IPL 2022: എട്ടുനിലയില്‍ പൊട്ടി വീണ്ടും മുംബൈ; ജയത്തോടെ ലഖ്നൗ ആദ്യ നാലില്‍

By Web Team  |  First Published Apr 24, 2022, 11:39 PM IST

യുവതാരം തിലക് വര്‍മ(27 പന്തില്‍ 38) മധ്യനിരയില്‍ നടത്തിയ പോരാട്ടത്തിന് മുംബൈയുടെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു. അവസാന മൂന്നോവറില്‍ 50 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്യ പൊള്ളാര്‍ഡും തിലക് വര്‍മയും ക്രീസിലുണ്ടായിട്ടും മുംബൈക്ക് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനായില്ല.


മുംബൈ: ഐപിഎല്ലിൽ(IPL 2022) മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ എട്ടാം തോല്‍വി. ലക്നൗ സൂപ്പർ ജയന്‍റ്സിനോട് 36 റണ്‍സിനാണ് മുംബൈ(Lucknow Super Giants vs Mumbai Indians) അടിയറവ് പറഞ്ഞത്. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 38 റണ്‍സെടുത്ത യുവതാരം തിലക് വര്‍മയും മാത്രമെ മുംബൈക്കായി പൊരുതിയുള്ളു. ലഖ്നൗവിനായി ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റുമായി തിളങ്ങി. സ്കോര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 168-6, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 132-8.

തുടക്കം മിന്നി, ഒടുക്കം പിഴച്ചു

Latest Videos

undefined

ലഖ്നൗ ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് കരുതലോടെയാണ് മുംബൈ തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇഷാന്‍ കിഷനും രോഹിത് ശര്‍മയും ചേര്‍ന്ന് 49 റണ്‍സടിച്ചു. താളം കണ്ടെത്താന്‍ പാടുപെട്ട കിഷന്‍ 20 പന്തില്‍ എട്ടു റണ്‍സുമായി മടങ്ങിയതിന് പിന്നാലെ മുംബൈയുടെ തകര്‍ച്ചയും തുടങ്ങി. കൗമാര താരം ഡെവാള്‍ഡ് ബ്രെവിസ്(3), സൂര്യകുമാര്‍ യാദവ്(7) എന്നിവര്‍ നിരാശപ്പെടുത്തി പുറത്തായതിന് പിന്നാലെ നിലയുറപ്പിച്ചുവെന്ന് കരുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(31 പന്തില്‍ 39) വീണതോടെ മുംബൈ റണ്‍നിരക്ക് നിലനിര്‍ത്താന്‍ പാടുപെട്ടു.

യുവതാരം തിലക് വര്‍മ(27 പന്തില്‍ 38) മധ്യനിരയില്‍ നടത്തിയ പോരാട്ടത്തിന് മുംബൈയുടെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു. അവസാന മൂന്നോവറില്‍ 50 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പൊള്ളാര്‍ഡും തിലക് വര്‍മയും ക്രീസിലുണ്ടായിട്ടും മുംബൈക്ക് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനായില്ല. പഴയ പ്രതാപത്തിന്‍റെ നിഴല്‍ മാത്രമായ പൊള്ളാര്‍ മൊഹ്സിന്‍ ഖാനെതിരെ ഒരു സിക്സ് നേടിയെങ്കിലും 20 പന്തില്‍ 19 റണ്‍സുമായി മടങ്ങി.

ക്രുനാല്‍ പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ 40 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് പൊള്ളാര്‍ഡ് ക്രുനാല്‍ പാണ്ഡ്യക്ക് മുന്നില്‍ വീണത്.  അവസാന ഓവറില്‍ പൊള്ളാര്‍ഡിന് പിന്നാലെ ജയദേവ് ഉനദ്ഘട്ടിനെയും വീഴ്ത്തിയ ക്രുനാല്‍ ഡാനിയേല്‍ സാംസിനെ റണ്ണൗട്ടാക്കുകയും ചെയ്തു. ലഖ്നൗവിനായി ക്രുനാല്‍ മൂന്നു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ(KL Rahul) സെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 62 പന്തില്‍ 103 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രാഹുലാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറര്‍. മറ്റാര്‍ക്കും ലഖ്നൗ നിരയില്‍ തിളങ്ങാാനായില്ല.

click me!