പരിക്ക് മാറുമെന്ന് മനസിലാക്കി താരത്തെ ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ പാക് സെലക്‌ടര്‍മാര്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു
ലാഹോര്‍: ട്വന്‍റി 20 ലോകകപ്പിന് മുമ്പ് സൂപ്പർ പേസര്‍ ഷഹീൻ ഷാ അഫ്രീദിയുടെ പരിക്ക് ഭേദമായെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റ് റമീസ് രാജ. കാൽമുട്ടിനേറ്റ പരിക്ക് ഭേദമായ ഷഹീൻ അഫ്രീദി ട്വന്‍റി 20 ലോകകപ്പിൽ കളിക്കും. പരിശീലന മത്സരത്തിലും ഇന്ത്യക്കെതിരായ കളിയിലും സൂപ്പർതാരം ഉണ്ടാകുമെന്നും റമീസ് രാജ വ്യക്തമാക്കി. ഷഹീന് പരിക്കിനെ തുടർന്ന് ഏഷ്യാ കപ്പും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും നഷ്‌ടമായിരുന്നു. എങ്കിലും പരിക്ക് മാറുമെന്ന് മനസിലാക്കി താരത്തെ ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ പാക് സെലക്‌ടര്‍മാര്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം ലോകകപ്പിന് മുമ്പ് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ചിത്രവും അടിക്കുറിപ്പുമായി ഷഹീന്‍ ഷാ അഫ്രീദി രംഗത്തെത്തിയത് ചര്‍ച്ചയായിട്ടുണ്ട്. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്‌തത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ആവേശ പോരാട്ടത്തില്‍ രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരെ ഷഹീന്‍ പുറത്താക്കിയിരുന്നു. മൂന്ന് വിക്കറ്റുമായി ഷഹീന്‍ മത്സരത്തിലെ താരമായി അന്ന് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രാജ്യാന്തര ടി20കളില്‍ 7.76 ഇക്കോണമിയില്‍ 47 വിക്കറ്റ് ഷഹീന്‍ ഷാ അഫ്രീദിക്കുണ്ട്. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെയായിരുന്നു ടി20 അരങ്ങേറ്റം. ഒക്‌ടോബര്‍ 23-ാം തിയതി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യക്കെതിരെയാണ് ലോകകപ്പില്‍ പാകിസ്ഥാന്‍റെ ആദ്യ മത്സരം.
undefined
ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം: ബാബര്‍ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഹൈദര്‍ അലി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം ജൂനിയര്‍, മുഹമ്മദ് ഹസ്‌നൈന്‍, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ ഷാ അഫ്രീദി, ആസിഫ് അലി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി.