ടീമിലെ നമ്പർ വണ്‍ അവൻ തന്നെ; സഞ്ജുവിനെ നിലനിര്‍ത്താൻ ആലോചിക്കേണ്ട കാര്യമേയില്ലെന്ന് രാഹുല്‍ ദ്രാവിഡ്

By Web TeamFirst Published Nov 5, 2024, 5:05 PM IST
Highlights

സഞ്ജു ഞങ്ങളുടെ ബാറ്ററും വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമാണ്. അതുകൊണ്ട് തന്നെ അവനെ ഒന്നാം പേരുകാരനായി നിലനിര്‍ത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

ജയ്പൂര്‍: ഐപിഎല്‍ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയ താരങ്ങളെക്കുറിച്ച് മനസുതുറന്ന് രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഏതൊക്കെ കളിക്കാരെ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും വലിയ റോളുണ്ടായിരുന്നുവെന്ന് ദ്രാവിഡ് ജിയോ സിനിമക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സഞ്ജു ഞങ്ങളുടെ ബാറ്ററും വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമാണ്. അതുകൊണ്ട് തന്നെ അവനെ ഒന്നാം പേരുകാരനായി നിലനിര്‍ത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. സഞ്ജു വര്‍ഷങ്ങളായി ഈ ടീമിന്‍റെ നായകനാണ്. ഭാവിയിലും സഞ്ജു തന്നെയാകും രാജസ്ഥാനെ നയിക്കുക. അതുകൊണ്ട് തന്നെ സഞ്ജുവിനെ ആദ്യ പേരുകാരനായി നിലനിര്‍ത്തുക എന്നത് രണ്ടാമതൊരു ആലോചന പോലും വേണ്ടാത്ത കാര്യമാണ്. അത് മാത്രമല്ല, രാജസ്ഥാന്‍ ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്നതില്‍ സഞ്ജുവിന്‍റെ അഭിപ്രായവും നിര്‍ണായകമായിരുന്നു. സഞ്ജുവും അതില്‍ സജീവമായി ഇടപെട്ടിട്ടുണ്ട്.

Latest Videos

രഞ്ജി ട്രോഫി: ഹോം ഗ്രൗണ്ടില്‍ വിജയം തുടരാന്‍ കേരളം, എതിരാളികൾ ഉത്തര്‍പ്രദേശ്; സഞ്ജു സാംസണ്‍ ടീമിലില്ല

സഞ്ജുവിനെ സംബന്ധിച്ച് അത് വളരെ ബുദ്ധിമുട്ടേറിയ കാര്യം കൂടിയാണ്. കാരണം, ക്യാപ്റ്റനെന്ന നിലയില്‍ ഇത്രയും വര്‍ഷങ്ങളായി കളിക്കാരുമായെല്ലാം വളരെ അടുത്ത ബന്ധം നിലനിര്‍ത്തുന്ന കളിക്കാരനാണ് സഞ്ജു. അതുകൊണ്ട് തന്നെ ആരെയെങ്കിലും ഒഴിവാക്കുക എന്നത് അവനെ സംബന്ധിച്ച് ബുദ്ധിമേട്ടേറിയ തീരുമാനമാണ്. എന്നിട്ടും വളരെ സന്തുലിതമായ അഭിപ്രായമാണ് സഞ്ജു ഞങ്ങളോട് പങ്കുവെച്ചത്. അതില്‍ അവനെ അഭിനന്ദിച്ചേ മതിയാവു. ഓരോ കളിക്കാരന്‍റെയും മികവും കുറവും ഞങ്ങള്‍ സൂഷ്മമായി വിലയിരുത്തിയിരുന്നു. അതിനുശേഷമാണ് തീരുമാനം എടുത്തത്. ആ തിരുമാനം എടുക്കുന്നത് ഞങ്ങളെ സംബന്ധിച്ചും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എങ്കിലും ആറ് കളിക്കാരെ നിലനിര്‍ത്തിയതിലൂടെ കോര്‍ ടീമിനെ നിലനിര്‍ത്താനായി എന്നതില്‍ സന്തോഷമുണ്ട്.

ഒളിംപിക്സ് സ്വപ്നത്തിലേക്ക് ആദ്യ ചുവടുവെച്ച് ഇന്ത്യ, 2036ലെ ഒളിംപിക്സ് ആതിഥേയത്വത്തിനായി ഔദ്യോഗിക ബിഡ് നൽകി

രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടിയിട്ട് കുറച്ചു വര്‍ഷങ്ങളായി. അതുകൊണ്ട് തന്നെ അടുത്ത സീസണില്‍ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ കരുത്തരായ മറ്റ് ടീമുകളും ഐപിഎല്ലില്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം ഞങ്ങള്‍ മനസിലാക്കുന്നു. ആര്‍ടിഎം നിയമത്തിലെ പരിഷ്കാരവും ലേലത്തില്‍ വലിയ രീതിയില്‍ പ്രതിഫലിക്കും.  അതുകൊണ്ട് തന്നെ ലേലത്തിനെത്തുമ്പോള്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു, 18 കോടി രൂപ നല്‍കിയാണ് രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണെ നിലനിര്‍ത്തിയത്. ഇന്ത്യൻ ഓപ്പണറായ യശസ്വി ജയ്സ്വാളിനും രാജസ്ഥാന്‍ 18 കോടി പ്രതിഫലം നല്‍കി നിലനിര്‍ത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!