ധരംശാല സ്‌പിന്ന‍ര്‍മാര്‍ തൂക്കി; കുല്‍ദീപ് 5 വിക്കറ്റ്, അശ്വിന്‍ 4; ഇംഗ്ലണ്ട് 218ല്‍ പുറത്ത്

By Web TeamFirst Published Mar 7, 2024, 2:54 PM IST
Highlights

സ്‌പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ കറങ്ങും പന്തുകള്‍ക്ക് മുന്നില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ട് തലകറങ്ങിവീഴുകയായിരുന്നു

ധരംശാല: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ അഞ്ച് വിക്കറ്റ് കരുത്തില്‍ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി ടീം ഇന്ത്യ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം മൂന്നാം സെഷനിന്‍റെ തുടക്കത്തില്‍ 57.4 ഓവറില്‍ 218 റണ്‍സില്‍ ഓള്‍ഔട്ടായി. കുല്‍ദീപ് യാദവ് 15 ഓവറില്‍ 72 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ 71 റണ്‍സെടുത്ത ഓപ്പണര്‍ സാക്ക് ക്രോലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. കരിയറിലെ നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ നാല് പേരെ മടക്കിയും തിളങ്ങി. സ്‌പിന്നര്‍ രവീന്ദ്ര ജഡേജയേക്കാണ് അവശേഷിക്കുന്ന ഒരു വിക്കറ്റ്. 

ഓപ്പണര്‍മാരായ സാക്ക് ക്രോലിയും ബെന്‍ ഡക്കെറ്റും തരക്കേടില്ലാത്ത തുടക്കം നല്‍കിയ ശേഷം കുല്‍ദീപ് യാദവിന്‍റെ കറങ്ങും പന്തുകള്‍ക്ക് മുന്നില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ട് തലകറങ്ങിവീഴുകയായിരുന്നു. ഡക്കെറ്റിനെ 58 പന്തില്‍ 27 ഉം, മൂന്നാമന്‍ ഓലീ പോപിനെ 24 പന്തില്‍ 11 ഉം റണ്‍സെടുത്ത് നില്‍ക്കേ കുല്‍ദീപ് യാദവ് പുറത്താക്കുമ്പോള്‍ ഇംഗ്ലണ്ടിന് 100 റണ്‍സുണ്ടായിരുന്നു. പോപിന്‍റെ വിക്കറ്റിന് പിന്നാലെ മത്സരം ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ഒരറ്റത്ത് നിലയുറപ്പിച്ച സാക്ക് ക്രോലി അര്‍ധ സെഞ്ചുറി നേടിയെങ്കിലും ഇവിടെയും കുല്‍ദീപ് ബ്രേക്ക് ത്രൂ കണ്ടെത്തി. 108 പന്തില്‍ 11 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പടെ 79 റണ്‍സാണ് ക്രോലിക്ക് നേടാനായത്. നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയ്‌ര്‍സ്റ്റോയെയും (18 പന്തില്‍ 29), കുല്‍ദീപ് പറഞ്ഞയച്ചപ്പോള്‍ ജോ റൂട്ടിനെ (56 പന്തില്‍ 26) രവീന്ദ്ര ജഡേജ പുറത്താക്കിയത് നിര്‍ണായകമായി. ഇതോടെ ഇംഗ്ലണ്ട് 44.2 ഓവറില്‍ 175-5 എന്ന നിലയില്‍ പ്രതിരോധത്തിലായി. 

Latest Videos

ഇതിന് ശേഷം ആര്‍ അശ്വിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ വന്നപോലെ മടങ്ങുന്നതാണ് കണ്ടത്. അക്കൗണ്ട് തുറക്കും മുമ്പ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ മടക്കി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് തികച്ചു. വാലറ്റക്കാരായ ടോം ഹാര്‍ട്‌ലി (9 പന്തില്‍ 6), മാര്‍ക് വുഡ് (2 പന്തില്‍ 0) എന്നിവര്‍ നൂറാം ടെസ്റ്റ് കളിക്കുന്ന മറ്റൊരു താരമായ ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് കീഴടങ്ങി. ഇതോടെ മത്സരം ചായക്ക് പിരിഞ്ഞു. ചായക്ക് ശേഷമുള്ള രണ്ടാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സ് (42 പന്തില്‍ 24) അശ്വിന്‍റെ പന്തില്‍ അബദ്ധത്തില്‍ ബൗള്‍ഡായി. ഒരു പന്തിന്‍റെ ഇടവേളയില്‍ ജിമ്മി ആന്‍ഡേഴ്‌സനെ (3 പന്തില്‍ 3) ദേവ്‌ദത്ത് പടിക്കലിന്‍റെ കൈകളില്‍ അശ്വിന്‍ എത്തിച്ചതോടെ ഇംഗ്ലണ്ട് ഓള്‍ഔട്ടായി.  

Read more: എന്ത് രസമാണീ ക്യാച്ച്; പിന്നോട്ടോടി സൂപ്പര്‍മാനായി ശുഭ്‌മാന്‍ ഗില്‍- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!