അവര്‍ ക്രിക്കറ്റിനെ ഒരു തമാശയാക്കി എന്ന് മാത്രമെ ഇത്തരം ആരോപണങ്ങളെക്കുറിച്ച് പറയാനുള്ളു. കാരണം, ഒരാളുടെ വിജയം മറ്റൊരാള്‍ ആഘോഷിക്കാന്‍ തയാറായല്ല.
ലഖ്നൗ: ഏകദിന ലോകകപ്പിനിടെ മുന്‍ പാക് താരം ഹസന്‍ റാസ ഇന്ത്യന്‍ ടീമിനെതിരെയും ബൗളര്‍മാര്‍ക്കെതിരെയും നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് അനുകൂലമായി ഡിആര്‍എസില്‍ തിരിമറി നടന്നുവെന്നും ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടുതല്‍ വിക്കറ്റെടുക്കുന്നത് ഐസിസിയും ബിസിസിഐയും പ്രത്യേക പന്തു കൊടുക്കുതുകൊണ്ടാണെന്നുമുള്ള വിചിത്രമായ ആരോപണങ്ങളാണ് ഹസന്‍ റാസ ലോകകപ്പിനിടെ ഉന്നയിച്ചത്. എന്നാല്‍ അസൂയ മൂത്താല്‍ എന്താണ് ചെയ്യാന്‍ ചെയ്യുകയെന്നും ഇത്രയും അസൂയവെച്ച് കളിച്ചാല്‍ എങ്ങനെയാണ് അവര്‍ക്ക് മികച്ച പ്രകടനം നടത്താനാവുകയെന്നും ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ ഒന്നാമനായ ഷമി ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.
അവര്‍ ക്രിക്കറ്റിനെ ഒരു തമാശയാക്കി എന്ന് മാത്രമെ ഇത്തരം ആരോപണങ്ങളെക്കുറിച്ച് പറയാനുള്ളു. കാരണം, ഒരാളുടെ വിജയം മറ്റൊരാള്‍ ആഘോഷിക്കാന്‍ തയാറായല്ല. അഭിനന്ദനം കിട്ടുമ്പോള്‍ നമുക്ക് സന്തോഷമായിരിക്കും. എന്നാല്‍ തോല്‍ക്കുമ്പോള്‍ വഞ്ചിക്കപ്പെട്ടു എന്ന വികാരമായിരിക്കും ആദ്യം വരിക. ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം നോക്കു, നിങ്ങള്‍ അതിന് അടുത്തൊന്നുമില്ല. അസൂയമൂലമാണ് ഇത്തരം ആരോപണങ്ങളൊക്കെ ഉന്നയിക്കുന്നത്. ഇത്രയും അസൂയവെച്ച് കളിച്ചാല്‍ പിന്നെ എങ്ങനെയാണ് ജയിക്കുകയെന്നും ഷമി ചോദിച്ചു.
undefined
ലോകകപ്പിനിടെ ഹസന്‍ റാസയുടെ ആരോപണങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഷമി മറുപടി നല്‍കിയിരുന്നു. കുറച്ച് പോലും നാണമോ ഉളുപ്പോ ഇല്ലേയെന്നായിരുന്നു അന്ന് ഷമി, ഹസനോട് ചോദിച്ചത്. താങ്കള്‍ക്ക് ആരേയും ശ്രദ്ധിക്കാനുള്ള ക്ഷമയില്ലെങ്കില്‍, ഇതിഹാസ ബൗളര്‍ വസിം അക്രം പറയുന്നതെങ്കിലും കേള്‍ക്കൂവെന്നും ഷമി മറുപടി നല്‍കിയിരുന്നു. നേരത്തെ ലോകകപ്പ് സമയത്ത് തന്നെ ഹസന്‍ റാസയുടെ ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍ മുന്‍ താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. മറ്റുള്ളവരുടെ മുന്നില്‍ തങ്ങളെ കൂടി അപഹാസ്യരാക്കരുതെന്നാണ് ഹസന്‍ റാസയുടെ ആരോപണങ്ങളെന്ന് അക്രം പറഞ്ഞിരുന്നു.
ഇന്ത്യയെ സഹായിക്കാനായി ഐസിസിയും ബിസിസിഐയും ചേര്‍ന്ന് ബ്രോഡ്കാസ്റ്റര്‍മാരുടെ സഹായത്തോടെ ഡിആര്‍എസില്‍ തിരിമറി നടത്തുന്നുണ്ടെന്നായിരുന്നു ടെലിവിഷന്‍ ചര്‍ച്ചയില്‍ ഹസന്‍ ആരോപിച്ചത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ജഡേജയുടെ പന്തില്‍ വാന്‍ഡര്‍ ദസ്സന്‍ ലെഗ് സ്റ്റംപില്‍ കൊള്ളേണ്ട പന്തിലാണ് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതെങ്കിലും ഡി ആര്‍ എസില്‍ കാണിച്ചത് മിഡില്‍ സ്റ്റംപിലാണെന്നാണ്.
ലെഗ് സ്റ്റംപില്‍ കൊള്ളേണ്ട പന്ത് ഡിആര്‍എസില്‍ വരുമ്പോള്‍ എങ്ങനെയാണ് മിഡില്‍ സ്റ്റംപിലാവുന്നത്. ലൈനില്‍ ആണ് പിച്ച് ചെയ്തതെങ്കിലും ലെഗ് സ്റ്റംപിലേക്കായിരുന്നു പന്ത് പോയത്. എല്ലാവര്‍ക്കും തോന്നിയ അഭിപ്രായമാണ് ഞാന്‍ പറയുന്നത്. ഇത്തരം കാര്യങ്ങളൊക്കെ പരിശോധിക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഡി ആര്‍ എസില്‍ തിരിമറി നടന്നിട്ടുണ്ടെന്നത് വ്യക്തമാണെന്നും ഹസന്‍ റാസ പറഞ്ഞിരുന്നു. പാകിസ്ഥാന്‍ - ദക്ഷിണാഫ്രിക്ക മത്സരത്തിലും ഡിആര്‍എസില്‍ ബിസിസിഐ തിരിമറി നടത്തിയെന്നും ഹസന്‍ റാസ ആരോപിച്ചിരുന്നു.