യന്‍ പേസര്‍മാര്‍ ട്രാവിസ് ഹെഡിനെ പരാജയപ്പെടുത്തുന്നതില്‍ വിജയിച്ചു. 15 തവണയെങ്കിലും അദ്ദേഹത്തിന് ബാറ്റുകൊണ്ട് പന്തില്‍ തൊടാനായില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വിക്കറ്റെടുക്കാന്‍ മാത്രം സാധിച്ചില്ല. കാര്യങ്ങള്‍ ചിലപ്പോള്‍ ആ വഴിക്ക് പോവാം. പക്ഷേ നമ്മള്‍ ചെയ്യുന്ന കൃത്യത്തില്‍ ഉറിച്ചുനില്‍ക്കേണ്ടി വരും.'' ദ്രാവിഡ് പറഞ്ഞു.
undefined
അമ്പരപ്പിക്കുന്ന ക്യാച്ചുമായി മുഹമ്മദ് റിസ്‌വാന്‍! സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വീഡിയോ കാണാം
ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലെന്ന് അറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡ് പരിശീലകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളാണ്. ഇന്ത്യക്കായി 164 ടെസ്റ്റുകളില്‍ 13288 റണ്‍സടിച്ച ദ്രാവിഡ് 344 ഏകദിനങ്ങളില്‍ നിന്ന് 10889 രണ്‍സും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 298 മത്സരങ്ങളില്‍ 23,794 റണ്‍സും ദ്രാവിഡ് നേടിയിട്ടുണ്ട്. 2007ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിച്ച ദ്രാവിഡിന് കീഴില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.
കളിക്കാരനെന്ന നിലയില്‍ ലോകകപ്പ് നേടാന്‍ കഴിയാതിരുന്ന ദ്രാവിഡ് പരിശീലകനെന്ന നിലയില്‍ ഇന്ത്യയെ ഏകദിന ലോകകപ്പ് ഫൈനലിലേക്കും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കും നയിച്ചു. ജൂണില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ചാണ് ദ്രാവിഡ് ഇന്ത്യയുടെ പരിശീലക കുപ്പായം അഴിച്ചത്. ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞ ദ്രാവിഡ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനാകുമെന്നാണ് കരുതുന്നത്.