രഞ്ജി കര്‍ണാടകയ്‌ക്കെതിരെ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം! സഞ്ജുവിന്റെ വരവിന് കാത്തിരുന്ന് ആരാധകര്‍

By Web TeamFirst Published Oct 19, 2024, 11:30 AM IST
Highlights

വിക്കറ്റ് നഷ്ടമില്ലാതെ 88 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ആരംഭിക്കുന്നത്. വ്യക്തിഗത സ്‌കോറിനോട് ആറ് റണ്‍സ് കൂടി ചേര്‍ത്ത് രോഹന്‍ ആദ്യം മടങ്ങി.

ആളൂര്‍: രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം. ആളൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട്. വത്സല്‍ ഗോവിന്ദ് (31), രോഹന്‍ കുന്നുമ്മല്‍ (63) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ബാബ അപരാജിത് (18), സച്ചിന്‍ ബേബി (13) എന്നിവരാണ് ക്രീസില്‍. ഒന്നാംദിനം മഴയെ തുടര്‍ന്ന് മത്സരം ഏറെ വൈകിയാണ് ആരംഭിച്ചിരുന്നത്. 

വിക്കറ്റ് നഷ്ടമില്ലാതെ 88 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ആരംഭിക്കുന്നത്. വ്യക്തിഗത സ്‌കോറിനോട് ആറ് റണ്‍സ് കൂടി ചേര്‍ത്ത് രോഹന്‍ ആദ്യം മടങ്ങി. 88 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും പത്ത് ഫോറും നേടിയിരുന്നു. പിന്നാലെ വത്സലും കൂടാരം കയറി. തുടര്‍ന്നാണ്  സച്ചിന്‍ - അപരാജിത് സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നത്. അഞ്ചാമനായി സഞ്ജു കളിക്കും. മഴയെ തുടര്‍ന്ന് വൈകി തുടങ്ങിയ മത്സരത്തില്‍ 23 ഓവര്‍ മാത്രമാണ് ആദ്യ ദിവസം എറിയാനായത്. 

Latest Videos

കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം കര്‍ണാടയ്ക്കെതിരെ കളിക്കാന്‍ ഇറങ്ങിയത്. സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ എം ഡി നിധീഷ്, കെ എം ആസിഫ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍ എന്നിവര്‍ക്ക് പകരമാണ് ഇവരെ  ഉള്‍പ്പെടുത്തിയത്.

സര്‍ഫറാസിന് കന്നി ടെസ്റ്റ് സെഞ്ചുറി! ബെംഗളൂരുവില്‍ ഇന്ത്യയുടെ തിരിച്ചുവരവ്; കിവീസ് പരുങ്ങുന്നു

ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം കര്‍ണാടകയ്ക്കെതിരെ ഇറങ്ങിയത്. ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചു വന്നായിരുന്നു പഞ്ചാബിനെതിരെ കേരളം എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.

കര്‍ണാടകക്കെതിരായ മത്സരത്തിനുള്ള കേരളത്തിന്റെ പ്ലേയിംഗ് ഇലവന്‍: വത്സല്‍ ഗോവിന്ദ്, രോഹന്‍ എസ് കുന്നുമ്മല്‍, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ബാബാ അപരാജിത്, ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍, ആദിത്യ സര്‍വാതെ, ബേസില്‍ തമ്പി, കെ എം ആസിഫ്, എം ഡി നിധീഷ്.

click me!