ശ്രീശാന്തുമായുണ്ടായ തർക്കം, ഗൗതം ഗംഭീറിന് പറയാനുള്ളത് ഇത്രമാത്രം; ഞാനിവിടെ വന്നത് നല്ലൊരു കാര്യത്തിന്

By Web TeamFirst Published Dec 11, 2023, 12:54 PM IST
Highlights

ദില്ലിയില്‍ ഒരു ചാരിറ്റി പരിപാടിക്കെത്തിയ ഗംഭീറിനോട് ശ്രീശാന്തിന്‍റെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറയാതെ താരം ഒഴിഞ്ഞുമാറി.

ദില്ലി: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി പേസര്‍ ശ്രീശാന്തുമായുള്ള തര്‍ക്കത്തെക്കുറിച്ച് ഒന്നും പറയാനാഗ്രഹിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ലെജന്‍ഡ്സ് ലീഗില്‍ ഇന്ത്യ ക്യാപ്റ്റല്‍സുമായുള്ള മത്സരത്തിനിടെ നായകനായ ഗംഭീര്‍ തന്നെ ഫിക്സര്‍ എന്ന് വിളിച്ച് അപമാനിച്ചുവെന്ന് ഗുജറാത്ത് ജയന്‍റ്സ് താരമായ ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ആരോപിച്ചിരുന്നു. പിന്നാലെ ഗംഭീര്‍ പുഞ്ചിരിയാണ് ഏറ്റവും നല്ല മറുപടിയെന്ന പോസ്റ്റിട്ടാണ് ഇതിനോട് പ്രതികരിച്ചത്. പിന്നീട് ഗംഭീറിന്‍റെ പോസ്റ്റിന് താഴെയും ശ്രീശാന്ത് രൂക്ഷമായ പ്രതികരണവുമായി എത്തിയിരുന്നു.

ദില്ലിയില്‍ ഒരു ചാരിറ്റി പരിപാടിക്കെത്തിയ ഗംഭീറിനോട് ശ്രീശാന്തിന്‍റെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറയാതെ താരം ഒഴിഞ്ഞുമാറി. അതിനെക്കുറിച്ച് എനിക്കൊന്നും പറയാനില്ല. ഞാനിവിടെ വന്നിരിക്കുന്നത് നല്ലൊരു കാര്യം ചെയ്യാനാണ്. അതുകൊണ്ടുതന്നെ മറ്റ് കാര്യങ്ങളൊന്നും സംസാരിക്കാനില്ലെന്നായിരുന്നും ഗംഭീറിന്‍റെ മറുപടി.

Latest Videos

ശ്രീശാന്ത്-ഗംഭീര്‍ തര്‍ക്കത്തില്‍ ഒടുവില്‍ പ്രതികരിച്ച് ഹര്‍ഭജന്‍ സിങ്, വലിയ നഗരങ്ങളില്‍ ഇതൊക്കെ സാധാരണം

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സും ഗുജറാത്ത് ജയന്‍റ്സും തമ്മിലുള്ള മത്സരത്തിനിടെ ഇന്ത്യ ക്യാപിറ്റല്‍സ് നായകന്‍ കൂടിയായ ഗൗതം ഗംഭീര്‍ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് അപമാനിച്ചുവെന്ന് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ വെളിപ്പെടുത്തിയാണ് മലയാളി താരം ശ്രീശാന്ത് രംഗത്തെത്തിയത്.

ഗംഭീറിനെതിരെ ഒരു മോശം വാക്കും താന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് ഗംഭീര്‍ തുടര്‍ച്ചയായി അപമാനിക്കുകയായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. അമ്പയര്‍മാര്‍ ഇടപെട്ടിട്ടുപോലും ഗംഭീര്‍ ഇത്തരത്തില്‍ അപമാനിക്കുന്നത് തുടര്‍ന്നുവെന്നും ഇതാണ് യഥാര്‍ത്ഥത്തില്‍ ഗ്രൗണ്ടില്‍ നടന്നതെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.ഗംഭീറിനെതിരെ ശ്രീശാന്ത് പന്തെറിയുമ്പോള്‍ ഗംഭീര്‍ പ്രകോപനപരമായി ശ്രീശാന്തിനെതിരെ സംസാരിച്ചതാണ് ഇരുവരും തമ്മിലുള്ള വാക് പോരില്‍ കലാശിച്ചത്.മത്സരത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സ് ഗുജറാത്ത് ജയന്‍റ്സിനെ 12 റണ്‍സിന് തോല്‍പ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!