100 ടെസ്റ്റ് കളിച്ച പൂജാരക്ക് പോലും കിട്ടാത്ത ആനുകൂല്യം അവന് കിട്ടുന്നു; യുവതാരത്തിനെതിരെ തുറന്നടിച്ച് കുംബ്ലെ

By Web TeamFirst Published Jan 31, 2024, 10:45 AM IST
Highlights

കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് പൂജാര അവസാനമായി ഇന്ത്യക്കായി കളിച്ചത്. പിന്നീട് മോശം ഫോമിനെതുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ പൂജാര ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചു കൂട്ടിയെങ്കിലും സെലക്ടര്‍മാര്‍ ടീമിലേക്ക് പരിഗണിച്ചില്ല.

വിശാഖപട്ടണം: തുടര്‍ച്ചയായി മോശം പ്രകടനം നടത്തിയിട്ടും യുവതാരം ശുഭ്മാന്‍ ഗില്ലിന് ടെസ്റ്റ് ടീമില്‍ വീണ്ടും വീണ്ടും അവസരം ലഭിക്കുന്നതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യൻ നായകന്‍ അനില്‍ കുംബ്ലെ. 100 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ചേതേശ്വര്‍ പൂജാരക്ക് പോലും കിട്ടാത്ത ആനുകൂല്യമാണ് ഇന്ത്യൻ ടെസ്റ്റ് ടീമില്‍ ഗില്ലിന് കിട്ടുന്നതെന്നും കുംബ്ലെ ജിയോ സിനിമയിലെ ടോക് ഷോയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് പൂജാര അവസാനമായി ഇന്ത്യക്കായി കളിച്ചത്. പിന്നീട് മോശം ഫോമിനെതുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ പൂജാര ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചു കൂട്ടിയെങ്കിലും സെലക്ടര്‍മാര്‍ ടീമിലേക്ക് പരിഗണിച്ചില്ല. അതേസമയം പൂജാരയുള്ളപ്പോള്‍ ഓപ്പണറായി ഇറങ്ങിയിരുന്ന ഗില്‍ പൂജാര പുറത്തായതോടെ മൂന്നാം നമ്പര്‍ തെരഞ്ഞെടുത്തു. എന്നാല്‍ കഴിഞ്ഞ 11 ഇന്നിംഗ്സില്‍ ഒരിക്കല്‍ പോലും അര്‍ധസെഞ്ചുറി പോലും നേടാന്‍ ഗില്ലിനായിട്ടില്ല. 29 റണ്‍സാണ് ഗില്ലിന്‍റെ ഉയര്‍ന്ന സ്കോര്‍. എന്നിട്ടും ഗില്ലിനെ മാറ്റാന്‍ സെലക്ടര്‍മാര്‍ തയാറാവാത്തതിനെക്കുറിച്ചാണ് കുംബ്ലെയുടെ വിമര്‍ശനം.

Latest Videos

വിമാനത്തില്‍ വെച്ച് മായങ്ക് അഗര്‍വാള്‍ യഥാര്‍‍‍ത്ഥത്തിൽ കുടിച്ചതെന്ത്, വെള്ളമോ ആസിഡോ; പൊലീസ് അന്വേഷണം തുടങ്ങി

ടെസ്റ്റില്‍ ഫോമിലാവണമെങ്കില്‍ ഗില്‍ തന്‍റെ ബാറ്റിംഗ് ശൈലിയിലും ടെക്നിക്കിലും മാറ്റം വരുത്തിയെ മതിയാവൂവെന്നും കുംബ്ലെ പറഞ്ഞു. ഇന്ത്യന്‍ പിച്ചുകളില്‍ മൂന്നാം നമ്പറില്‍ തിളങ്ങണമെങ്കില്‍ നിങ്ങള്‍ പ്രതിഭാധനനായിരിക്കണം. ഗില്‍ ചെറുപ്പമാണ്. അവന് പ്രതിഭയുണ്ട്. കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും കഴിയും. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെങ്കിലും ഗിൽ ഫോമിലാവണം. കുറച്ചു കൂടി സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ ഗില്ലിന് കഴിയണം.

വിശാഖപട്ടണത്ത് രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ സ്പിന്നിനെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ സ്വന്തമായൊരു പ്ലാന്‍ ഗില്ലിനുണ്ടാവണം. രണ്ടാം ടെസ്റ്റിന് മുമ്പ് ഗില്ലിന് ഇത്തരം മാറ്റങ്ങളൊക്കെ വരുത്താനാവുമോ എന്ന് ചോദിച്ചാല്‍ മനോഭാവം മാറണമെന്നെ ഞാന്‍ പറയു. ഗില്ലിനെ വേണ്ട മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഇന്ന് കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ആളാണ് കൂടെയുള്ളത്. അത് രാഹുല്‍ ദ്രാവിഡ് ആണെന്നും കുംബ്ലെ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!