സഞ്ജു സാംസണ് പിന്തുണയേറുന്നു! ഡിവില്ലിയേഴ്‌സിന് പിന്നാലെ മലയാളി താരത്തെ വാഴ്ത്തി ഹര്‍ഭജന്‍ സിംഗും

By Web TeamFirst Published Dec 1, 2023, 4:23 PM IST
Highlights

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന ടീമില്‍ സഞ്ജുവിന് അവസരം ലഭിച്ചു. അതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചതില്‍ സന്തോഷമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.

മുംബൈ: 2021ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യക്ക് വേണ്ടി ആദ്യ ഏകദിന മത്സരം കളിക്കുന്നത്. ഇതുവരെ 13 ഏകദിന മത്സരങ്ങളില്‍ 390 റണ്‍സാണ് സമ്പാദ്യം. 55.71 ശരാശരിയിലും 104 സ്‌ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റണ്‍സ്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താവാതെ നേടിയ 86 റണ്‍സാണ് 29കാരന്റെ ഉയര്‍ന്ന സ്‌കോര്‍. ഇത്രയൊക്കെ കളിച്ചിട്ടും സഞ്ജുവിന് കാര്യമായി പിന്തുണയൊന്നും സെലക്റ്റര്‍മാരില്‍ നിന്ന് ലഭിച്ചിരുന്നില്ല. ഏകദിന ലോകകപ്പിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പരയില്‍ നിന്നും സഞ്ജു തഴയപ്പെട്ടു. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടും സഞ്ജുവിന് ടീമിലിടം ലഭിച്ചില്ല.

എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന ടീമില്‍ സഞ്ജുവിന് അവസരം ലഭിച്ചു. അതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചതില്‍ സന്തോഷമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സഞ്ജു ഏകദിനത്തിലേക്ക് തിരിച്ചെത്തിയത് നല്ല വാര്‍ത്തയാണ്. തഴയപ്പെടുമ്പോഴെല്ലാം ക്രിക്കറ്റ് ലോകം ചോദിക്കാറുണ്ട്, എന്തുകൊണ്ട് അദ്ദേഹത്തെ തഴഞ്ഞൂവെന്ന്. സഞ്ജുവിനൊപ്പം തിലക് വര്‍മ, രജത് പടീധാര്‍ എന്നിവര്‍ക്ക് അവസരം ലഭിക്കുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. ദീപക് ചാഹറിന്റെ മടങ്ങിവരവും ആനന്ദിപ്പിക്കുന്നു.'' ഹര്‍ഭജന്‍ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.

Latest Videos

എന്നാല്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിേയഴ്‌സും അഭിപ്രായം പങ്കുവച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളില്‍ സഞ്ജുവിന് തിളങ്ങാനാകുമെന്നാണ് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കിയത്. ''സഞ്ജു ടീമില്‍ ഉള്‍പ്പെട്ടത് മഹത്തായ കാര്യമാണ്. അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റില്‍ ആസ്വദിക്കാന്‍ കഴിയും. ഇവിടെ അതിജീവിക്കാനുള്ള ടെക്‌നിക്ക് അദ്ദേഹത്തിന്റെ പക്കലുണ്ട്. ബൗണ്‍സും സ്വിങ്ങുമുള്ള പിച്ചാണ് ദക്ഷിണാഫ്രിക്കയിലേത്. എന്നാല്‍ സഞ്ജുവിനെ പോലെ ഒരാള്‍ക്ക് തിളങ്ങാന്‍ കഴിയുമെന്നാണ് വിശ്വാസം. മാത്രമല്ല, വിക്കറ്റ് കീപ്പിംഗില്‍ മറ്റൊരു സാധ്യത കൂടി ഇന്ത്യക്ക് ലഭിക്കും.'' ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളും പരമ്പരയിലുണ്ട്.

ഏകദിന ടീം: റുതുരാജ് ഗെയ്കവാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പടീധാര്‍, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹര്‍.

ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ സഞ്ജു തകര്‍ത്താടും! കാരണം വ്യക്തമാക്കി മുന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ്

click me!