കോലിയില്ല, ജയ്സ്വാളും ഗില്ലും ടീമിൽ, സഞ്ജുവിന്‍റെ കാര്യം സംശയത്തിൽ; ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

By Web TeamFirst Published Mar 13, 2024, 1:04 PM IST
Highlights

ബാറ്റിംഗ് നിരയില്‍ സ്ഥാനമുറപ്പുള്ള രണ്ടുപേര്‍ സൂര്യകുമാര്‍ യാദവും ഫിനിഷറായി റിങ്കു സിംഗുമാണ്. സൂര്യ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിങ്കു ആറാം നമ്പറിലും കളിച്ചേക്കും.

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് വിരാട് കോലിയെ ഒഴിവാക്കിയേക്കുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ആരൊക്കെ ഉണ്ടാകുമെന്ന ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. മെയ് ഒന്നിനാണ് ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതിയെന്നാണ് ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 25വരെ ടീമില്‍ മാറ്റങ്ങള്‍ക്ക് അവസരമുണ്ട്. മെയ് 26നാണ് ഐപിഎല്‍ ഫൈനല്‍ നടക്കുന്നത്. ഐപിഎല്ലിലെ പ്രകടനം ടീം സെലക്ഷനെ കാര്യമായി സ്വാധീനിക്കുമെന്നുറപ്പാണ്. എങ്കിലും ഉറപ്പായും ടീമിലെത്താൻ സാധ്യതയുള്ള താരങ്ങളും ടീമിലേക്ക് പരിഗണിക്കപ്പെടാനിടയുള്ള താരങ്ങളും ആരൊക്കെ എന്ന് നോക്കാം.

ഓപ്പണര്‍മാര്‍: രോഹിത് ശര്‍മ തന്നെയായിരിക്കും ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ നേരിട്ട് പ്രഖ്യാപിച്ചതിനാല്‍ രോഹിത്തിന്‍റെ കാര്യത്തില്‍ ആശങ്കക്ക് വകയില്ല. രോഹിത്തിനൊപ്പം യശസ്വി ജയ്സ്വാളും ഓപ്പണര്‍ റോള്‍ സുരക്ഷിതമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയില്‍ ജയ്സ്വാളാണ് രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ശുഭ്മാന്‍ ഗില്‍ ടീമിലെത്തുമെങ്കിലും ബാക്ക് അപ്പ് ഓപ്പണറായിട്ടായിരിക്കും കളിക്കുക എന്നാണ് റിപ്പോര്‍ട്ട്.

Latest Videos

ക്രിക്കറ്റിൽ വമ്പൻമാർ, പഠിത്തം 10-ാം ക്ലാസും ഗുസ്‍തിയും, കോലിയുടെ വിദ്യാഭ്യാസ യോഗ്യതയോ?; ആ താരം എഞ്ചിനീയർ

മധ്യനിര: ബാറ്റിംഗ് നിരയില്‍ സ്ഥാനമുറപ്പുള്ള രണ്ടുപേര്‍ സൂര്യകുമാര്‍ യാദവും ഫിനിഷറായി റിങ്കു സിംഗുമാണ്. സൂര്യ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിങ്കു ആറാം നമ്പറിലും കളിച്ചേക്കും.

വിക്കറ്റ് കീപ്പര്‍മാര്‍: കെ എല്‍ രാഹുലായിരിക്കും ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബാക്ക് അപ്പായി ജിതേഷ് ശര്‍മയോ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ധ്രുവ് ജുറെലോ എത്തും. മലയാളി താരം സ‍ഞ്ജു സാംസണ് ബാക്ക് അപ്പ് കീപ്പറായി ഇടം നേടാന്‍ ഐപിഎല്ലില്‍ അസാധാരണ പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും.

ഓള്‍ റൗണ്ടര്‍മാര്‍: വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാകും പേസ് ഓള്‍ റൗണ്ടര്‍. പാണ്ഡ്യയുടെ ബാക്ക് അപ്പായി ശിവം ദുബെയെയും പരിഗണിക്കും. രവീന്ദ്ര ജഡേജയാകും സ്പിന്‍ ഓള്‍ റൗണ്ടര്‍.

'ഞാനവനെ ഒന്ന് ചൊറിഞ്ഞു'; ധരംശാല ടെസ്റ്റില്‍ ഗില്ലുമായി ഉടക്കാനുള്ള കാരണം വെളിപ്പെടുത്തി ആന്‍ഡേഴ്സണ്‍

സ്പിന്നര്‍മാര്‍: കുല്‍ദീപ് യാദവും രവി ബിഷ്ണോയിയുമാകും സ്പെഷലിസ്റ്റ് സ്പിന്നര്‍മാരായി ടീമിലെത്തുക.

പേസ് ബൗളര്‍മാര്‍: ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരായിരിക്കും പേസര്‍മാരായി ടീമിലെത്തുക എന്നാണ് കരുതുന്നത്. മുഹമ്മദ് ഷമി പരിക്ക് മാറി ലോകപ്പിന് മുമ്പ് തിരിച്ചെത്തില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!