ടീം ഇന്ത്യക്ക് ഇരുട്ടടി; കെ എല്‍ രാഹുല്‍ മൂന്നാം ടെസ്റ്റില്‍ നിന്ന് പുറത്ത്, പകരം മലയാളി ദേവ്ദത്ത് പടിക്കല്‍

By Web TeamFirst Published Feb 12, 2024, 7:31 PM IST
Highlights

രാജ്കോട്ടില്‍ ഫെബ്രുവരി 15-ാം തിയതിയാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി. പരിക്ക് മാറിയെത്തി മൂന്നാം ടെസ്റ്റ് കളിക്കുമെന്ന് കരുതിയ സ്റ്റാർ ബാറ്റർ കെ എല്‍ രാഹുല്‍ സ്ക്വാഡില്‍ നിന്ന് പുറത്തായി എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോർട്ട്. രാഹുലിന് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നഷ്ടമാകുന്ന സാഹചര്യത്തില്‍ രഞ്ജി ട്രോഫിയില്‍ കർണാടകയ്ക്കായി തിളങ്ങുന്ന മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കല്‍ പകരം സ്ക്വാഡിലെത്തുമെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 

രാജ്കോട്ടില്‍ ഫെബ്രുവരി 15-ാം തിയതിയാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചപ്പോള്‍ മത്സരങ്ങളില്‍ രവീന്ദ്ര ജഡേജയും കെ എല്‍ രാഹുലും കളിക്കുന്ന കാര്യം ഫിറ്റ്നസ് റിപ്പോർട്ട് അടിസ്ഥാനത്തിലായിരിക്കും എന്ന് സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. കെ എല്‍ രാഹുലിന് പൂർണ ഫിറ്റ്നസിലേക്ക് എത്താനായിട്ടില്ല എന്നാണ് റിപ്പോർട്ട്. എന്നാല്‍ മൂന്നാം ടെസ്റ്റ് കളിക്കാന്‍ രവീന്ദ്ര ജഡേജയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തുടരുന്ന കെ എല്‍ രാഹുല്‍ മൂന്നാം ടെസ്റ്റിനായി രാജ്കോട്ടിലേക്ക് ഇന്ത്യന്‍ ടീമിനൊപ്പം യാത്ര തിരിച്ചിട്ടില്ല. അതേസമയം രാജ്കോട്ടില്‍ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. 

Latest Videos

ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിലേറ്റ പരിക്കിനെ തുടർന്ന് കെ എല്‍ രാഹുലിനും രവീന്ദ്ര ജഡേജയ്ക്കും വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റ് നഷ്ടമായിരുന്നു. നാല്, അഞ്ച് ടെസ്റ്റുകളില്‍ രാഹുലിനെ കളിപ്പിക്കുന്ന കാര്യം ഒരാഴ്ച കൂടി ആരോഗ്യം വിലയിരുത്തിയ ശേഷമാകും ബിസിസിഐ മെഡിക്കല്‍ സംഘം കൈക്കൊള്ളുക. ടീമിലെ ഏറ്റവും മികച്ച ബാറ്ററായ വിരാട് കോലി വ്യക്തിപരമായ കാരണങ്ങളാല്‍ പരമ്പരയില്‍ നിന്ന് മാറി നില്‍ക്കുന്നതിനാല്‍ കെ എല്‍ രാഹുലിന്‍റെ പരിക്ക് ടീമിന് കൂടുതല്‍ പ്രഹരം നല്‍കുന്നു. നിലവില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരു ടീമുകളും അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-1ന് തുല്യത പാലിക്കുകയാണ്. 

കെ എല്‍ രാഹുലിന് പകരമെത്തുന്ന ദേവ്ദത്ത് പടിക്കല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മിന്നും ഫോമിലാണ്. അവസാന മത്സരത്തില്‍ തമിഴ്നാടിനെതിരെ കർണാടകയ്ക്കായി പടിക്കല്‍ 151 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഈ മത്സരം ഗ്യാലറിയില്‍ മുഖ്യ സെലക്ടർ അജിത് അഗാർക്കർ നേരിട്ട് വീക്ഷിച്ചതുമാണ്. ഇടംകൈയന്‍ ബാറ്ററായ ദേവ്ദത്ത് പടിക്കല്‍ പഞ്ചാബിനെതിരെ 193 ഉം ഗോവയ്ക്കെതിരെ 103 ഉം ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്കായി 105, 65, 21 റണ്‍സ് വീതവും അടുത്തിടെ നേടിയിരുന്നു. 

Read more: 'പാക് ആരാധകർ വെറും കീബോർഡ് പോരാളികള്‍, കാട്ടുന്നത് ആ രാജ്യത്തിന്‍റെ മനോഭാവം'; വായടപ്പിച്ച് ഇർഫാന്‍ പത്താന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!