കേപ്ടൗണ്‍ ടെസ്റ്റ്: ഇന്ത്യക്ക് തിരിച്ചടി! പരിശീലനത്തിനിടെ പരിക്കേറ്റ താരം കളിച്ചേക്കില്ല; പകരക്കാരനായില്ല

By Web TeamFirst Published Dec 30, 2023, 7:40 PM IST
Highlights

തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് നായകന്‍ ബാവുമ പിന്‍മാറിയത്. ഇതോടെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഡീന്‍ എല്‍ഗാര്‍ നയിക്കും. എല്‍ഗാറിന്റെ വിടവാങ്ങല്‍ടെസ്റ്റ് കൂടിയാണിത്.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ ഷാര്‍ദുല്‍ ഠാക്കൂര്‍ രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ല. ബാറ്റിംഗ് പരിശീലനത്തിനിടെ കോച്ച് വിക്രം റാത്തോഡ് എറിഞ്ഞ പന്ത് ചുമലില്‍ കൊള്ളുകയായിരുന്നു. ഇതേസമയം, നായകന്‍ തെംബ ബാവുമയ്‌ക്കൊപ്പം പേസര്‍ ജെറാള്‍ഡ് കോയെറ്റ്‌സിയും രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പായി. അടിവയറിലെ വേദനയെ തുടര്‍ന്നു കോയെറ്റ്‌സിക്ക് വിശ്രമം നല്‍കുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ജനുവരി മൂന്നിനാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക. 

തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് നായകന്‍ ബാവുമ പിന്‍മാറിയത്. ഇതോടെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഡീന്‍ എല്‍ഗാര്‍ നയിക്കും. എല്‍ഗാറിന്റെ വിടവാങ്ങല്‍ടെസ്റ്റ് കൂടിയാണിത്. ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സ് വിജയം നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് കേപ് ടൗണില്‍ സമനില നേടിയാലും പരമ്പര സ്വന്തമാക്കാം. ആദ്യ ടെസ്റ്റില്‍ ബാവുമ പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കുമൂലം ഗ്രൗണ്ടിലിറങ്ങാനായിരുന്നില്ല. ദക്ഷിണാഫ്രിക്കക്കായി ബാറ്റിംഗിനും ബാവുമ ഇറങ്ങിയില്ല. ഇതോടെ ആദ്യ ടെസ്റ്റിലും ക്യാപ്റ്റന്‍ സ്ഥാനത്ത് ബാവുമയുടെ പേരായിരുന്നെങ്കിലും ദക്ഷിണാഫ്രിക്കയെ നയിച്ചത് എല്‍ഗാര്‍ തന്നെയായിരുന്നു. 

Latest Videos

പരിക്ക് ഭേദമാകാത്തതിനാല്‍ ബാവുമയെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയതോടെയാണ് എല്‍ഗാറിനെ അവസാന ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കയുടെ നായകനായി തെരഞ്ഞെടുത്തത്. ആദ്യ ടെസ്റ്റില്‍ 185 റണ്‍സുമായി ദക്ഷിണാഫ്രിക്കക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചത് എല്‍ഗാറിന്റെ ബാറ്റിംഗായിരുന്നു. ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും എല്‍ഗാര്‍ തന്നെയായിരുന്നു. ബാവുമക്ക് പകരം സുബൈര്‍ ഹംസയാണ് രണ്ടാം ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇടം നേടിയത്. ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന എല്‍ഗാറിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ വര്‍ഷത്തെ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 2-1ന് തോല്‍പ്പിച്ച് പരമ്പര നേടിയത്.

'സാഹചര്യവുമായി പൊരുത്തപ്പെടാനായില്ല'! സെഞ്ചൂറിയന്‍ ടെസ്റ്റില്‍ തോല്‍ക്കാനുണ്ടായ കാരണം കണ്ടെത്തി രോഹിത്

tags
click me!