ഇനി പ്രോട്ടീസ് പരീക്ഷ, ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്‍റി 20 ഇന്ന്; സസ്‌പെന്‍സ് മുറുകുന്നു, സാധ്യതാ ഇലവന്‍

By Web TeamFirst Published Dec 10, 2023, 7:26 AM IST
Highlights

വിശ്രമം കഴിഞ്ഞ് സൂപ്പര്‍ താരങ്ങള്‍ മടങ്ങിയെത്തിയതോടെ ഇന്ത്യന്‍ ടീം അതിശക്തം, അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്ക് ആശങ്കകളുടെ കൂമ്പാരം 

ഡര്‍ബന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്‍റി 20 ഇന്ന്. വൈകിട്ട് ഏഴരയ്ക്ക് ഡര്‍ബനിലാണ് മത്സരം. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര 4-1ന് ജയിച്ചതിന്‍റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ടേല്‍ വലിയ ആശങ്കകളോടെയാണ് ദക്ഷിണാഫ്രിക്ക കളത്തിലെത്തുക.

ടീം ഇന്ത്യയുടെ ട്വന്‍റി 20 ലോകകപ്പിനുള്ള യഥാര്‍ഥ തയ്യാറെടുപ്പിന് ഇന്ന് തുടക്കമാകും. എന്നാല്‍ ടീം ഇന്ത്യക്ക് സ്വന്തം നാട്ടിൽ ഓസ്ട്രേലിയയുടെ രണ്ടാംനിരയെ വിറപ്പിച്ച പോലെയല്ല, നേരിടേണ്ടത് വമ്പനടിക്കാര്‍ക്ക് പേര് കേട്ട ദക്ഷിണാഫ്രിക്കയെയാണ്. അതും ദക്ഷിണാഫ്രിക്കയുടെ മടയിൽ നടക്കുന്ന പരമ്പരയില്‍. ഓസ്ട്രേലിയയെ തോൽപ്പിച്ച ടീമിനൊപ്പം ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ കൂടി ചേരുന്നത് നീലപ്പടയുടെ കരുത്ത് കൂട്ടും. ഓസ്ട്രേലിയൻ പരമ്പരയിൽ ടോപ് സ്കോററെങ്കിലും ഗിൽ തിരിച്ചെത്തുന്നതോടെ റുതുരാജ് ഗെയ്‌ക്‌വാദിനായിരിക്കും സ്ഥാനം നഷ്ടമാവുക. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിങ്കു സിംഗ് എന്നിവരായിരിക്കും മറ്റ് സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍.

Latest Videos

വിക്കറ്റിന് പിന്നിൽ ഇഷാൻ കിഷന് തന്നെയായിരിക്കും സാധ്യത. സ്പിൻ നിരയിൽ വൈസ് ക്യാപ്റ്റൻ കൂടിയായ രവീന്ദ്ര ജ‍ഡേജക്കൊപ്പം ട്വന്‍റി 20യിലെ ഒന്നാം റാങ്കുകാരൻ രവി ബിഷ്ണോയിയെയും പ്രതീക്ഷിക്കാം. പേസ് നിരയിൽ മുഹമ്മദ് സിറാജിനൊപ്പം മുകേഷ് കുമാറും അര്‍ഷദീപ് സിംഗും ഇടംപിടിക്കും.

ക്യാപ്റ്റൻ തെംബ ബാവുമയ്ക്ക് വിശ്രമം നൽകിയതിനാൽ ഏയ്‌ഡൻ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ക്വിന്‍റൻ ഡി കോക്ക് ഇല്ലെങ്കിലും ഡേവിഡ് മില്ലര്‍, ഹെൻട്രിച്ച് ക്ലാസൻ, റീസെ ഹെൻ‍ട്രിക്സ് എന്നീ വമ്പനടിക്കാരാൽ സമ്പന്നമാണ് പ്രോട്ടീസ് ബാറ്റിംഗ് നിര. എന്നാൽ പേസ് നിരയുടെ കാര്യത്തിൽ ആശങ്കയുണ്ട്. സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡ വിശ്രമത്തിലാണ്. ആൻറിച്ച് നോര്‍ക്കിയക്ക് പിന്നാലെ ലുങ്കി എങ്കിടിക്ക് പരിക്കേറ്റത് കനത്ത തിരിച്ചടിയിരിക്കുന്നു. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ തകര്‍പ്പൻ പ്രകടനം നടത്തിയ ജെറാൾഡ് കോര്‍ടീസിയയായിരിക്കും ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയെ നയിക്കുക. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ച് തന്നെയാണ് ഡര്‍ബനിലേതെന്നാണ് റിപ്പോര്‍ട്ട്. വെടിക്കെട്ട് ബാറ്റര്‍മാരാൽ ഇരു ടീമും സമ്പന്നമായതിനാൽ മികച്ച മത്സരം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

Read more: വനിതാ പ്രീമിയര്‍ ലീഗ് താരലേലം, മലയാളിത്തിളക്കം; എസ് സജ്‌ന മുംബൈ ഇന്ത്യന്‍സില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!