ഐപിഎൽ പതിനഞ്ചാം സീസണിനായി അവസാനവട്ട ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ്
മുംബൈ: ഐപിഎല്ലിൽ (IPL 2022) കിരീടം നിലനിർത്താൻ ചെന്നൈ സൂപ്പർ കിംഗ്‌സിന് (Chennai Super Kings) കഴിയുമെന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് (Stephen Fleming). ആരാധകരുടെ ഉറച്ച പിന്തുണയാണ് ടീമിന്‍റെ കരുത്തെന്നും ഫ്ലെമിംഗ് പറഞ്ഞു. ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണി (MS Dhoni) സ്ഥാനമൊഴിഞ്ഞ ശേഷം രവീന്ദ്ര ജഡേജ (Ravindra Jadeja) എന്ന പുതിയ നായകന്‍റെ തോളിലേറി കുതിക്കാനാണ് ഈ സീസണില്‍ സിഎസ്‌കെ (CSK) ലക്ഷ്യമിടുന്നത്.
ഐപിഎൽ പതിനഞ്ചാം സീസണിനായി അവസാനവട്ട ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ്. മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്, ബാറ്റിംഗ് കോച്ച് മൈക് ഹസി, ബൗളിംഗ് കോച്ച് ലക്ഷ്മിപതി ബാലാജി എന്നിവരുടെ മേൽനോട്ടത്തിലാണ് സൂപ്പർ കിംഗ്‌സിന്‍റെ പരിശീലനം. മെഗാ താരലേലത്തിന് ശേഷം പുതിയ ടീമാണെങ്കിലും സിഎസ്കെ അതിശക്തരെന്ന് ഫ്ലെമിംഗ് എതിരാള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഭാവികൂടി മുന്നിൽ കണ്ടാണ് താരലേലത്തിൽ പുതിയ ടീമിനെ തിരഞ്ഞെടുത്തത്. ടീമിലെ വിദേശതാരങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും ഫ്ലെമിംഗ് പറഞ്ഞു.
undefined
ചെന്നൈക്ക് പുതിയ ക്യാപ്റ്റന്‍
പുതിയ സീസണില്‍ രവീന്ദ്ര ജഡേജയാണ് സിഎസ്‌കെയെ നയിക്കുക. 2008ല്‍ ഐപിഎല്ലിലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ നായകന്‍ എം എസ് ധോണിയായിരുന്നു. ചെന്നൈയെ നാല് തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മ്മക്ക് ശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകനാണ്. ധോണിക്ക് കീഴില്‍ ചെന്നൈ 204 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇതില്‍ 121 എണ്ണത്തില്‍ ടീം ജയിച്ചു. വിജയശതമാനം 59.60. പന്ത്രണ്ട് സീസണില്‍ ചെന്നൈയെ നയിച്ച ധോണിക്ക് കീഴില്‍ 2020ല്‍ മാത്രമാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായത്.
എം എസ് ധോണിക്കും സുരേഷ് റെയ്‌നക്കും ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ നായകനാകുന്ന മൂന്നാമത്തെ മാത്രം കളിക്കാരനാണ് രവീന്ദ്ര ജഡേജ. 2010ല്‍ ധോണിയുടെ അഭാവത്തില്‍ സിഎസ്‌കെയെ റെയ്‌ന നാല് മത്സരങ്ങളില്‍ നയിച്ചിരുന്നു. 2012 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ താരമാണ് രവീന്ദ്ര ജഡേജ. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.