Latest Videos

16 വര്‍ഷം മുമ്പ് ഡിവിഷൻ സി ടീം, ഇന്ന് ലോകകപ്പ് സെമിയില്‍; ക്രിക്കറ്റില്‍ അഫ്‌ഗാന്‍ അത്ഭുതവും ആവേശവും

By Web TeamFirst Published Jun 25, 2024, 7:23 PM IST
Highlights

ക്രിക്കറ്റ് മൈതാനങ്ങളിലെ ചെറിയ വിജയങ്ങൾ പോലും അഫ്ഗാനിസ്ഥാന് സ്വപ്നതുല്യമാണ്

ട്വന്‍റി 20 ലോകകപ്പ് 2024ല്‍ സെമിയിലെത്തിയിരിക്കുകയാണ് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം. ഒരുകാലത്ത് ഏഷ്യയിലെ കുഞ്ഞന്‍മാര്‍ എന്ന വിശേഷണം മാത്രമുണ്ടായിരുന്ന ടീമാണ് ഇപ്പോള്‍ ഓസ്ട്രേലിയ അടക്കമുള്ള വമ്പന്‍മാരെ തോല്‍പിച്ച് ലോകകപ്പില്‍ കുതിക്കുന്നത്. അന്താരാഷ്ട്ര വേദികളിൽ വിലക്ക് നേരിടുന്ന അഫ്ഗാനിസ്ഥാന് മുറിവ് ഉണക്കാനുള്ള ഔഷധമായി മാറുകയാണ് ഈ ഐതിഹാസിക മുന്നേറ്റം. ബൗളർമാരെ സഹായിക്കുന്ന വിൻഡീസിലെ പിച്ചുകളിൽ അഫ്ഗാൻ കിരീടം നേടിയാൽ പോലും അത്ഭുതപ്പെടാനില്ല.

കിരീടങ്ങൾ ലക്ഷ്യമിട്ട് പ്രമുഖ ടീമുകൾ കളത്തിലിറങ്ങുമ്പോൾ ക്രിക്കറ്റ് മൈതാനങ്ങളിലെ ചെറിയ വിജയങ്ങൾ പോലും അഫ്ഗാനിസ്ഥാന് സ്വപ്നതുല്യമാണ്. അത് നായകൻ റാഷിദ് ഖാന്‍റെ വാക്കുകളില്‍ പ്രകടം. അത്രമേൽ ദുരിതക്കയത്തിൽ നിന്നാണ് അഫ്ഗാൻ താരങ്ങൾ ഓരോ മത്സരത്തിനുമിറങ്ങുന്നത്. സ്വന്തം നാട്ടിൽ കളിച്ച് വളരാനുള്ള അവസരങ്ങളില്ല. ഹോം മത്സരങ്ങൾക്ക് പോലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ആശ്രയിക്കണം. സ്വന്തം നാട്ടിലേക്ക് വമ്പൻ ടീമുകൾ കളിക്കാനെത്തില്ല. താരങ്ങൾ വരുമാന മാർഗം കണ്ടെത്തുന്നത് ഐപിഎൽ അടക്കമുള്ള ക്രിക്കറ്റ് ലീഗുകളിൽ കളിച്ച്. ഈ ഗതികേടിൽ നിന്ന് അഫ്ഗാൻ താരങ്ങൾ ടി20 ലോകകപ്പില്‍ നേടിയ ഈ ഐതിഹാസിക വിജയം ക്രിക്കറ്റില്‍ മാഞ്ഞുപോകാത്ത ചരിത്രമായി മാറും.

പതിനാറ് വർഷങ്ങൾക്ക് മുൻപ് ഐസിസിയുടെ ലോക ക്രിക്കറ്റ് ലീഗിലെ ഡിവിഷൻ സിയിൽ കളിക്കുന്ന രാജ്യമായിരുന്നു അഫ്ഗാനിസ്ഥാൻ. ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ നിരയിലായിരുന്നു അന്ന് അഫ്‌ഗാന്‍റെ സ്ഥാനം. അവിടെ നിന്നാണ് റാഷിദ് ഖാനും സംഘവും ആരാധകരെ വിസ്മയിപ്പിക്കുന്നത്. റാഷിദ് ഖാന്‍ എന്നെ ഓൾറൗണ്ടറെ ചുറ്റിപ്പറ്റിയാണ് അഫ്ഗാൻ ടീമെന്ന പതിവ് പരിഹാസത്തിന് ഈ ലോകകപ്പ് മറുപടി നൽകിയതായി കാണാം. പിച്ചിന്‍റെ ഗതിയനുസരിച്ച് ബാറ്റ് ചെയ്യാനാകുന്ന താരങ്ങൾ ടീമിലേറെ. ലോകത്തര നിലവാരത്തിലേക്ക് ഉയർന്ന പേസർമാർ മറ്റൊരു സവിശേഷത. കോച്ചിംഗ് സ്റ്റാഫുകളായ ജൊനാഥൻ ട്രോട്ട്, ഡെയ്ൻ ബ്രാവോ എന്നിവരുടെ തന്ത്രങ്ങളും അഫ്‌ഗാന്‍റെ കരുത്താണ്. ഓസ്ട്രേലിയ അടക്കമുള്ള വമ്പൻ ടീമുകളെ മുട്ടുകുത്തിച്ച് ലോക ക്രിക്കറ്റിൽ അഫ്ഗാൻ ഇനി കരുത്തരുടെ പട്ടികയിലുണ്ടാകും.

Read more: ഏക ഫേവറൈറ്റുകളെന്ന വീരവാദവും ഹുങ്കും; ഒടുവില്‍ പവനായി ആയി ഓസീസ്! പൊന്നു കമ്മിന്‍സേ ഓര്‍മ്മയുണ്ടോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!