രോഹിത്തിനെ സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നീക്കം, ആദ്യം നിരസിച്ച മുംബൈ മനസുമാറ്റുമെന്ന് പ്രതീക്ഷ

By Web TeamFirst Published Dec 17, 2023, 12:26 PM IST
Highlights

ചൊവ്വാഴ്ച ദുബായില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിന് ശേഷം 20മുതല്‍ വീണ്ടും കളിക്കാരുടെ കൈമാറ്റ ജാലകം തുറക്കും. പുതിയ സാഹചര്യത്തില്‍ രോഹിത്തിനായി ഡല്‍ഹി വീണ്ടും മുംബൈ ടീമിനെ സമീപിക്കുമെന്നാണ് സൂചന.

മുംബൈ: ചൊവ്വാഴ്ച നടക്കുന്ന ഐപിഎല്‍ ലേലത്തിന് പിന്നാലെ 20ന് കളിക്കാരുടെ കൈമാറ്റ ജാലകം വീണ്ടും തുറക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ ഡല്‍ഹി ക്യാപിറ്റല്‍സിലെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഹാര്‍ദ്ദിക് പാണ്ഡ്യയെ തിരിച്ചെത്തിക്കാന്‍ മുംബൈ ഇന്ത്യൻസ് രഹസ്യ നീക്കം നടത്തുന്ന വിവരം അറിഞ്ഞാപ്പോള്‍ തന്നെ രോഹിത്തിനെ സ്വന്തമാക്കാന്‍ ഡല്‍ഹി മുംബൈ ടീം മാനേജെമെന്‍റിനെ സമീപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കരാര്‍ ലംഘനമാകുമെന്നതിനാല്‍ മുംബൈ ഡല്‍ഹിയുടെ ഓഫര്‍ അന്ന് നിരസിക്കുകയായിരുന്നുവെന്നും സ്പോര്‍ട്സ് ടുഡേ റിപ്പോര്‍ട്ട ചെയ്തു.

ചൊവ്വാഴ്ച ദുബായില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിന് ശേഷം 20മുതല്‍ വീണ്ടും കളിക്കാരുടെ കൈമാറ്റ ജാലകം തുറക്കും. പുതിയ സാഹചര്യത്തില്‍ രോഹിത്തിനായി ഡല്‍ഹി വീണ്ടും മുംബൈ ടീമിനെ സമീപിക്കുമെന്നാണ് സൂചന. റിഷഭ് പന്ത് അടുത്ത സീസണില്‍ ഡല്‍ഹിയെ നയിക്കാനുണ്ടാകുമോ എന്ന അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്നാണ് ഡല്‍ഹി ടീമിന്‍റെ ആഗ്രഹം. എന്നാല്‍ ഇക്കാര്യത്തില്‍ രോഹിത്തിന്‍റെ നിലപാടാകും നിര്‍ണായകമാകുക. കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് അടുത്ത സീസണില്‍ ഇംപാക്ട് പ്ലേയറായിട്ടാകും കൂടുതലും കളിക്കുകയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് മുഴുവന്‍ സമയ ക്യാപ്റ്റനായി ഡല്‍ഹി രോഹിത്തില്‍ താല്‍പര്യം അറിയിച്ചത്. മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ കൂടിയായ റിക്കി പോണ്ടിംഗാണ് ഡല്‍ഹി ടീമിന്‍റെ പരിശീലകനെന്നതും ശ്രദ്ധേയമാണ്.

Latest Videos

സെലക്ടര്‍മാര്‍ സഞ്ജുവിനെ ഇന്ത്യൻ ടീമിലെടുക്കുന്നത് അപ്രധാന മത്സരങ്ങള്‍ക്ക്; തുറന്നു പറഞ്ഞ് മുന്‍ താരം

വെള്ളിയാഴ്ചയാണ് അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ രോഹിത് ശര്‍മയെ മാറ്റി മുംബൈ ഇന്ത്യന്‍സ് ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ ആരാധകര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതോടെ ലേലത്തിന് പിന്നാലെ രോഹിത് മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

Delhi Capitals approached Mumbai Indians for Rohit Sharma but due to a contract deal could not take place. (Sports Today). pic.twitter.com/3d91mXWL9m

— Mufaddal Vohra (@mufaddal_vohra)

മുംബൈ ടീമില്‍ തിരിച്ചെത്തണമെങ്കില്‍ തന്നെ ക്യാപ്റ്റനാക്കണമെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ ഉപാധിവെച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും ഇന്നലെ പുറത്തുവന്നിരുന്നു. രോഹിത്തിനോട് ഇക്കാര്യം സംസാരിച്ച മുംബൈ ടീം മാനേജ്മെന്‍റ് അദ്ദേഹത്തിന്‍റെ കൂടി സമ്മതത്തോടെയാണ് ഹാര്‍ദ്ദിക്കിനെ തിരിച്ചെത്തിച്ചതെന്നും ഹാര്‍ദ്ദിക്കിന് കീഴില്‍ കളിക്കാമെന്ന് രോഹിത് വാക്കു നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സഞ്ജു ഓപ്പണറോ വിക്കറ്റ് കീപ്പറോ അല്ല; ഇന്ത്യന്‍ ടീമിലെ റോളില്‍ വ്യക്തത വരുത്തി കെ എല്‍ രാഹുല്‍

ഐപിഎല്‍ ലേലത്തില്‍ അപ്രതീക്ഷിത നീക്കങ്ങളും തന്ത്രങ്ങളുമായി എക്കാലത്തും എതിരാളികളെ ഞെട്ടിക്കാറുള്ള ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇത്തവണ ലേലത്തിന് ശേഷം രോഹിത്തിനെ കളിക്കാരുടെ കൈമാറ്റ ജാലകത്തിലൂടെ സ്വന്തമാക്കി ഡല്‍ഹി അമ്പരപ്പിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!