ഒറ്റക്കൊമ്പന്‍റെ വീര്യത്തെ എപ്പോഴും പേടിക്കണം! വീണ്ടും മാക്സ്‍വെൽ മാജിക്ക്; ഇന്ത്യയെ തകര്‍ത്തെറിഞ്ഞ് ഓസീസ്

By Web TeamFirst Published Nov 28, 2023, 10:52 PM IST
Highlights

വമ്പൻ വിജയലക്ഷ്യത്തിലേക്ക് കടന്നാക്രമിച്ച് കൊണ്ടായിരുന്നു ഓസ്ട്രേലിയയുടെ തുടക്കം. ഏകദിന ലോകകപ്പ് ഫൈനലിന്‍റെ ബാക്കിയെന്നോണം ട്രാവിസ് ഹെഡ് ഇന്ത്യൻ ബൗളര്‍മാരെ ശിക്ഷിച്ച് കൊണ്ടിരുന്നു.

ഗുവാഹത്തി: നിർണായക മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ട്വന്‍റി 20 പരമ്പരയില്‍ ഓസ്ട്രേലിയയുടെ തിരിച്ച് വരവ്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങിയ സൂര്യകുമാറിനെയും സംഘത്തെയും അഞ്ച് വിക്കറ്റിനാണ് ഓസീസ് തോല്‍പ്പിച്ചത്. റുതുരാജ് ഗെയ്ക്വാദിന്‍റെ സെഞ്ചുറിക്ക് (123*) ഗ്ലെൻ മാക്സ്‍വെല്ലിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ (104*)യാണ് കങ്കാരുക്കള്‍ മറുപടി പറഞ്ഞത്. ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 

വമ്പൻ വിജയലക്ഷ്യത്തിലേക്ക് കടന്നാക്രമിച്ച് കൊണ്ടായിരുന്നു ഓസ്ട്രേലിയയുടെ തുടക്കം. ഏകദിന ലോകകപ്പ് ഫൈനലിന്‍റെ ബാക്കിയെന്നോണം ട്രാവിസ് ഹെഡ് (35) ഇന്ത്യൻ ബൗളര്‍മാരെ ശിക്ഷിച്ച് കൊണ്ടിരുന്നു. ആരോൺ ഹാര്‍ഡിയെ പുറത്താക്കി കൊണ്ട് അര്‍ഷ്‍ദീപ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ഹെഡഡ്ഡിനെയും ജോഷ് ഇംഗ്ലസിനെയും പുറത്താക്കി സൂര്യയും പിള്ളാരും കളം പിടിച്ചു. എന്നാല്‍, സ്റ്റോയിനിസും ഗ്ലെൻ മാക്സ്‍വെല്ലും ഒന്നിച്ചതോടെ കങ്കാരുകള്‍ ഉണര്‍ന്നു. ഒറ്റക്കൊമ്പനായി തകര്‍ത്തടിച്ച മാക്സ്‍വെല്‍ ഇന്ത്യൻ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരുന്നു.

Latest Videos

സ്റ്റോയിനിസിനെയും പിന്നാലെ വന്ന ടിം ഡേവിനെയും പുറത്താക്കി ഇന്ത്യ ആഞ്ഞടിച്ചപ്പോള്‍ ഒരറ്റത്ത് മാക്സ്‍വെല്‍ തകര്‍പ്പൻ അടികള്‍ തുടര്‍ന്നു. ഒരു ബൗണ്ടറി പോലും വഴങ്ങാതെ പ്രസിദ്ധ് കൃഷ്ണ 17-ാം ഓവ‍ര്‍ പൂര്‍ത്തിയാക്കിയതോടെ ഗാലറികള്‍ ഇരമ്പി തുടങ്ങി. പക്ഷേ, അക്സറിനെ ആക്രമിച്ച് മാത്യൂ വേഡ് ഓസീസിനെ ത്രസിപ്പിച്ചു. അവസാന ഓവറില്‍ 21 റൺസാണ് ഓസ്ട്രേലിയക്ക് വേണ്ടിയിരുന്നത്. അനായാസം മാക്സ്‍വെല്‍ ഓസീസിനെ വിജയത്തിലെത്തിച്ചു. 

ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. റുതുരാജിന് പുറമെ സൂര്യകുമാര്‍ യാദവ് (39), തിലക് വര്‍മ (31*) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. യശസ്വി ജയ്‌സ്വാള്‍ (6), ഇഷാന്‍ കിഷന്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. രണ്ടാം ഓവറിലാണ് ജയ്‌സ്വാള്‍ മടങ്ങിയത്. ബെഹ്രന്‍ഡോര്‍ഫിനെ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്ഡിന് ക്യാച്ച്.

അടുത്ത ഓവറില്‍ കിഷനും മടങ്ങി. റിച്ചാര്‍ഡ്‌സണെ ഓഫ്‌സൈഡില്‍ കളിക്കാന്‍ ശ്രമിക്കുമ്പോള്‍ മാര്‍കസ് സ്‌റ്റോയിനിസ് ക്യാച്ച് നല്‍കുകയായിരുന്നു താരം. സൂര്യയെ ആരോണ്‍ ഹാര്‍ഡി, വെയ്ഡിന്റെ കൈകളിലെത്തിച്ചു. റുതുരാജിനൊപ്പം 57 റണ്‍സ് സൂര്യ കൂട്ടിചേര്‍ത്തിരുന്നു. പിന്നാലെ തിലക് - റുതുരാജ് സഖ്യം 139 റണ്‍സ് കൂട്ടിചേര്‍ത്തു. 57 പന്തുകള്‍ മാത്രം നേരിട്ട റുതുരാജ് ഏഴ് സിക്‌സും 13 ഫോറും നേടി. നാല് ബൗണ്ടറികള്‍ അടുങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്‌സ്.

ഹാര്‍ദിക്കിന്റെ വരവിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ ഭിന്നത! ജസ്പ്രിത് ബുമ്ര ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്?

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!