മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്.
ബെംഗളൂരു: ടെസ്റ്റ് ക്രിക്കറ്റില്‍ കന്നി സെഞ്ചുറിയുമായി സര്‍ഫറാസ് ഖാന്‍. ന്യൂസിലന്‍ഡിനെതിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലാണ് സര്‍ഫറാസ് സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. 114 റണ്‍സുമായി താരം ക്രീസിലുണ്ട്. 24 റണ്‍സെടുത്ത റിഷഭ് പന്താണ് അദ്ദേഹത്തിന് കൂട്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. ഇപ്പോഴും 54 റണ്‍സ് പിറകിലാണ് ടീം. ന്യൂസിലന്‍ഡിന് വേണ്ടി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു. ഗ്ലെന്‍ ഫിലിപ്‌സിന് ഒരു വിക്കറ്റുണ്ട്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി. അധികം വൈകാതെ സെഞ്ചുറിയും പൂര്‍ത്തിയാക്കി. ഇതുവരെ 135 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും 15 ഫോറും നേടിയിട്ടുണ്ട്. സര്‍ഫറാസിന് പുറമെ വിരാട് കോലി (70), രോഹിത് ശര്‍മ (52), യശസ്വി ജയ്‌സ്വാള്‍ (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്നാം ദിവസത്തെ അവസാന പന്തിലാണ് കോലി മടങ്ങുന്നത്. ഫിലിപ്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന് ക്യാച്ച് നല്‍കുകയായിരുന്നു കോലി.
undefined
അടിമുടി മാറി മുംബൈ ഇന്ത്യന്‍സ്! ബൗളിംഗ് കോച്ചായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍, മാംബ്രേ തുടരും
നേരത്തെ രോഹിത് ശര്‍മയെ, കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍ ബൗള്‍ഡാക്കി. ജയ്‌സ്വാളിനെ ബ്ലണ്ടല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 356 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ തിരിച്ചടിക്കുന്നതാണ് ബെംഗളൂരുവില്‍ കണ്ടത്. നേരത്തെ, രചിന്‍ രവീന്ദ്രയുടെ (134) സെഞ്ചുറി കരുത്തില്‍ 402 റണ്‍സാണ് ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്. ഡെവോണ്‍ കോണ്‍വെ (91), ടിം സൗത്തി (65) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് കേവലം 46 റണ്‍സിന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റി, നാല് വിക്കറ്റ് വീഴ്ത്തിയ വില്യം ഒറൗര്‍ക്കെ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 20 റണ്‍സ് നേടിയ റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.