ഇന്ത്യന്‍ ബൗളര്‍മാര്‍ സമ്മര്‍ദം സൃഷ്‌ടിക്കാതെ വന്നതോടെ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 50 റണ്‍സ് നേടിയിരുന്നു സന്ദര്‍ശകര്‍.
അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ എട്ട് വിക്കറ്റിന്‍റെ അനായാസ ജയം നേടി ഇംഗ്ലണ്ട്. ടീം ഇന്ത്യ മുന്നോട്ടുവെച്ച 125 റണ്‍സ് വിജയലക്ഷ്യം വെറും 15.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇംഗ്ലണ്ട് നേടി. ഓപ്പണര്‍മാരായ ജാസന്‍ റോയ്‌യും ജോസ് ബട്ട്‌ലറും നല്‍കിയ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് തുണയായത്. സ്‌കോര്‍: ഇന്ത്യ-124-7 (20 Ov), ഇംഗ്ലണ്ട്-130-2 (15.3 Ov). ഇതോടെ അഞ്ച് ടി20കളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.
ഓപ്പണര്‍മാര്‍ എളുപ്പമാക്കി
ഇന്ത്യന്‍ ബൗളര്‍മാര്‍ സമ്മര്‍ദം സൃഷ്‌ടിക്കാതെ വന്നതോടെ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 50 റണ്‍സ് നേടി സന്ദര്‍ശകര്‍. ജാസന്‍ റോയ് 15 പന്തില്‍ 24 റണ്‍സുമായും ജോസ് ബട്ട്‌ലര്‍ 21 പന്തില്‍ 26 റണ്‍സെടുത്തുമാണ് ഈസമയം ക്രീസില്‍ നിന്നിരുന്നത്. എന്നാല്‍ എട്ടാം ഓവറിലെ അവസാന പന്തില്‍ ബട്ട്‌ലറെ ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. റിവ്യൂവിന് പോലും കാത്തുനില്‍ക്കാതെ 24 പന്തില്‍ 28 റണ്‍സെടുത്ത താരം മടങ്ങി. ഈസമയം ഇംഗ്ലണ്ടിന്‍റെ ടീം സ്‌കോര്‍ 72ലെത്തിയിരുന്നു.
undefined
മൂന്നാമനായി ക്രീസിലെത്തിയത് ഡേവിഡ് മലാന്‍. സ്‌കോര്‍ ബോര്‍ഡില്‍ 17 റണ്‍സ് കൂടി ചേര്‍ക്കുന്നതിനെ രണ്ടാം ഓപ്പണര്‍ ജാസന്‍ റോയ്‌യുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്‌ടമായി. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെയായിരുന്നു പുറത്താകല്‍. വാഷിംഗ്‌ടണ്‍ സുന്ദറിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ റോയ് റിവ്യൂ ആവശ്യപ്പെട്ടെങ്കിലും അനുകൂലമായില്ല. 32 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതമായിരുന്നു റോയ്‌യുടെ 49 റണ്‍സ്.
ഡേവിഡ് മലാനൊപ്പം ജോണി ബെയര്‍സ്റ്റോ ചേര്‍ന്നതോടെ വീണ്ടും ഇംഗ്ലണ്ട് അടിതുടങ്ങി. ഇതോടെ 27 പന്തുകള്‍ ബാക്കിനില്‍ക്കേ ഇംഗ്ലണ്ട് ജയത്തിലെത്തുകയായിരുന്നു. മലാന്‍ 20 പന്തില്‍ 24 റണ്‍സുമായും ബെയര്‍സ്റ്റോ 17 പന്തില്‍ 26 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കോലിപ്പട അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 124 റണ്‍സാണെടുത്തത്. അയ്യര്‍ക്ക് പുറമെ റിഷഭ് പന്തും ഹര്‍ദിക് പാണ്ട്യയും മാത്രമാണ് രണ്ടക്കം കണ്ടത്. 48 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 67 റണ്‍സെടുത്ത അയ്യരാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കാത്തത്. ഇംഗ്ലണ്ടിനായി ആര്‍ച്ചര്‍ മൂന്നും ആദിലും വുഡും ജോര്‍ദാനും സ്റ്റോക്‌സും ഓരോ വിക്കറ്റും വീഴ്‌ത്തി.
പവറാവാതെ പവര്‍പ്ലേ
ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയ്‌ക്ക് വിശ്രമം നല്‍കി ഇറങ്ങിയ ടീം ഇന്ത്യ പവര്‍പ്ലേയില്‍ 22 റണ്‍സേ നേടിയുള്ളൂ. ഇതിനിടെ മൂന്ന് വിക്കറ്റ് വലിച്ചെറിയുകയും ചെയ്തു.
ആദ്യ ഓവറില്‍ സ്‌പിന്‍ പരീക്ഷണം ആദില്‍ റഷീദിനെ കെ എല്‍ രാഹുലും ശിഖര്‍ ധവാനും കരുതലോടെ നേരിട്ടപ്പോള്‍ പിറന്നത് രണ്ട് റണ്‍സ്. രണ്ടാം ഓവറിലാവട്ടെ ജോഫ്ര ആര്‍ച്ചര്‍ രണ്ടാം പന്തില്‍ രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കി നയം വ്യക്തമാക്കി. നാല് പന്തില്‍ ഒരു റണ്ണാണ് രാഹുലിന്‍റെ സമ്പാദ്യം. മൂന്നാം ഓവറില്‍ റാഷിദിന് മുന്നില്‍ കിംഗ് കോലിയും കീഴടങ്ങി. അലക്ഷ്യഷോട്ട് കളിച്ച് ജോര്‍ദാന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. അഞ്ച് പന്ത് കളിച്ച കോലി അക്കൗണ്ട് തുറന്നില്ല.
തൊട്ടടുത്ത ഓവറില്‍ ആര്‍ച്ചറെ റിവേഴ്‌സ് സ്വീപ്പ് സിക്‌സറിലൂടെ ആക്രമിച്ച് തുടങ്ങിയ റിഷഭ് പ്രതീക്ഷ നല്‍കി. എന്നാല്‍ അഞ്ചാം ഓവറില്‍ പന്തെടുത്ത പേസര്‍ മാര്‍ക്ക് വുഡ് ശിഖര്‍ ധവാന്‍റെ കുറ്റി പിഴുതതോടെ വീണ്ടും ഇന്ത്യ സമ്മര്‍ദത്തിലായി. 12 പന്തില്‍ നാല് റണ്‍സ് മാത്രമാണ് ധവാന്‍റെ നേട്ടം. പവര്‍പ്ലേയിലെ അവസാന ഓവര്‍ ക്രിസ് ജോര്‍ദാന്‍ എറിയാനെത്തിയപ്പോള്‍ രണ്ട് റണ്ണേ ഇന്ത്യ നേടിയുള്ളൂ.
അയ്യരില്ലായിരുന്നെങ്കില്‍?
ശ്രേയസ് അയ്യര്‍ക്ക് മുമ്പേ അവസരം ലഭിച്ചെങ്കിലും പന്ത് പന്താട്ടമായില്ല. 10-ാം ഓവറിലെ അവസാന പന്തില്‍ റിഷഭിനെ ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ചു സ്റ്റോക്‌സ്. 23 പന്തില്‍ 21 റണ്‍സാണ് പന്ത് നേടിയത്. ക്രീസിലൊന്നിച്ച ശ്രേയസും ഹര്‍ദികും സാവധാനം തുടങ്ങി. 14 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 71 റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ ബൗണ്ടറികളുമായി കളംനിറഞ്ഞ് അയ്യര്‍ 36 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.
17-ാം ഓവറില്‍ ജോര്‍ദാന്‍റെ അവസാന പന്ത് ഗാലറിയിലെത്തിച്ച് അയ്യര്‍ ഇന്ത്യയെ 100 കടത്തി. എന്നാല്‍ 18-ാം ഓവറില്‍ എത്തിയ ആര്‍ച്ചര്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ എറിഞ്ഞുകെടുത്തി. രണ്ടാം പന്തില്‍ ഹര്‍ദിക്(21 പന്തില്‍ 19) മിഡ് ഓഫില്‍ ജോര്‍ദാന്‍റെ കൈകളില്‍. തൊട്ടടുത്ത പന്തില്‍ ഷാര്‍ദുല്‍ താക്കൂര്‍ ഗോള്‍ഡണ്‍ ഡക്ക്. ഷോട്ട് പിച്ച് പന്തില്‍ ഡീപ് ബാക്ക്‌വേഡ് ലെഗില്‍ മലാന്‍ ക്യാച്ചെടുക്കുകയായിരുന്നു. എന്നാല്‍ ഹാട്രിക് നേടാന്‍ ആര്‍ച്ചറെ ഇന്ത്യ അനുവദിച്ചില്ല.
അവസാന രണ്ട് ഓവറിലും ഇന്ത്യ പതറി. അവസാന ഓവറില്‍ ജോര്‍ദാന്‍ പന്തെടുത്തപ്പോള്‍ മൂന്നാം പന്തില്‍ ശ്രേയസ് അയ്യര്‍ പുറത്തായി. ഡീപ് ബാക്ക്‌വേഡ് സ്ക്വയര്‍ ലെഗില്‍ മലാന്‍റെ തകര്‍പ്പന്‍ ക്യാച്ചാണ് അയ്യര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കിയത്. എന്നാല്‍ ശ്രേയസ് അയ്യര്‍ 48 പന്തില്‍ 67 റണ്‍സുമായി മിന്നിയത് ഇന്ത്യയെ തുണച്ചു. അക്‌സര്‍ പട്ടേല്‍ മൂന്ന് പന്തില്‍ ഏഴ് റണ്‍സുമായും വാഷിംഗ്‌ടണ്‍ സുന്ദര്‍ മൂന്ന് പന്തില്‍ മൂന്ന് റണ്‍സെടുത്തും പുറത്താകാതെ നിന്നു.
ലീയും മഴയും ആഞ്ഞുവീശി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം