മൂന്ന് വിക്കറ്റിന് പിന്നാലെ പരിക്ക്; ലങ്കന്‍ പേസറുടെ ലോകകപ്പ് ഭാവി അവതാളത്തില്‍

By Jomit Jose  |  First Published Oct 19, 2022, 8:02 AM IST

ഗ്രൂപ്പ് മത്സരത്തില്‍ യുഎഇയെ 79 റണ്‍സിന് തകര്‍ത്ത് ശ്രീലങ്ക സൂപ്പര്‍-12 പ്രതീക്ഷ ഇന്നലെ നിലനിര്‍ത്തിയിരുന്നു


ഗീലോങ്: ട്വന്‍റി 20 ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ നിർണായക മത്സരത്തിൽ ലങ്കൻ പേസർ ദുഷ്‌മന്ത ചമീര കളിക്കില്ല. യുഎഇക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതാണ് ചമീരയ്ക്ക് തിരിച്ചടിയായത്. യുഎഇക്കെതിരെ ചമീര 3.5 ഓവറില്‍ 15 റൺസിന് മൂന്ന് വിക്കറ്റ് നേടിയിരുന്നു. ബൗളിംഗിനിടെ മസിലിന് പരിക്കേറ്റ ചമീര ഓവർ പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു. പരിക്ക് ഗുരുതരമാണെങ്കിൽ ലോകകപ്പും ചമീരയ്ക്ക് നഷ്ടമായേക്കും എന്നാണ് റിപ്പോര്‍ട്ട്. ഗീലോങ്ങില്‍ നാളെ ഇന്ത്യന്‍സമയം രാവിലെ 9.30നാണ് ശ്രീലങ്ക-നെതര്‍ലന്‍ഡ്‌സ് പോരാട്ടം. 

ഗ്രൂപ്പ് മത്സരത്തില്‍ യുഎഇയെ 79 റണ്‍സിന് തകര്‍ത്ത് ശ്രീലങ്ക സൂപ്പര്‍-12 പ്രതീക്ഷ ഇന്നലെ നിലനിര്‍ത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തപ്പോള്‍ 17.1 ഓവറില്‍ യുഎഇ 73 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. അവസാന വിക്കറ്റില്‍ 17 റണ്‍സ് കൂട്ടിച്ചേര്‍ത്ത ജുനൈദ് സിദ്ദിഖ്-സഹൂര്‍ ഖാന്‍ സഖ്യമാണ് യഎഇയുടെ തോല്‍വിഭാരം കുറച്ചത്. സ്കോര്‍: ശ്രീലങ്ക-152/8 (20), യുഎഇ-73 (17.1).

Latest Videos

undefined

ആദ്യ മത്സരത്തില്‍ നമീബിയയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കക്ക് സൂപ്പര്‍-12 പ്രതീക്ഷ നിലനിര്‍ത്താന്‍ യുഎഇക്കെതിരെ വിജയം അനിവാര്യമായിരുന്നു. എന്നാല്‍ ബാറ്റിംഗില്‍ ദുര്‍ബലരായ എതിരാളികളായിരുന്നിട്ടും യുഎഇയ്‌ക്കെതിരെ ലങ്കക്ക് 20 ഓവറില്‍ 152 റണ്‍സെ നേടാനായുള്ളു. ഹാട്രിക് വീരന്‍ കാര്‍ത്തിക് മെയ്യപ്പന് മുന്നില്‍ ഒരുവേള അടിയറവുപറഞ്ഞെങ്കിലും പാതും നിസങ്കയുടെ(60 പന്തില്‍ 74) കരുത്തിലാണ് ലങ്ക മോശമല്ലാത്ത സ്കോറിലെത്തിയത്. ലങ്കക്കായി ദുഷ്മന്ത ചമീര 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വാനിന്ദു ഹസരങ്ക നാലോവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് പേരെ പുറത്താക്കി. മഹീഷ് തീക്ഷണ 15 റണ്‍സിന് രണ്ട് വിക്കറ്റും നേടി. 

ടി20 ലോകകപ്പ്: ശ്രീലങ്കക്ക് വമ്പന്‍ ജയം; യുഎഇയെ തകര്‍ത്ത് സൂപ്പര്‍ 12 പ്രതീക്ഷ നിലനിര്‍ത്തി

click me!