ആഞ്ഞുപിടിച്ചാല്‍ ആ റെക്കോര്‍ഡ് മുഷീര്‍ ഖാന്റെ പേരിലാവും! പിന്നിലാവുക ശിഖര്‍ ധവാന്‍ ഡെവാള്‍ഡ് ബ്രേവിസും

By Web TeamFirst Published Jan 30, 2024, 9:00 PM IST
Highlights

കഴിഞ്ഞ ലോകകപ്പില്‍ 506 റണ്‍സാണ് ബ്രേവിസ് നേടിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരം കൂടിയായ ബ്രേവിസ് ഒരു റണ്ണിനാണ് ധവാനെ മറികടന്നത്. എന്നാല്‍ ഇരുവരേയും മറികടക്കാന്‍ ഇന്ത്യന്‍ താരം മുഷീര്‍ ഖാന് സാധിച്ചേക്കും.

ബ്ലോംഫോന്റൈന്‍: ഒരു അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ്. 2004ല്‍ ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്നായി 505 റണ്‍സാണ് ധവാന്‍ അടിച്ചെടുത്തത്. 155 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 84.16 ശരാശരിയിലാണ് നേട്ടം. എന്നാല്‍ ഒന്നാകെയെടുത്താല്‍ ധവാന്‍ രണ്ടാം സ്ഥാനത്തേക്ക് വീഴും. അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രേവിസിന്റെ പേരിലാണ്.

കഴിഞ്ഞ ലോകകപ്പില്‍ 506 റണ്‍സാണ് ബ്രേവിസ് നേടിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരം കൂടിയായ ബ്രേവിസ് ഒരു റണ്ണിനാണ് ധവാനെ മറികടന്നത്. എന്നാല്‍ ഇരുവരേയും മറികടക്കാന്‍ ഇന്ത്യന്‍ താരം മുഷീര്‍ ഖാന് സാധിച്ചേക്കും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പില്‍ മുഷീര്‍ നാല് ഇന്നിംഗ്‌സിലായി ഇതുവരെ നേടിയത് 325 റണ്‍സാണ്. 81.25 ശരാശരിയും താരത്തിനുണ്ട്. ഇന്ന് ന്യൂസിലന്‍ഡിനെതിരെ നേടിയ 131 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. 182 റണ്‍സ് കൂടി നേടിയാല്‍ മുഷീറിന് ബ്രേവിസിനെ മറികടക്കാം. ഇനിയും മത്സരങ്ങള്‍ ശേഷിക്കെ താരം റെക്കോര്‍ഡ് നേടുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇന്ത്യന്‍ ടീം ഫൈനലിലെത്തിയാല്‍ മുഷീറിന് മൂന്ന് മത്സരങ്ങള്‍ കളിക്കാം. അടുത്ത മത്സരം നേപ്പാളിനെതിരെയാണ്. പിന്നീട് സെമിയും ഫൈനലും.

Latest Videos

ഇന്ന് കിവീസിനെതിരെ രണ്ടാം സെഞ്ചുറി നേടിയതിന് പിന്നാലെ മുഷീര്‍ ഖാന്‍ എലൈറ്റ് പട്ടികയിലെത്തിയിരുന്നു. ലോകകപ്പില്‍ ഒന്നില്‍ കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് മുഷീര്‍. 2004 ലോകകപ്പില്‍ മൂന്ന് സെഞ്ചുറി നേടിയ ധവാന്‍ ആദ്യ ഇന്ത്യന്‍ താരം. ലോകകപ്പില്‍ മൂന്ന് സെഞ്ചുറികള്‍ സ്വന്തമാക്കുന്ന ആദ്യ താരവവും ധവാന്‍ തന്നെ. പിന്നീട് ഇംഗ്ലണ്ട് താരം ജാക്ക് ബേണ്‍ഹാം മൂന്ന് സെഞ്ചുറികള്‍ നേടി. ശേഷം ആരും മൂന്ന് സെഞ്ചുറി സ്വന്തമായിട്ടില്ല.

അതേസമയം, രണ്ട് സെഞ്ചുറികള്‍ വീതം നേടിയ പ്രധാന താരങ്ങളുടെ പട്ടികയില്‍ മുന്‍ ഇംഗ്ലണ്ട് താരം ഓയിന്‍ മോര്‍ഗന്‍, പാകിസ്ഥാന്‍ താരം ബാബര്‍ അസം, ബംംഗ്ലാദേശ് താരം അനാമുല്‍ ഹഖ്, വെസ്റ്റ് ഇന്‍ഡീസിന്റെ ലെന്‍ഡല്‍ സിമോണ്‍സ്, അലിക് അതനാസെ, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്ക്, ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം തുടങ്ങിയിവരുണ്ട്.

ക്ലോപ്പിനെ ബാഴ്‌സലോണയ്ക്ക് കിട്ടിയേക്കില്ല! പകരം ലണ്ടനില്‍ നിന്ന് മറ്റൊരു വമ്പന്‍ ക്ലബിന്റെ പരിശീലകന്‍

click me!