രോഹിത് ശര്‍മ്മയെ പിഴുത് ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് തമ്മിലടി കാരണമോ? വെളിപ്പെടുത്തി പരിശീലകന്‍

By Web TeamFirst Published Feb 6, 2024, 9:59 AM IST
Highlights

വിവാദം കത്തിപ്പടര്‍ന്ന് ഏറെ നാളുകള്‍ക്കൊടുവില്‍ ക്യാപ്റ്റന്‍സി വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മാര്‍ക് ബൗച്ചര്‍

മുംബൈ: ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ്മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് വലിയ വിവാദമായിരുന്നു. മുംബൈ ടീമിനെ നീണ്ട പത്ത് സീസണുകളില്‍ നയിക്കുകയും അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിക്കുകയും ചെയ്തൊരു ക്യാപ്റ്റനെ ഒരു സുപ്രഭാതത്തില്‍ നീക്കിയത് ആരാധകര്‍ക്ക് ഒട്ടും ദഹിച്ചില്ല. രോഹിത്തിന്‍റെ ക്യാപ്റ്റന്‍സി മാറ്റിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മുംബൈ ഇന്ത്യന്‍സിനെ നിരവധി ആരാധകരാണ് അണ്‍ഫോളോ ചെയ്തത്. വിവാദം കത്തിപ്പടര്‍ന്ന് ഏറെ നാളുകള്‍ക്കൊടുവില്‍ ക്യാപ്റ്റന്‍സി വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മാര്‍ക് ബൗച്ചര്‍. 

തുറന്നുപറഞ്ഞ് ബൗച്ചര്‍

Latest Videos

'രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം പൂര്‍ണമായും ക്രിക്കറ്റ് തീരുമാനമായിരുന്നു. വിന്‍ഡോയിലൂടെ ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെ വരുന്നത് നമ്മള്‍ കണ്ടിരുന്നു. മുംബൈ ഇന്ത്യന്‍സില്‍ ഇതൊരു മാറ്റത്തിന്‍റെ കാലയളവാണ്. ഇക്കാര്യം ഏറെ ഇന്ത്യക്കാര്‍ക്ക് മനസിലായിട്ടില്ല. ആളുകള്‍ വൈകാരികമായി കാര്യങ്ങളെ കണ്ടു. വൈകാരികത മാറ്റിവച്ച് ചിന്തിക്കുകയാണ് വേണ്ടത്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയതോടെ ഓപ്പണര്‍ എന്ന രീതിയില്‍ രോഹിത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം ടീമിന് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. നല്ല റണ്‍സ് നേടാന്‍ രോഹിത്തിനെ അനുവദിക്കുകയാണ് എല്ലാവരും വേണ്ടത്' എന്നും മാര്‍ക് ബൗച്ചര്‍ ഒരു പോഡ്‌കാസ്റ്റില്‍ പറഞ്ഞു. 

ഹാര്‍ദിക് പാണ്ഡ്യക്കും പ്രശംസ

'മുംബൈ ഇന്ത്യന്‍സിനെ എറെക്കാലമായി നയിച്ച താരമാണ് രോഹിത് ശര്‍മ്മ. ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. ഇപ്പോള്‍ രോഹിത് ഇന്ത്യന്‍ ടീമിനെയും നയിക്കുന്നു. ക്യാപ്റ്റന്‍റെ അധികഭാരമില്ലാതെ രോഹിത്തിന് സ്വതന്ത്രമായി കളിക്കാനുള്ള വഴിയാണ് ഒരുങ്ങുന്നത്. സമ്മര്‍ദം കുറച്ച് ഒഴിയുന്നത് രോഹിത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം ടീമിന് ലഭിക്കാന്‍ സഹായകമായേക്കും. ചിരിക്കുന്ന മുഖത്തോടെ രോഹിത് ശര്‍മ്മ കളിക്കുന്നത് കാണാനാണ് താല്‍പര്യപ്പെടുന്നത്. മനോഹരമായ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലഴിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു. ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് ബോയിയാണ്. അവിടെ നിന്ന് മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് ചേക്കേറിയ താരം ആദ്യ സീസണില്‍ തന്നെ കിരീടമുയര്‍ത്തി. രണ്ടാം വര്‍ഷം റണ്ണറപ്പായി. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി പാടവം മികച്ചതാണ് എന്ന് ഇത് തെളിയിക്കുന്നതായി' മാര്‍ക് ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക്ക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് നായകനാക്കിയത് വലിയ വിവാദമായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദിക്കിനെ 2023 അവസാനം നടന്ന ട്രേഡിലൂടെ സ്വന്തമാക്കിയ ശേഷം രോഹിത്തിന് പകരം ക്യാപ്റ്റനായി മുംബൈ ഇന്ത്യന്‍സ് പ്രഖ്യാപിക്കുകയായിരുന്നു. 2013ലാണ് രോഹിത് ശർമ്മ മുംബൈ ഇന്ത്യന്‍സിന്‍റെ നായകസ്ഥാനം ഏറ്റെടുത്തത്. 2013, 2015, 2017, 2019, 2020 സീസണുകളില്‍ രോഹിത് ശര്‍മ്മയുടെ നായകത്വത്തില്‍ മുംബൈ ടീം ഐപിഎല്‍ കിരീടമുയര്‍ത്തി. അതേസമയം 2015 മുതല്‍ 2021 വരെ മുംബൈ ഇന്ത്യന്‍സില്‍ കളിച്ച ഹാര്‍ദിക് പാണ്ഡ്യ 2022ല്‍ ക്യാപ്റ്റനായി ഗുജറാത്ത് ടൈറ്റന്‍സിലെത്തി. 2022ല്‍ കന്നി സീസണില്‍ തന്നെ ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച പാണ്ഡ്യ 2023ല്‍ റണ്ണറപ്പുമാക്കിയാണ് മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. 

Read more: പിച്ചുണ്ടാക്കുന്നത് ക്യുറേറ്റര്‍മാരാണ്, ഞങ്ങളല്ല; ഇന്ത്യന്‍ പിച്ചിനെ പഴിക്കുന്നവരുടെ വായടപ്പിച്ച് ദ്രാവിഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!