ഐപിഎല്ലിൽ ധോണി നേടുന്ന 18-ാമത്തെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡാണിത്.
ലക്നൗ: ഐപിഎല്ലിൽ 2206 ദിവസങ്ങൾക്ക് ശേഷം വീണ്ടും കളിയിലെ താരമായി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി. ലക്നൗ സൂപ്പർ ജയന്റ്സിനെ പരാജയപ്പെടുത്തി ചെന്നൈ വിജയവഴിയിൽ തിരിച്ചെത്തിയപ്പോൾ 43കാരനായ ധോണിയുടെ പ്രകടനം ഏറെ നിർണായകമായിരുന്നു. ലക്നൗവിൽ നടന്ന മത്സരത്തിൽ 11 പന്തിൽ നിന്ന് 26 റൺസ് നേടിയ ധോണി ചെന്നൈയെ 5 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.
കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിൽ താൻ അത്ഭുതപ്പെട്ടെന്ന് ധോണി മത്സര ശേഷം പറഞ്ഞു. 2019 മാർച്ച് 31 ന് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 75 റൺസ് നേടിയപ്പോഴാണ് ധോണി അവസാനമായി പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയത്. ഐപിഎല്ലിൽ ധോണിയുടെ 18-ാമത്തെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡാണിത്. 4 ഓവറുകളിൽ വെറും 13 റൺസ് മാത്രം വഴങ്ങിയ നൂർ അഹമ്മദും ന്യൂ ബോൾ ബൗളർമാരും മികച്ച പ്രകടനം കാഴ്ചവച്ചതായി ധോണി പറഞ്ഞു. ലക്നൗവിനെതിരായ വിജയം ചെന്നൈയ്ക്ക് മുന്നോട്ടുള്ള യാത്രയിൽ ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മത്സരങ്ങളിൽ പവർപ്ലേയിൽ ബാറ്റിംഗിലും ബൌളിംഗിലും ടീം ബുദ്ധിമുട്ടിയിരുന്നുവെന്ന് ധോണി സമ്മതിച്ചു. ഇതുവരെയുള്ള ബൗളിംഗ് പ്രകടനം ബാറ്റ്‌സ്മാന്മാരേക്കാൾ മികച്ചതാണെന്നും കുറച്ച് മാറ്റങ്ങൾ ആവശ്യമാണെന്നും ധോണി കൂട്ടിച്ചേർത്തു. ഏപ്രിൽ 20 ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസാണ് ചെന്നൈയുടെ എതിരാളികൾ.
READ MORE: ധോണി ഷോയില്‍ ലക്‌നൗ വീണു! ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം