ഒരു വർഷത്തിനിടെ പിതാവിന്‍റെയും സഹോദരന്‍റെയും മരണം; ആകാശ് ദീപ് പോരാളി, അതിജീവനത്തിന്‍റെ മറുപേര്

By Web Team  |  First Published Feb 23, 2024, 10:19 PM IST

രണപ്പെട്ട പിതാവിനെയും സഹോദരനെയും കുറിച്ചോര്‍ത്ത് റാഞ്ചി ടെസ്റ്റിന്‍റെ ആദ്യ ദിനത്തിന് ശേഷം ആകാശ് ദീപ് വിതുമ്പി, ഇത്രത്തോളം വെല്ലുവിളികളെ മറികടന്ന് ഇന്ത്യന്‍ ടീമിലെത്തിയ മറ്റൊരു താരം കാണില്ല.


റാഞ്ചി: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ആകാശ് ദീപ് എന്ന പേസറുടെ അരങ്ങേറ്റ മത്സരമായിരുന്നു. റാഞ്ചിയിലെ പോരാട്ടത്തിന്‍റെ ആദ്യ ദിനം ഇംഗ്ലീഷ് മുന്‍നിരയെ അരിഞ്ഞിട്ട് ആകാശ് ദീപ് അരങ്ങേറ്റം ഗംഭീരമാക്കി. ഇംഗ്ലണ്ടിനായി ജോ റൂട്ട് നേടിയ 31-ാം സെഞ്ചുറി പോലും മറികടന്ന് ‌റാഞ്ചി ടെസ്റ്റിന്‍റെ ആദ്യ ദിനത്തെ സ്റ്റാറായി ആകാശ് ദീപ് മാറി. റാഞ്ചിയില്‍ ആദ്യ ദിനം മൂന്ന് വിക്കറ്റ് പിഴുത ആകാശ് ദീപ് ജീവിതത്തിലും കരിയറിലും ഏറെ കടമ്പകള്‍ കടന്നാണ് ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡിലെത്തിയത്. പിതാവിന്‍റെയും സഹോദരന്‍റെയും മരണം തളര്‍ത്തിയ ഒരു കാലത്തെ മറികടന്നാണ് ആ ജൈത്രയാത്ര. പിതാവിനെയും സഹോദരനെയും കുറിച്ച് ഓര്‍ത്ത് റാഞ്ചി ടെസ്റ്റിന്‍റെ ആദ്യ ദിനത്തിന് ശേഷം ആകാശ് കണ്ണീര്‍ പൊഴിച്ചു. 

'ഒരു വര്‍ഷത്തിനിടെ പിതാവിനെയും സഹോദരനെയും നഷ്ടപ്പെട്ടപ്പോള്‍ എന്തെങ്കിലും ജീവിതത്തില്‍ ചെയ്യണമെന്ന് തോന്നി. അങ്ങനെ ക്രിക്കറ്റ് കളിക്കാനിറങ്ങി. കാരണം, എനിക്കൊന്നും നഷ്ടപ്പെടാനില്ലായിരുന്നു. വിജയിക്കാന്‍ മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. ഈ അരങ്ങേറ്റം ഞാനെന്‍റെ പിതാവിന് സമര്‍പ്പിക്കുകയാണ്. കാരണം, ഞാന്‍ ജീവിതത്തില്‍ എന്തെങ്കിലും ഉയര്‍ച്ചയില്‍ എത്തണം എന്നത് അദേഹത്തിന്‍റെ ആഗ്രഹമായിരുന്നു. പിതാവ് ജീവിച്ചിരുന്നപ്പോള്‍ അദേഹത്തിനായി ഒന്നും ചെയ്യാന്‍ എനിക്കായില്ല. അതിനാല്‍ ഈ അരങ്ങേറ്റ പ്രകടനം പിതാവിന് സമര്‍പ്പിക്കുന്നു. ടീം ഇന്ത്യക്കായി ടെസ്റ്റ് കളിക്കുക എന്നത് രാജ്യത്തെ എല്ലാ ക്രിക്കറ്റര്‍മാരുടെയും ആഗ്രഹമാണ്. ആ സ്വപ്നം തന്നെയാണ് എനിക്കുമുണ്ടായിരുന്നത്'. 

Latest Videos

ആദ്യ ടെസ്റ്റ് കളിക്കുന്നതിന്‍റെ സമ്മർദം ഉണ്ടായിരുന്നില്ല. കാരണം മത്സരത്തിന് മുമ്പ് പരിശീലകരുമായി വിശദമായി തന്നെ സംസാരിച്ചിരുന്നു. എല്ലാ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമം. രാജ്യാന്തര ക്രിക്കറ്റില്‍ എങ്ങനെ പന്തെറിയണം എന്ന് പറഞ്ഞുതന്നത് ബുമ്ര ഭായി ആണ്. അത് അനുസരിച്ചാണ് റാഞ്ചിയില്‍ പന്തെറിഞ്ഞത്. വിക്കറ്റായ പന്ത് നോബോള്‍ എറിഞ്ഞതില്‍ സങ്കടമുണ്ട്. സാക്ക് ക്രോലി നന്നായി ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ ആ നോബോള്‍ കാരണം ടീം തോല്‍ക്കരുത് എന്നുണ്ടായിരുന്നു. തുടക്കത്തില്‍ മുന്‍തൂക്കം കിട്ടിയെങ്കിലും പിന്നീട് പിച്ച് സാവധാനമായി' എന്നും ആകാശ് ദീപ് ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്‍റെ ആദ്യ ദിന മത്സരത്തിന് ശേഷം പറഞ്ഞു. 

ജീവിതത്തില്‍ ഏറെ കഷ്ടതകള്‍ സഹിച്ചാണ് ആകാശ് ദീപ് എന്ന വലംകൈയന്‍ പേസര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം വരെ എത്തിയത്. ആകാശിനെ സർക്കാർ ഉദ്യോഗസ്ഥനാക്കാനായിരുന്നു അച്ഛന്‍റെ ആഗ്രഹം. എന്നാല്‍ ക്രിക്കറ്റ് കളിക്കാനും അമ്മാവനൊപ്പം താമസിക്കാനുമായി ആകാശ് ദീപ് 2010ല്‍ ബിഹാറില്‍ നിന്ന് പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിലേക്ക് പോയി. അവിടെ പ്രാദേശിക ക്രിക്കറ്റ് അക്കാഡമിയില്‍ ചേര്‍ന്നെങ്കിലും ആറ് മാസത്തിനകം പിതാവിന്‍റെ മരണം സംഭവിച്ചു. സഹോദരനും മരണപ്പെട്ടു. എന്നാല്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ച് കുടുംബത്തെ പോറ്റിയ ആകാശ് ബംഗാള്‍ അണ്ടര്‍ 23 ടീമിനായി കളിച്ച് ശ്രദ്ധ നേടി. പിന്നീട് ബംഗാള്‍ സീനിയര്‍ ടീമിന്‍റെ പ്രധാന പേസറായി മാറിയ താരം ഐപിഎല്ലില്‍ ആര്‍സിബിക്കായും കളിച്ചു. ഇതിനിടെ പുറത്ത് ഏറ്റ ഗുരുതര പരിക്കും ആകാശ് ദീപ് എന്ന പേസ് പേരാളിയെ തളര്‍ത്തിയില്ല.

undefined

Read more: ഡിആര്‍എസിനിടെ പുട്ട് കച്ചവടം; ക്യാമറാമാനോട് ചൂടായി രോഹിത് ശ‍ര്‍മ്മ! കലിപ്പ്, കട്ട കലിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!