'കരിയര്‍ തീര്‍ത്തുകളയുമെന്ന് ലളിത് മോദി ഭീഷണിപ്പെടുത്തി'; ഞെട്ടിക്കുന്ന ആരോപണവുമായി ഇന്ത്യന്‍ മുന്‍ താരം

By Web Team  |  First Published Jan 9, 2024, 12:51 PM IST

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കിംഗ്സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കായി പ്രവീണ്‍ കുമാര്‍ കളിച്ചിട്ടുണ്ട് 


മീററ്റ്: ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യന്‍ മുന്‍ പേസര്‍ പ്രവീണ്‍ കുമാര്‍. തന്‍റെ കരിയര്‍ അവസാനിപ്പിക്കും എന്ന് ലളിത് മോദി ഭീഷണിപ്പെടുത്തിയതായാണ് പ്രവീണിന്‍റെ വെളിപ്പെടുത്തല്‍. 2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ ആര്‍സിബിക്കായല്ല, ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിക്കാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത് എന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. 2008 മുതല്‍ 2010 വരെ ബാംഗ്ലൂര്‍ ടീമിനായാണ് പ്രവീണ്‍ ഐപിഎല്‍ കളിച്ചത്. 

'എന്‍റെ നാട്ടില്‍ നിന്ന് ഏറെ അകലെയായിരുന്നതിനാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ചേരാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. എനിക്ക് ഇംഗ്ലീഷ് അറിയില്ല. എനിക്ക് ഇഷ്ടമുള്ള ഭക്ഷണമല്ല അവിടെയുള്ളത്. അതേസമയം മീററ്റിനോട് അടുത്താണ് ഡല്‍ഹി. അതിനാല്‍ ഇടയ്‌ക്ക് എനിക്ക് വീട്ടില്‍ പോയിവരാന്‍ കഴിയും. എന്‍റെ ഐപിഎല്‍ പേപ്പറുകള്‍ ഒപ്പിട്ട് വാങ്ങാന്‍ ഒരാളുണ്ടായിരുന്നു. എന്നാല്‍ അത് ഐപിഎല്‍ കരാറാണ് എന്ന് അറിയില്ലായിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായാണ് കളിക്കാനാഗ്രഹം, ആര്‍സിബിക്കായല്ല എന്ന് അയാളോട് പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ ലളിത് മോദി എന്നെ വിളിച്ച് കരിയര്‍ അവസാനിപ്പിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തി' എന്നുമാണ് പ്രവീണ്‍ കുമാറിന്‍റെ വെളിപ്പെടുത്തല്‍. ഐപിഎല്ലിന്‍റെ സ്ഥാപകനും ആദ്യ ചെയര്‍മാനുമാണ് ലളിത് മോദി. 

Latest Videos

ഒരു കാലത്ത് തന്‍റെ സ്വിങ് കൊണ്ട് എതിരാളികളെ വട്ടംകറക്കിയിരുന്ന പ്രവീണ്‍ കുമാര്‍ 2007-2012 കാലഘട്ടത്തില്‍ ടീം ഇന്ത്യക്കായി ആറ് ടെസ്റ്റിലും 68 ഏകദിനത്തിലും 10 ട്വന്‍റി 20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ്  ബാംഗ്ലൂര്‍, കിംഗ്സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കായി പ്രവീണ്‍ കുമാര്‍ കളിച്ചു. ഐപിഎല്ലില്‍ 119 മത്സരങ്ങളില്‍ 7.73 ഇക്കോണമിയില്‍ 90 വിക്കറ്റ് നേടി. മൈതാനത്തിന് പുറത്ത് വിവാദ നായകനായ പ്രവീണ്‍ കുമാര്‍ 2017ല്‍ അവസാനമായി ഐപിഎല്‍ മത്സരം കളിച്ചു. ഇടക്കാലത്ത് ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ പ്രവീണ്‍ കുമാറിന് പിന്നീട് ദേശീയ ടീമില്‍ തിരിച്ചെത്താനായില്ല. അച്ചടക്കമില്ലായ്‌മയാണ് കരിയറില്‍ താരത്തിന് വിനയായത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  

Read more: ഇന്ത്യൻ ടീമിലെ എല്ലാവരും മദ്യപിക്കും, എന്നിട്ട് എന്നെ മാത്രം അവർ കുടിയനാക്കി; വെളിപ്പെടുത്തി ധോണിയുടെ സഹതാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!