വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ മത്സരം! ഇത്തവണ വേദിയാവുക ലാഹോര്‍, സമ്മതം മൂളാതെ ബിസിസിഐ

By Web TeamFirst Published Jul 4, 2024, 9:48 AM IST
Highlights

ടി20 ലോകകപ്പിന് ശേഷം ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്ന ആദ്യ മത്സരം കൂടിയായിരിക്കുമിത്

ലാഹോര്‍: അടുത്ത വര്‍ഷം പാകിസ്ഥാന്‍ വേദിയാകുന്ന ചാംപ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം. പിസിബി തയ്യാറാക്കിയ മത്സരക്രമം അനുസരിച്ച് മാര്‍ച്ച് 1ന് ലാഹോറിലാണ് അയല്‍ക്കാരുടെ പോരാട്ടം. ബംഗ്ലാദേശും ന്യൂസിലന്‍ഡും ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനും. ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ് കളിക്കുന്നത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാണ് മത്സരങ്ങള്‍.

ടി20 ലോകകപ്പിന് ശേഷം ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്ന ആദ്യ മത്സരം കൂടിയായിരിക്കുമിത്. മാത്രമല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സീനിയര്‍ താരം വിരാട് കോലിയും കളിക്കുന്ന അവസാന ഏകദിന ടൂര്‍ണമെന്റ് കൂടിയായിരിക്കുമിതെന്നും വാര്‍ത്തകളുണ്ട്. ടി20 ലോകകപ്പിന് ശേഷം ഇരുവരും ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. വരുന്ന ഏകദിന ലോകകപ്പ് വരെ ഇരുവരും ഏകദിനത്തില്‍ തുടരാന്‍ സാധ്യതയില്ല.

ഇന്ത്യയുടേത് ഉയര്‍ന്ന നിലവാരമുള്ള ക്രിക്കറ്റ്! ടി20 ലോകകപ്പ് ജേതാക്കളെ വാനോളം വാഴ്ത്തി ഷഹീന്‍ അഫ്രീദി

15 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടായിരിക്കുക. ഏഴ് മത്സരങ്ങള്‍ ലാഹോറില്‍ കളിക്കും. അഞ്ചെണ്ണം റാവല്‍പിണ്ടിയിലും മൂന്ന് മത്സരങ്ങള്‍ക്ക് കറാച്ചിയും വേദിയാകും. ഫൈനലും ലാഹോറിലാണ് നടക്കുക. അതേസമയം, ചാംപ്യന്‍സ് ട്രോഫിക്ക് വേണ്ടി പാകിസ്ഥാനിലേക്ക് ടീമിനെ അയക്കുമോയെന്ന് ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നടന്ന ഏഷ്യാ കപ്പ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. പിന്നാലെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ശ്രീലങ്കയില്‍ നടത്തേണ്ടിവന്നു. 2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനിലേക്ക് പോയിട്ടില്ല.

ഇത്തവണയും സുരക്ഷ പരിഗണിച്ച് ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്ത് നടത്തണമെന്ന ആവശ്യം ബിസിസിഐ ഉന്നയിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ മത്സരങ്ങള്‍ എല്ലാം ലാഹോറില്‍ നടത്താമെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ വാഗാ അതിര്‍ത്തി വഴി കളി കാണാനെത്താമെന്ന് പരിഗണിച്ചാണ് മത്സരങ്ങള്‍ ലാഹോറില്‍ വച്ചത്.

click me!