രഹാനെ വീണ്ടും ബാറ്റിംഗ് പരാജയമായതിന് പിന്നാലെയാണ് സിഎസ്‌കെ ടീമിലെ താരത്തിന്‍റെ സ്ഥാനം ചോദ്യചിഹ്നമായത്
അഹമ്മദാബാദ്: പരിചയസമ്പന്നനെങ്കിലും ഫോമിലല്ലാത്ത ബാറ്റര്‍ അജിങ്ക്യ രഹാനെയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണറായി കളിപ്പിക്കുന്നത് ചോദ്യം ചെയ്‌ത് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി ഓപ്പണറുടെ റോളില്‍ ഇറങ്ങിയിട്ടും രഹാനെ ബാറ്റിംഗ് പരാജയമായതിന് പിന്നാലെയാണ് സിഎസ്‌കെ ടീമിലെ താരത്തിന്‍റെ സ്ഥാനം ചോദ്യചിഹ്നമായത്.
'ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ റിച്ചാര്‍ഡ് ഗ്ലീസണെ കളിപ്പിച്ചില്ല. റിച്ചാര്‍ഡിന് പകരം രചിന്‍ രവീന്ദ്രയാണ് ഇറങ്ങിയത്. ഇതോടെ ബാറ്റിംഗ് കരുത്ത് പേപ്പറില്‍ കൂടിയെന്നത് ശരിയാണ്. രചിന്‍ രവീന്ദ്രയെ ഓപ്പണറായി അയച്ചപ്പോള്‍ കൂട്ടിന് അജിങ്ക്യ രഹാനെയും ഇറങ്ങി. അടുത്ത ഓവറിലെ ആദ്യ പന്തില്‍ രഹാനെ പുറത്തായി. രണ്ട് വിക്കറ്റുകള്‍ വേഗം വീണു. റണ്ണൊന്നും നേടാതെ റുതുരാജ് ഗെയ്‌ക്‌വാദും പുറത്തായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 10-3 എന്ന നിലയിലായപ്പോഴെ മത്സരത്തിന്‍റെ ഗതി തീരുമാനമായി. രഹാനെയുടെ റോളിനെ കുറിച്ച് ടീമിന് യാതൊരു ഐഡിയയും ഇല്ലായെന്ന് തോന്നുന്നു. എന്തിനാണ് രഹാനെയെ ഇത്രകാലം പിന്തുണയ്ക്കുന്നത്. പകരം സമീര്‍ റിസ്‌വിയെ കളിപ്പിക്കേണ്ടതേ ഉണ്ടായിരുന്നുള്ളൂ' എന്നുമാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍.
undefined
ഈ ഐപിഎല്‍ സീസണിലെ 12 കളികളില്‍ 209 റണ്‍സ് മാത്രമാണ് അജിങ്ക്യ രഹാനെ ഇതുവരെ നേടിയത്. 45 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍ എങ്കില്‍ 19 ശരാശരിയും 120.11 സ്ട്രൈക്ക് റേറ്റും മാത്രമേ താരത്തിനുള്ളൂ. 20 ഫോറുകളും ആറ് സിക്‌സുകളും മാത്രമാണ് സമ്പാദ്യം. ഐപിഎല്‍ കരിയറിലാകെ 184 മത്സരങ്ങളില്‍ 30.12 ശരാശരിയിലും 123.27 പ്രഹരശേഷിയിലും 4609 റണ്‍സുണ്ടായിട്ടാണ് അജിങ്ക്യ രഹാനെ ഐപിഎല്‍ 2024 സീസണില്‍ റണ്‍ കണ്ടെത്താന്‍ പാടുപെടുന്നത്. കരിയറിലാകെ രണ്ട് ഐപിഎല്‍ സെഞ്ചുറികളും 30 അര്‍ധസെഞ്ചുറികളും രഹാനെയ്‌ക്കുണ്ട്. സിഎസ്‌കെയുടെ കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് അഞ്ച് പന്തുകള്‍ നേരിട്ട അജിങ്ക്യ രഹാനെ വെറും 1 റണ്‍ എടുത്ത് പുറത്തായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം