വലിയ വിജയങ്ങള്‍ക്ക് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ലെന്ന ടീമുകളുടെ പരാതിയെത്തുടര്‍ന്നാണ് ഐസിസി പോയന്‍റ് സമ്പ്രദായത്തില്‍ വലിയ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്.
ദുബായ്: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി ഐസിസി. വലിയ വിജയങ്ങള്‍ക്ക് ഇനി മുതല്‍ ബോണസ് പോയന്‍റ് സമ്പ്രദായം ഏര്‍പ്പെടുത്താനാണ് ഐസിസി ആലോചിക്കുന്നത്. നിലവിലെ പോയന്‍റ് രീതിയനുസരിച്ച് ഒരു ടെസ്റ്റില്‍ വിജയിക്കുന്ന ടീമിന് 12 പോയന്‍റ് ആണ് ലഭിക്കുക. ടൈ ആവുന്ന മത്സരങ്ങള്‍ക്ക് ആറ് പോയന്‍റും സമനില ആവുന്ന മത്സരങ്ങള്‍ക്ക് നാലു പോയന്‍റുമാണ് ടീമുകള്‍ക്ക് ലഭിക്കുക.
ഒരു റണ്‍ വിജയമായാലും ഇന്നിംഗ്സ് വിജയമായാലും ടീമുകള്‍ക്ക് 12 പോയന്‍റ് തന്നെയാണ് നിലവില്‍ ലഭിക്കുക. എന്നാല്‍ ജൂണില്‍ ആരംഭിക്കുന്ന അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുതല്‍ ഇതില്‍ മാറ്റം വരുത്താനാണ് ഐസിസി ആലോചിക്കുന്നത്. ഇന്നിംഗ്സ് വിജയം നേടുന്ന ടീമിന് ബോണസ് പോയന്‍റ് നല്‍കുന്ന സമ്പ്രദായമായിരിക്കും അടുത്ത സീസണ്‍ മുതല്‍ നടപ്പാക്കുക. അതുപോലെ ഇന്ത്യ, ഓസ്ട്രേലിയ പോലെ റാങ്കിംഗില്‍ മുന്‍നിരയിലുള്ള ടീമുകളെ തോല്‍പ്പിച്ചാല്‍ അധിക പോയന്‍റ് നല്‍കുന്ന രീതിയും ആലോചിക്കും. വിദേശ പരമ്പരകളിലെ വിജയങ്ങള്‍ക്ക് അധിക പോയന്‍റ് നല്‍കുന്ന സമ്പ്രദായവും ഐസിസിയുടെ പരിഗണനയിലാണ്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡ് ഇന്ത്യയെ തൂത്തുവാരി 3-0ന് പരമ്പര സ്വന്തമാക്കിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലെത്താന്‍ ആയിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് പോലെയുള്ള ദുര്‍ബല ടീമുകളെ തോല്‍പ്പിച്ച് മുന്‍നിര ടീമുകള്‍ ഫൈനല്‍ സ്ഥാനം ഉറപ്പാക്കാന്‍ ശ്രമിക്കുന്നത് തടയുക എന്നതും ഐസിസിയുടെ പരിഗണനയിലുള്ളതാണ്.
വലിയ വിജയങ്ങള്‍ക്ക് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ലെന്ന ടീമുകളുടെ പരാതിയെത്തുടര്‍ന്നാണ് ഐസിസി പോയന്‍റ് സമ്പ്രദായത്തില്‍ വലിയ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. ഏപ്രിലില്‍ ചേരുന്ന ഐസിസി യോഗത്തില്‍ പോയന്‍റ് സമ്പ്രദായത്തില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നടപ്പാക്കാന്‍ ആലോചിക്കുന്ന ടു ടയര്‍ സമ്പ്രദായത്തെക്കുറിച്ചും ഐസിസി ഏപ്രിലില്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ജൂണില്‍ ഇംഗ്ലണ്ടിലാണ് ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍. ഇതിനുശേഷം ജൂണില്‍ തുടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയോടെയാണ് 2025-2027 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക