പരിക്കല്ല, പുറത്താക്കിയതുതന്നെ; മുട്ടന്‍ പണി കിട്ടി ശ്രേയസ് അയ്യര്‍, ഉടന്‍ മടങ്ങിവരവില്ല!

By Web TeamFirst Published Feb 10, 2024, 1:55 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള സ്ക്വാഡ് ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിച്ചത്

മുംബൈ: ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിനൊടുവില്‍ നടുവേദന റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും എന്ന റിപ്പോര്‍ട്ട് ആദ്യം പുറത്തുവന്നിരുന്നു. എന്നാല്‍ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ തക്ക പരിക്ക് താരത്തിനില്ല എന്ന അപ്ഡേറ്റ് പിന്നാലെ വന്നു. എങ്കിലും ഇന്ന് ബിസിസിഐ പുതുക്കിയ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ശ്രേയസ് അയ്യരുടെ പേരുണ്ടായിരുന്നില്ല. നേരിയ പരിക്ക് കാരണമാണ് ശ്രേയസ് അയ്യരെ പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്ക് പരിഗണിക്കാത്തത് എന്നാണ് ടീം പ്രഖ്യാപനത്തോടെ ഏവരും ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഫോമില്ലായ്മ അലട്ടുന്ന താരത്തെ പുറത്താക്കുകയായിരുന്നു എന്നാണ് സൂചന.

ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള സ്ക്വാഡ് ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിച്ചത്. വിരാട് കോലി തുടര്‍ന്നും കളിക്കില്ല എന്ന വിവരമായിരുന്നു ഇതില്‍ ആദ്യത്തേത്. പരിക്ക് മാറിയെത്തുന്ന രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍ എന്നിവരെ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ ഫിറ്റ്നസ് ഫലം അനുസരിച്ചാവും കളിപ്പിക്കുക എന്നതായിരുന്നു രണ്ടാമത്തെ കാര്യം. എന്നാല്‍ സ്ക്വാഡില്‍ പേരില്ലാതിരുന്ന ശ്രേയസ് അയ്യരുടെ പരിക്കിനെ കുറിച്ച് യാതൊരു അപ്ഡേറ്റും ബിസിസിഐ വാര്‍ത്താക്കുറിപ്പിലോ പിന്നീട് സാമൂഹ്യമാധ്യമങ്ങളിലൂടെയോ ആരാധകരുമായി പങ്കുവെച്ചില്ല. മുമ്പ് പരിക്ക് കാരണം രണ്ടാം ഏകദിനം ജഡേജയും രാഹുലും കളിക്കില്ല എന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ശ്രേയസിന്‍റെ കാര്യത്തില്‍ ഇന്നത്തെ വാര്‍ത്താക്കുറിപ്പില്‍ പരിക്കിനെ പറ്റി ബിസിസിഐ യാതൊന്നും വ്യക്തമാക്കിയില്ല. ഫോമില്ലായ്മ നേരിടുന്ന ശ്രേയസ് അയ്യരെ സ്ക്വാഡില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു എന്ന് ഇതില്‍ നിന്ന് അനുമാനിക്കാം. 

Latest Videos

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ മധ്യനിര ബാറ്ററായ ശ്രേയസ് അയ്യരിന് തിളങ്ങാനായിരുന്നില്ല. ഹൈദരാബാദിലെ ആദ്യ ടെസ്റ്റില്‍ 35, 13 എന്നിങ്ങനെയും വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റില്‍ 27, 29 എന്നിങ്ങനെയുമായിരുന്നു ശ്രേയസിന്‍റെ സ്കോറുകള്‍. സ്പിന്നിനെ നേരിടുന്നതില്‍ വിദഗ്ദനായ താരമെന്നാണ് വിശേഷണമെങ്കിലും ഹോം ട്രാക്കുകളില്‍ പോലും ശ്രേയസിന് തിളങ്ങനാവാത്തത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15 മുതല്‍ രാജ്കോട്ടിലും നാലാം ടെസ്റ്റ് 23 മുതല്‍ റാഞ്ചിയിലും അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മാര്‍ച്ച് ഏഴ് മുതല്‍ ധരംശാലയിലുമാണ് നടക്കുക. നിലവില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരു ടീമുകളും 1-1ന് തുല്യതയിലാണ്. 

Read more: കോലി ഇല്ല, സൂപ്പര്‍ താരങ്ങള്‍ മടങ്ങിയെത്തി, സര്‍പ്രൈസ് പേസര്‍ക്ക് ഇടം; ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!