സംപൂജ്യരായി ഓപ്പണര്‍മാര്‍! രഞ്ജിയില്‍ കേരളം തുടങ്ങിയത് തകര്‍ച്ചയോടെ; രോഹന്‍-സച്ചിന്‍ സഖ്യം നയിക്കുന്നു

By Web TeamFirst Published Feb 2, 2024, 12:25 PM IST
Highlights

തകര്‍ച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരെ കേരളത്തിന് നഷ്ടമായി. സക്‌സേനയെ ഓപ്പണറായി പരീക്ഷിച്ചെങ്കിലും കാര്യമൊന്നും ഉണ്ടായില്ല.

റായ്പൂര്‍: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിനെതിരായ മത്സരത്തില്‍ കേരളത്തിന് ഭേദപ്പെട്ട തുടക്കം. റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 88 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍ (0), ജലജ് സക്‌സേന (0) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രോഹന്‍ പ്രേം (38), സച്ചിന്‍ ബേബി (45) എന്നിവരാണ് ക്രീസില്‍. രവി കിരണ്‍, അഭിഷേക് ചൗഹാന്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.

തകര്‍ച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരെ കേരളത്തിന് നഷ്ടമായി. സക്‌സേനയെ ഓപ്പണറായി പരീക്ഷിച്ചെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. ഇരുവരും റണ്‍സൊന്നുമെടുക്കാതെ പുറത്ത്. പിന്നീട് പരിചയ സമ്പന്നരായ സച്ചിന്‍ - രോഹന്‍ സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ഇതുവരെ ആറ് ബൗണ്ടറികള്‍ വീതം നേടിയിട്ടുണ്ട്. നേരത്തെ, മൂന്ന് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്.

Latest Videos

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീമില്‍ തിരിച്ചെത്തി. സഞ്ജു തിരിച്ചെത്തിയപ്പോള്‍ അക്ഷയ് ചന്ദ്രന്‍ പുറത്തായി. വിഷ്ണു രാജിന് പകരം മുഹമ്മദ് അസറുദ്ദീന്‍ വിക്കറ്റ് കീപ്പറാവും. ആനന്ദ് കൃഷ്ണനും സ്ഥാനം നഷ്ടമായി. സീനിയര്‍ താരം രോഹന്‍ പ്രേം തിരിച്ചെത്തി. ഗ്രൂപ്പ് ബിയില്‍ കേരളം ബിഹാറിനും താഴെ ഏഴാം സ്ഥാനത്താണ്. അസം മാത്രമാണ് കേരളത്തിന് പിന്നില്‍. നാല് മത്സരങ്ങളില്‍ മൂന്ന് സമനിലയാണ് കേരളത്തിന്. ഒരു തോല്‍വിയും. നാല് പോയിന്റ് മാത്രമാണ് ടീമിനുള്ളത്. ഇതുള്‍പ്പെടെ മൂന്ന് മത്സരങ്ങാണ് ഇനി കേരളത്തിന് അവശേഷിക്കുന്നത്. 

കേരളം: രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, ശ്രേയസ് ഗോപാല്‍, നിതീഷ് എം ഡി, ബേസില്‍ തമ്പി, അഖിന്‍ സത്താര്‍.

അവസാനം ബിഹാറിനെ കളിച്ച മത്സരം സമനിലയില്‍ ആയിരുന്നു. 150 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തിരിക്കെ സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. 109 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിന്‍ ബേബിയാണ് കേരളത്തെ തകരാതെ കാത്തത്. ബിഹാറിന് വേണ്ടി അഷുതോഷ് അമന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 227നെതിരെ ബിഹാര്‍ 377 റണ്‍സ് നേടിയിരുന്നു.  മത്സരം സമനിലയില്‍ ആയതോടെ ഗ്രൂപ്പ് ബിയില്‍ കേരളം ബിഹാറിനും താഴെ ഏഴാം സ്ഥാനത്തേക്ക് വീണു. അസം മാത്രമാണ് കേരളത്തിന് പിന്നില്‍.

രോഹിത്തും ഗില്ലും വീണ്ടും നിരാശ! ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

click me!