ഫൈനലില്‍ മാത്രം എന്തിനാണ് രോഹിത് അത് ചെയ്തത്, വിമര്‍ശനവുമായി വസീം അക്രവും ഗൗതം ഗംഭീറും

By Web Team  |  First Published Nov 21, 2023, 2:42 PM IST

എന്നാല്‍ ഫൈനലില്‍ രോഹിത്തിന് പിഴച്ചൊരു തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ വസീം അക്രവും മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും ഇപ്പോള്‍. ഫൈനലില്‍ മാത്രം ബാറ്റിംഗ് ഓര്‍ഡറില്‍ രോഹിത് വരുത്തിയ മാറ്റത്തെക്കുറിച്ചാണ് ഇരുവരും വിമര്‍ശനം ഉയര്‍ത്തിയത്.


അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ് ഇന്ത്യ കിരീടം അടിയറവെച്ചതിന് പിന്നാലെ ടീം ഇന്ത്യക്കെതിരെ കാര്യമായ വിമര്‍ശനങ്ങളൊന്നും ഉയര്‍ന്നിരുന്നില്ല. പത്ത് കളികളും ജയിച്ച് ഫൈനലിലെത്തിയ ടീമിനെ ഒറ്റ കളിയിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ തള്ളിക്കളയാനാവില്ലെന്നതായിരുന്നു പൊതുവെ ഉയര്‍ന്ന വികാരം. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി മുതല്‍ ആരാധകര്‍വരെ ഇന്ത്യയെ ആശ്വസിപ്പിക്കാനാണ് മുന്നിട്ടിറങ്ങിയത്.

എന്നാല്‍ ഫൈനലില്‍ രോഹിത്തിന് പിഴച്ചൊരു തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ വസീം അക്രവും മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും ഇപ്പോള്‍. ഫൈനലില്‍ മാത്രം ബാറ്റിംഗ് ഓര്‍ഡറില്‍ രോഹിത് വരുത്തിയ മാറ്റത്തെക്കുറിച്ചാണ് ഇരുവരും വിമര്‍ശനം ഉയര്‍ത്തിയത്. വിരാട് കോലി പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവിന് പകരം രവീന്ദ്ര ജഡേജയെ ക്രീസിലേക്ക് അയച്ച രോഹിത്തിന്‍റെ തീരുമാനത്തെയാണ് ഇരുവരും സ്പോര്‍ട്സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദ്യം ചെയ്തത്.

Latest Videos

undefined

ലോകകപ്പിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലും തഴഞ്ഞു, യുസ്‌വേന്ദ്ര ചാഹലിന്‍റെ പ്രതികരണം

സൂര്യകുമാറിന് പകരം ജഡേജയെ ബാറ്റിംഗിന് അയക്കാനുള്ള തീരുമാനം എന്തിനായിരുന്നുവെന്ന് തനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ലെന്ന് ഗംഭീര്‍ പറഞ്ഞു. അത് തെറ്റായ തീരുമാനമായിരുന്നുവെന്നും ഗംഭീര്‍ വ്യക്തമാക്കി. ആറാം നമ്പറിലായിരുന്നു ഇറങ്ങിയിരുന്നതെങ്കില്‍ സൂര്യകുമാറിന് തന്‍റെ സ്വാഭാവിക കളി പുറത്തെടുക്കാന്‍ കഴിയുമായിരുന്നു. ഏഴാം നമ്പറിലിറങ്ങിയതോടെ ഇനി വാലറ്റക്കാര്‍ മാത്രമെയുള്ളു ഇറങ്ങാനെന്ന് തിരിച്ചറിഞ്ഞ സൂര്യ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്.

അടുത്ത ബാറ്റര്‍ ഷമിയോ ബുമ്രയോ സിറാജോ ആണെന്ന് തിരിച്ചറിയുന്നതും ജഡേജയാണെന്ന് അറിയുന്നതും തമ്മില്‍ ബാറ്ററുടെ സമീപനത്തില്‍ ഒരുപാട് സ്വാധീനം ചെലുത്തും. ആറാം നമ്പറില്‍ സൂര്യകുമാറിനെ ഇറക്കാന്‍ വിശ്വാസമില്ലായിരുന്നെങ്കില്‍ വിശ്വാസമുള്ള മറ്റാരെയെങ്കിലും ടീമിലെടുക്കാമായിരുന്നില്ലെയെന്നും ഗംഭീര്‍ ചോദിച്ചു. സൂര്യകുമാര്‍ ബാറ്റര്‍ മാത്രമായാണ് ടീമില്‍ കളിക്കുന്നതെന്നും ഹാര്‍ദ്ദിക് ഉണ്ടായിരുന്നെങ്കില്‍ പിന്നെയും രോഹിത്തിന്‍റെ തീരുമാനത്തെ ന്യായീകരിക്കാമായിരുന്നുവെന്നും വസീം അക്രവും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!