എട്ടില്‍ എട്ടും വീഴ്ത്തി അന്‍ഷൂല്‍! ഹരിയാനക്കെതിരെ കേരളം മികച്ച ഭേദപ്പെട്ട സ്‌കോറിലേക്ക്, ഷോണ്‍ ക്രീസില്‍

By Web Team  |  First Published Nov 14, 2024, 5:59 PM IST

ഇന്ന് വെളിച്ചക്കുറവിനെ തുടര്‍ന്ന് ആദ്യ സെഷനിലെ കളി നഷ്ടമായിരുന്നു. അക്ഷയ് ചന്ദ്രന്റെ വിക്കറ്റാണ് കേരളത്തിന് രണ്ടാം ദിനം ആദ്യം നഷ്ടമായത്.


ലാഹ്‌ലി: രഞ്ജി ട്രോഫിയില്‍ ഹരിയാനയ്‌ക്കെതിരായ മത്സരത്തില്‍ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട സ്‌കോറിലേക്ക്. ലാഹ്‌ലി, ബന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തിട്ടുണ്ട് കേരളം. ഷോണ്‍ റോജര്‍ (37), ബേസില്‍ തമ്പി (4) എന്നിവരാണ് ക്രീസില്‍. അക്ഷയ് ചന്ദ്രന്‍ (59), രോഹന്‍ കുന്നുമ്മല്‍ (55), മുഹമ്മദ് അസറുദ്ദീന്‍ (53), സച്ചിന്‍ ബേബി (52) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കേരളത്തെ പിടിച്ചുനിര്‍ത്തിയത്. കേരളത്തിന്റെ എട്ട് വിക്കറ്റുകളും വീഴ്ത്തിയത് അന്‍ഷൂല്‍ കാംബോജാണ്. 

ഇന്ന് വെളിച്ചക്കുറവിനെ തുടര്‍ന്ന് ആദ്യ സെഷനിലെ കളി നഷ്ടമായിരുന്നു. അക്ഷയ് ചന്ദ്രന്റെ വിക്കറ്റാണ് കേരളത്തിന് രണ്ടാം ദിനം ആദ്യം നഷ്ടമായത്. ഇന്നലത്തെ സ്‌കോറിനോട് എട്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത അക്ഷയ്, അന്‍ഷൂലിന്റെ പന്തില്‍ ബൗള്‍ഡായി. ടീം സ്‌കോര്‍ 150 കടന്നതിന് പിന്നാലെ നാല് റണ്‍സെടുത്ത ജലജ് സക്‌സേനയെ അന്‍ഷൂല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി കേരളത്തിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. പിന്നാലെ സല്‍മാന്‍ നിസാറിനെ(0) പൂജ്യനായി മടക്കിയ അന്‍ഷൂല്‍ കാംബോജ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. 

Latest Videos

തുടര്‍ന്ന് 64 റണ്‍സ് കൂട്ടുകെട്ടിലൂടെ അസറുദ്ദീന്‍ - സച്ചിന്‍ ബേബി സഖ്യം കേരളത്തെ കരകയറ്റി. ചായക്ക് തൊട്ടു മുമ്പ് അസറുദ്ദീനെയും സച്ചിന്‍ ബേബിയെയും വീഴ്ത്തിയ അന്‍ഷൂല്‍ വിക്കറ്റ് നേട്ടം ഏഴാക്കി. നിതീഷ് എംഡി (10) ആയിരുന്നു അന്‍ഷൂലിന്റെ എട്ടാമത്തെ ഇര. രോഹന്‍ കുന്നുമ്മലിന്റെയും ബാബാ അപരാജിതിന്റെയും (0) വിക്കറ്റുകള്‍ കേരളത്തിന് ആദ്യ ദിനം നഷ്ടമായിരുന്നു.

ഏഷ്യാ കപ്പ് അണ്ടര്‍ 19: ഇന്ത്യന്‍ ടീമില്‍ മലയാളി താരം മുഹമ്മദ് ഇനാനും; സമിത് ദ്രാവിഡിന് ഇടം നേടാനായില്ല

ഗ്രൂപ്പ് സിയില്‍ ഹരിയാന ഒന്നാമതും കേരളം രണ്ടാം സ്ഥാനത്തുമാണ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹരിയാനയ്ക്ക് 19 പോയിന്റാണുള്ളത്. ഇത്രയും മത്സരങ്ങളില്‍ 15 പോയിന്റുമായിട്ടാണ് കേരളം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ട് ജയവും രണ്ട് സമനിലകളുമാണ് ഇരു ടീമുകളുടേയും അക്കൗണ്ടില്‍. ഈ മത്സരം ജയിക്കാനായാല്‍ പിന്നീട് കേരളത്തിന് നേരിടാനുള്ളത് മധ്യ പ്രേദേശിനേയും ബിഹാറിനേയുമാണ്. കേരളത്തിന്റെ പ്ലേയിംഗ് ഇലവന്‍ അറിയാം. 

കേരളം: രോഹന്‍ കുന്നുമ്മല്‍, ബാബാ അപരാജിത്, അക്ഷയ് ചന്ദ്രന്‍, ഷോണ്‍ റോജര്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, ജലജ് സക്സേന, മുഹമ്മദ് അസറുദ്ദീന്‍, നിതീഷ് എഡി, ബേസില്‍ തമ്പി, ബേസില്‍ എന്‍പി.

click me!