'ഇന്ത്യയെ നയിക്കാൻ അവന്‍ വേണം, ഞാനായിരുന്നു അവന്‍റെ സ്ഥാനത്തെങ്കിൽ'..രോഹിത് ശർമയെക്കുറിച്ച് ഗാംഗുലി

By Web Team  |  First Published Nov 17, 2024, 12:13 PM IST

രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ബിസിസിഐ ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല. 22ന് പെര്‍ത്തിലാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.


കൊല്‍ക്കത്ത: ഓസ്ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കണമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. താനായിരുന്നു രോഹിത്തിന്‍റെ സ്ഥാനത്തെങ്കില്‍ ഇപ്പോള്‍ ഓസ്ട്രേലിയയിലേക്ക് പോകുമായിരുന്നുവെന്നും ഗാംഗുലി റേവ് സ്പോര്‍ട്സിനോട് പറഞ്ഞു.

ഓസ്ട്രേലിയയില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് വേണം. രോഹിത് കഴിഞ്ഞ ദിവസം വീണ്ടും അച്ഛനായെന്ന് ഞാനറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇനി രോഹിത്തിന് ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മറ്റു തടസങ്ങളൊന്നുമില്ല. എത്രയും വേഗം അദ്ദേഹം ഓസ്ട്രേലിയയിലേക്ക് പോകുകയാണ് വേണ്ടത്. ഞാനായിരുന്നു രോഹിത്തിന്‍റെ സ്ഥാനത്തെങ്കില്‍ ആദ്യ ടെസ്റ്റില്‍ കളിക്കുമായിരുന്നു. കാരണം, ഓസ്ട്രേലിയക്കെതിരായ പരമ്പര അത്രമാത്രം പ്രധാനമാണ്. ആദ്യ ടെസ്റ്റിന് ഇനിയും ഒരാഴ്ച കൂടിയുണ്ട്. രോഹിത് മികച്ച ക്യാപ്റ്റനാണ്. ഓസ്ട്രേലിയയില്‍ ഇന്ത്യക്ക് വേണ്ടത് അത്തരമൊരു ക്യാപ്റ്റനെയാണെന്നും ഗാംഗുലി പറഞ്ഞു.

Latest Videos

undefined

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് അമ്പയര്‍ സ്റ്റീവ് ബക്നറെ ട്രോളി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

അതേസമയം, രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ബിസിസിഐ ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല. 22ന് പെര്‍ത്തിലാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. രോഹിത്തിനൊപ്പം ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയ പേസര്‍ മുഹമ്മദ് ഷമിയെയും ഓസ്ട്രേലിയയിലേക്ക് അയക്കണമെന്നും അഡ്‌ലെയ്ഡില്‍ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റില്‍ കളിപ്പിക്കണമെന്നും ഗാംഗുലി പറഞ്ഞു.

രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ കളിച്ചില്ലെങ്കില്‍ പകരം കെ എല്‍ രാഹുല്‍ ഓപ്പണറാകുമെന്നാണ് കരുതുന്നത്. പരിശീലന മത്സരത്തില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് കൊണ്ട് കൈക്കുഴയില്‍ പരിക്കേറ്റെങ്കിലും രാഹുല്‍ ഇന്ന് വീണ്ടും പരിശീലനത്തിനിറങ്ങിയത് ഇന്ത്യക്ക് ആശ്വാസമായി. എന്നാല്‍ പരിശീലന മത്സരത്തിനിടെ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയാണ്. ഇടതുകൈയിലെ തള്ളവിരലിന് പൊട്ടലുള്ള ഗില്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. രോഹിത്തും ഗില്ലും കളിച്ചില്ലെങ്കില്‍ ധ്രുവ് ജുറെലിനൊ അഭിമന്യു ഈശ്വരനോ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!