ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യ, പാകിസ്ഥാനിലെത്തുമോ? മറുപടി നല്‍കി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍

By Web TeamFirst Published Sep 8, 2024, 3:00 PM IST
Highlights

ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ തന്നെ നടക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ഇസ്ലാമാബാദ്: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യ, പാകിസ്ഥാനിലെത്തുമോ എന്നുള്ള കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാണ് ടൂര്‍ണമെന്റ്. 15 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടായിരിക്കുക. ഏഴ് മത്സരങ്ങള്‍ ലാഹോറില്‍ കളിക്കും. അഞ്ചെണ്ണം റാവല്‍പിണ്ടിയിലും മൂന്ന് മത്സരങ്ങള്‍ക്ക് കറാച്ചിയും വേദിയാകും. ഫൈനലും ലാഹോറിലാണ് നടക്കുക. എന്നാല്‍ പാകിസ്ഥാനിലേക്ക് ടീമിനെ അയക്കേണ്ടെന്നാണ് ബിസിസിഐ നിലപാട്. ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ തന്നെ നടക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ബിസിസിഐ ആയിട്ട് ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നഖ്‌വിയുടെ വാക്കുകള്‍... ''ചാംന്‍സ് ട്രോഫി പാകിസ്ഥാനില്‍ നടക്കും. ഞങ്ങള്‍ ബിസിസിഐ സെക്രട്ടറിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്ന ടീമുകളുടെ ബോര്‍ഡുകളുമായും ഞങ്ങള്‍ സംസാരിക്കുന്നുണ്ട്.'' അദ്ദേഹം പറഞ്ഞു.

Latest Videos

കേരള ഹോക്കി അസോസിയേഷനെതിരെ ശ്രീജേഷ്! സ്വീകരണ ചടങ്ങ് മുടങ്ങിയത് വിവാദമാക്കേണ്ടെന്നും ഇതിഹാസം

അടുത്തിടെ പാകിസ്ഥാനിലേക്ക് ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യ, പാകിസ്ഥാനിലേക്ക് വരരുതെന്ന് മുന്‍ താരം ഡാനിഷ് കനേരിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് വരരുതെന്നും സുരക്ഷിതമല്ലെന്നുമുള്ള മുന്നറിയിപ്പാണ് കനേരിയ നല്‍കുന്നത്. മുന്‍ പാക് സ്പിന്നറുടെ വാക്കുകള്‍... ''പാകിസ്ഥാനിലെ സാഹചര്യം നോക്കൂ, ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകരുത്. പാകിസ്ഥാനും കൂടി അതിനെ കുറിച്ച് ചിന്തിക്കണം. കളിക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ബഹുമാനമാണ് രണ്ടാമത്തെ മുന്‍ഗണന. ബിസിസിഐ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. അവരുടെ തീരുമാനം എന്തായാലും മറ്റ് രാജ്യങ്ങളും അത് അംഗീകരിക്കേണ്ടിവരും. ഐസിസി അവരുടെ തീരുമാനം എടുക്കും, മിക്കവാറും ചാംപ്യന്‍സ് ട്രോഫി ദുബായില്‍ ഒരു ഹൈബ്രിഡ് മോഡലില്‍ കളിക്കേണ്ടി വരും. സുരക്ഷയാണ് ഏറ്റവും വലിയ ആശങ്ക, ഒരു വലിയ ചോദ്യചിഹ്നം.'' കനേരിയ പറഞ്ഞു.

click me!