ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ടീം, വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാതെ ബിസിസിഐ; ബുമ്രയുടെ കാര്യത്തില്‍ അനിശ്ചിതത്വം

By Web TeamFirst Published Sep 9, 2024, 11:47 AM IST
Highlights

ജസ്പ്രീത് ബുമ്രക്കൊപ്പം മുമ്പ് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണക്കപ്പെട്ടിരുന്ന കെ എല്‍ രാഹുലും റിഷഭ് പന്തും ടീമില്‍ തിരിച്ചെത്തിയെങ്കിലും ഇരുവരെയും വൈസ് ക്യാപ്റ്റനാക്കിയിട്ടില്ലെന്നതും ശ്രദ്ധേയം.

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാതെ ബിസിസിഐ. ഇംഗ്ലണ്ടിനെതിരെ നടന്ന തൊട്ടു മുമ്പുള്ള ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രീത് ബുമ്രയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. ബംഗ്ലാദേശിനെതിരായ പരമ്പരയിലും ബുമ്രയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.

ജസ്പ്രീത് ബുമ്രക്കൊപ്പം മുമ്പ് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണക്കപ്പെട്ടിരുന്ന കെ എല്‍ രാഹുലും റിഷഭ് പന്തും ടീമില്‍ തിരിച്ചെത്തിയെങ്കിലും ഇരുവരെയും വൈസ് ക്യാപ്റ്റനാക്കിയിട്ടില്ലെന്നതും ശ്രദ്ധേയം. ബുമ്ര ടീമിന്‍റെ നേതൃത്വത്തിലുള്ള താരമാണെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഗ്രൗണ്ടില്‍ രോഹിത്തിന്‍റെ അഭാവത്തില്‍ ആരാകും ടീമിനെ നയിക്കേണ്ടിവരികയെന്നും വ്യക്തമല്ല. വൈസ് ക്യാപ്റ്റനെ എന്തുകൊണ്ട് പ്രഖ്യാപിച്ചില്ല എന്ന കാര്യത്തിലും ബിസിസിഐ വ്യക്തതവരുത്തിയിട്ടില്ല. ബംഗ്ലാദശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ രോഹിത് ശര്‍മയും വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ ഇക്കാര്യം ഉന്നയിക്കപ്പെടുമെന്നാണ് കരുതുന്നത്.

Latest Videos

വെറുതെയാണോ റിഷഭ് പന്ത് ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയത്; ദുലീപ് ട്രോഫിയില്‍ പറക്കും ക്യാച്ചുമായി പന്ത്

ദുലീപ് ട്രോഫി ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് സെലക്ടര്‍മാര്‍ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. 2022 ഡിസംബർ 22ന്  ബംഗ്ലാദേശിനെതിരായ മിര്‍പൂര്‍ ടെസ്റ്റില്‍ കളിച്ചശേഷം ഡിസംബര്‍ 30ന് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്ത് വീണ്ടും ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമി ടെസ്റ്റ് ടീമില്‍ തരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഷമിയെ ആദ്യ ടെസ്റ്റിനുള്ള ടീമിലെടുത്തിട്ടില്ല. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിനായി കളിക്കുന്ന പേസര്‍ യാഷ് ദയാല്‍ ആണ് ടീമിലെത്തിയ പുതുമുഖം. കെ എല്‍ രാഹുലും റിഷഭ് പന്തും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ധ്രുവ് ജുറെലും സര്‍ഫറാസ് ഖാനും ടീമിലെ സ്ഥാനം നിലനിര്‍ത്തിയെന്നതും ശ്രദ്ധേയമാണ്.

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ(ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ എൽ രാഹുൽ, സർഫറാസ് ഖാൻ, റിഷഭ് പന്ത്, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, യാഷ് ദയാൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!