വരുന്ന ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഏകദിന ടീമില്‍ നിന്ന് വിരമിക്കാനും സാധ്യതയുണ്ട്. പിന്നീട് ടെസ്റ്റില്‍ മാത്രം കളിക്കാനായിരിക്കും ഇരുവരുടേയും പദ്ധതി.
മുംബൈ: അടുത്തിടെയാണ് വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിച്ചത്. വരുന്ന ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഏകദിന ടീമില്‍ നിന്ന് വിരമിക്കാനും സാധ്യതയുണ്ട്. പിന്നീട് ടെസ്റ്റില്‍ മാത്രം കളിക്കാനായിരിക്കും ഇരുവരുടേയും പദ്ധതി. എന്നാലിപ്പോള്‍ ഇരുവരുടേയും ഫിറ്റ്‌നെസിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്.
ഇരുവര്‍ക്കും ഇനിയും കളിക്കാനാകുമെന്നാണ് ഹര്‍ഭജന്‍ പറഞ്ഞു. ഹര്‍ഭജന്റെ വാക്കുകള്‍... ''രണ്ട് താരങ്ങള്‍ക്കും ഇനിയും ക്രിക്കറ്റില്‍ തുടരാനുളള ആരോഗ്യമുണ്ട്. രോഹിത്തിന് ഇനിയും രണ്ട് വര്‍ഷം തുടരാം. കോലിക്കാവട്ടെ അടുത്ത അഞ്ച് വര്‍ഷം തുടരാനാവും. കോലിയുടെ ഫിറ്റ്‌നെസിനെ കുറിച്ച് പലര്‍ക്കും അറിയാഞ്ഞിട്ടാണ്. അഞ്ച് വര്‍ഷം കഴിയുമ്പോഴും ടീമിലെ ഫിറ്റുളള താരം കോലി ആയിരിക്കും. കോലിക്കൊപ്പം കളിക്കുന്ന 19കാരനെ പോലും തോല്‍പ്പിക്കാന്‍ കോലിക്ക് സാധിക്കും. ഇരുവര്‍ക്കും ഇനിയുമേറെ കളിക്കാനുണ്ട്. അവര്‍ക്ക് ഫിറ്റ്‌നെസ് ഉള്ളിടത്തോളം കാലം കളിക്കട്ടെ. ടീം വിജയിക്കുന്നുണ്ടെങ്കില്‍, അവര്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ കളിക്കുന്നത് തുടരണം.'' ഹര്‍ഭജന്‍ പറഞ്ഞു.
നേരത്ത, ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ മോശം പ്രകടനം പുറത്തെടുത്ത കോലിയെ പിന്തുണച്ച് മുന്‍ താരം ദിനേശ് കാര്‍ത്തിക് രംഗത്തെത്തിയിരുന്നു. കാര്‍ത്തികിന്റെ വാക്കുകള്‍... 'ഈ പരമ്പരയില്‍ സമ്മതിക്കാം. വിരാട് കോലിയോ, രോഹിത് ശര്‍മയോ മറ്റാരെങ്കിലും ആവട്ടെ. 8-30 ഓവറുകള്‍ക്കിടയില്‍ സെമി - ന്യൂ ബോളില്‍ കളിക്കുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. കോലിയുടെ ബാറ്റിംഗിനെ കുറിച്ച ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാ പിച്ചുകളും ഇങ്ങനെ പ്രവര്‍ത്തിക്കില്ല. പക്ഷേ സ്പിന്നര്‍മാരെ കളിക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. ഞാന്‍ ഇവിടെ വിരാട് കോലിയെ സംരക്ഷിക്കുന്നില്ല. പക്ഷേ ഇവിടെ സ്പിന്‍ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.'' കാര്‍ത്തിക് പറഞ്ഞു.