തൊട്ടതെല്ലാം പിഴച്ച് എട്ട് നിലയിൽ പൊട്ടി അവശരാണ് മുംബൈ ഇന്ത്യൻസ്. ജൈത്രയാത്ര തുടരുകയാണ് രാജസ്ഥാൻ റോയൽസിന്‍റെ ലക്ഷ്യം.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ സഞ്ജു സാംസണിന്റെ (Sanju Samson) രാജസ്ഥാൻ റോയൽസും രോഹിത് ശർമ്മയുടെ (Rohit Sharma) മുംബൈ ഇന്ത്യൻസും (Rajasthan Royals vs Mumbai Indians) ഏറ്റുമുട്ടും. മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ (Dr DY Patil Sports Academy) വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
തൊട്ടതെല്ലാം പിഴച്ച് എട്ട് നിലയിൽ പൊട്ടി അവശരാണ് മുംബൈ ഇന്ത്യൻസ്. ജൈത്രയാത്ര തുടരുകയാണ് രാജസ്ഥാൻ റോയൽസിന്‍റെ ലക്ഷ്യം. ബാറ്റിംഗിലും ബൗളിംഗിലും രോഹിത്തിന്റെ മുംബൈയെക്കാൾ ബഹുദൂരം മുന്നിലാണ് സഞ്ജുവിന്റെ രാജസ്ഥാന്‍. ഉഗ്രൻ ഫോമിലുള്ള ജോസ് ബട്‍ലറും ദേവ്ദത്ത് പടിക്കലും നൽകുന്ന മികച്ച തുടക്കം നിർണായകം. സഞ്ജുവിന്റെയും ഷിമ്രോന്‍ ഹെറ്റ്മെയറുടേയും കൂറ്റൻ ഷോട്ടുകൾക്കൊപ്പം റിയാൻ പരാഗ് കൂടി ഫോമിലേക്ക് എത്തിയതോടെ സ്കോർബോർഡിൽ രാജസ്ഥാന് ആശങ്കയില്ല. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് സെൻ എന്നിവരുൾപ്പെട്ട പേസ് ബാറ്ററിയും ആർ അശ്വിൻ-യുസ്‍വേന്ദ്ര ചഹൽ സ്പിൻ ജോഡിയും മുംബൈയുടെ വെല്ലുവിളി ഉയർത്തും.
undefined
ക്യാപ്റ്റൻ രോഹിത്തിന്റെ മോശം ഫോമിൽ തുടങ്ങുന്നു മുംബൈയുടെ പ്രതിസന്ധി. ഇഷാൻ കിഷനും സൂര്യകുമാർ യാദവിനും കെയ്റോൺ പൊള്ളാർഡിനും പ്രതീക്ഷയ്ക്കൊത്ത് കളിക്കാനാവുന്നില്ല. എന്നും വിശ്വസ്തനായ ജസ്പ്രീത് ബുമ്രയും മങ്ങിയതോടെ മുംബൈയുടെ ബൗളിംഗ് തീർത്തും ദുർബലമായി. ആദ്യം ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ 23 റൺസിന് മുംബൈയെ തോൽപിച്ചിരുന്നു. റോയൽസിന്റെ 193 റൺസ് പിന്തുടർന്ന മുംബൈയ്ക്ക് നേടാനായത് 170 റൺസ്.
ഐപിഎല്ലിൽ ഇന്നലത്തെ മത്സരത്തോടെ പഞ്ചാബ് കിംഗ്സിനെ 20 റണ്‍സിന് കീഴടക്കി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനാവാതെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. ജയത്തോടെ ഒമ്പത് കളികളില്‍ 12 പോയന്‍റുമായാണ് ലഖ്നൗ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മൂന്നാം സ്ഥാനത്തെത്തിയത്. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയന്‍റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്ത് തുടരുന്നു.