കഴിഞ്ഞ നാലു സീസണുകളില്‍ പഞ്ചാബിന്‍റെ പരിശീലകനാകുന്ന മൂന്നാമത്തെ പരിശീലകനാണ് പോണ്ടിംഗ്.
ചണ്ഡീഗഡ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലക സ്ഥാനം ഒഴിഞ്ഞ റിക്കി പോണ്ടിംഗിന് പുതിയ ചുമതല. അടുത്ത സീസണില്‍ പോണ്ടിംഗ് പഞ്ചാബ് കിംഗ്സിന്‍റെ പരിശീലകനായി ചുമതലയേല്‍ക്കുമെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലക സ്ഥാനം ഒഴിഞ്ഞ് രണ്ട് മാസത്തിനകം ആണ് പോണ്ടിംഗ് പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
ഒന്നില്‍ കൂടുതല്‍ വര്‍ഷത്തേക്കുള്ള കരാറാണ് പോണ്ടിംഗ് പഞ്ചാബുമായി ഒപ്പുവെച്ചത് എന്നാണ് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടീമിന്‍റെ മറ്റ് പരിശീലകരുടെ കാര്യത്തിലും പോണ്ടിംഗ് തന്നെയായിരിക്കും തീരുമാനമെടുക്കുക. കഴിഞ്ഞ സീസണില്‍ പഞ്ചാബിന്‍റെ പരിശീലകനായിരുന്ന ട്രെവര്‍ ബെയ്‌ലിസിന് പകരമാണ് പോണ്ടിംഗ് പരിശീലകനായി ചുമതലയേൽക്കുന്നത്.
കഴിഞ്ഞ നാലു സീസണുകളില്‍ പഞ്ചാബിന്‍റെ പരിശീലകനാകുന്ന മൂന്നാമത്തെ കോച്ചാണ് പോണ്ടിംഗ്. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ട്രെവര്‍ ബെയ്‌ലിസിന്‍റെ കസേര തെറിച്ചത്. 2014 ൽ റണ്ണേഴ്സ് അപ്പായതിനുശേഷം പ്ലേ ഓഫില്‍ പോലും എത്താന്‍ കഴിയാത്ത പഞ്ചാബിന് ഇതുവരെ ഐപിഎല്‍ കിരീടം നേടാനും കഴിഞ്ഞിട്ടില്ല.
അടുത്ത സീസണ് മുന്നോടിയായി നടക്കുന്ന മെഗാ താരലേലലത്തിന് മുമ്പ് ആരെയൊക്കെ ടീമില്‍ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയായിരിക്കും പോണ്ടിംഗിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. കഴിഞ്ഞ സീസണിൽ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ ഹര്‍ഷല്‍ പട്ടേല്‍, ശശാങ്ക് സിംഗ്, അശുതോഷ് ശര്‍മ, അര്‍ഷ്ദീപ് സിംഗ്, ജിതേഷ് ശര്‍മ, വിദേശ താരങ്ങളായ സാം കറന്‍, ലിയാം ലിവിംഗ്സ്‌റ്റണ്‍, ജോണി ബെയര്‍സ്റ്റോ, കാഗിസോ റബാദ എന്നിവരില്‍ ആരൊയെക്കെ പഞ്ചാബ് നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ശിഖര്‍ ധവാന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ അടുത്ത സീസണിലേക്ക് പുതിയ നായകനെയും പഞ്ചാബിന് കണ്ടെത്തേണ്ടിവരും.
🚨 NEW HEAD COACH OF PBKS...!!! 🚨
- Ricky Ponting has been appointed as PBKS' Head Coach for IPL 2025. (Espncricinfo). pic.twitter.com/tKhDEVDlbX
2008 മുതല്‍ കളിക്കാരനായി ഐപിഎല്ലിന്‍റെ ഭാഗമായ പോണ്ടിംഗ് 2014ല്‍ മുംബൈയുടെ മെന്‍ററായും 2015, 2016 സീസണുകളില്‍ മുഖ്യ പരിശലകനായും പ്രവര്‍ത്തിച്ചിരുന്നു. 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനായ പോണ്ടിംഗ് ടീമിനെ മൂന്ന് സീസണുകളില്‍ പ്ലേ ഓഫിലെത്തിച്ചെങ്കിലും കീരീടം സമ്മാനിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക