അതിനുശേഷം ആരുമായും ബന്ധമില്ല, ടീമില്‍ നിന്ന് പുറത്തായതില്‍ ദു:ഖവും നിരാശയുമുണ്ട്; തുറന്നു പറഞ്ഞ് ഹനുമാ വിഹാരി

By Web TeamFirst Published Feb 6, 2024, 3:18 PM IST
Highlights

2022ല്‍ ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായശേഷം ടീം മാനേജ്മെന്‍റിലെ ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും അതിനുശേഷം ആരുമായും ബന്ധമില്ലെന്നും ഹനുമാ വിഹാരി പറഞ്ഞു.

ഹൈദരാബാദ്: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതിലെ ദു:ഖവും നിരാശയും പങ്കുവെച്ച് ഇന്ത്യൻ മധ്യനിര ബാറ്ററായിരുന്ന ഹനുമാ വിഹാരി. 16 ടെസ്റ്റുകള്‍ മാത്രം നീണ്ട കരിയറില്‍ മൂന്നാം നമ്പര്‍ മുതല്‍ ആറാ സ്ഥാനം വരെയുള്ള സ്ഥാനങ്ങളില്‍ ഹനുമാ വിഹാരി ഇന്ത്യക്കായി ബാറ്റ് ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ മധ്യനിര നിരാശപ്പെടുത്തുന്നതിനിടെയാണ് വിഹാരിയുടെ പ്രതികരണം. 2022ലാണ് വിഹാരി ഇന്ത്യക്കായി അവസാനം ടെസ്റ്റില്‍ കളിച്ചത്.

ടെസ്റ്റ് ടീമില്‍ ഇടം കിട്ടാത്തതില്‍ എനിക്ക് ദു:ഖവും നിരാശയുമുണ്ട്. കരിയറിലും ജീവിതത്തിലും എല്ലാവരും ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകും. അതുകൊണ്ട് ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിക്കുക എന്നതാണ് എന്‍റെ ഇപ്പോഴത്തെ പരിഗണന. ഈ രഞ്ജി സീസിണില്‍ ബാറ്ററെന്ന നിലയില്‍ വ്യക്തിപരമായും ടീമെന്ന നിലയിലും ഞങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായി. അതുകൊണ്ടുതന്നെ രഞ്ജിയില്‍ റണ്‍സടിച്ചുകൂട്ടി ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നും 30കാരനായ വിഹാരി ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Videos

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ വിക്കറ്റ് കീപ്പറാകാൻ സഞ്ജുവിന്‍റെ വിശ്വസ്തൻ, കെ എസ് ഭരത് പുറത്തേക്ക്

2022ല്‍ ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായശേഷം ടീം മാനേജ്മെന്‍റിലെ ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും അതിനുശേഷം ആരുമായും ബന്ധമില്ലെന്നും ഹനുമാ വിഹാരി പറഞ്ഞു. 2022ല്‍ അവസാന ടെസ്റ്റില്‍ കളിച്ചശേഷം കോച്ച് രാഹുല്‍ ദ്രാവിഡ് ഞാന്‍ ഏതൊക്കെ മേഖലകളില്‍ മെച്ചപ്പെടണമെന്ന് പറഞ്ഞു തന്നിരുന്നു. എന്നാല്‍ അതിനുശേഷം ആരുമായും ബന്ധപ്പെട്ടിട്ടില്ല. ആരും എന്നെയും ബന്ധപ്പെട്ടിട്ടില്ല.

കരിയറില്‍ ഒന്നും പ്രതീക്ഷിക്കരുതെന്ന മാനസികാവസ്ഥയിലാണ് ഞാനിപ്പോള്‍. ഓരോ തവണ ബാറ്റിംഗിന് ഇറങ്ങുമ്പോഴും എന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കാറുള്ളത്. ബാക്കിയുള്ളതെല്ലാം സംഭവിക്കുന്നതുപോലെ സംഭവിക്കുമെന്നും വിഹാരി പറഞ്ഞു. ഈ രഞ്ജി സീസണില്‍ ഏഴ് മത്സരങ്ങളില്‍ 365 റണ്‍സാണ് വിഹാരി നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!