ഓലീ പോപിന് വട്ടംവെച്ചു, തോളുകൊണ്ട് ഇടിച്ചു; ജസ്പ്രീത് ബുമ്രക്ക് ശിക്ഷ

By Web TeamFirst Published Jan 29, 2024, 5:02 PM IST
Highlights

കഴിഞ്ഞ 24 മാസത്തിനിടെ ബുമ്ര ആദ്യമായാണ് ശിക്ഷിക്കപ്പെടുന്നത് എന്നതിനാല്‍ സസ്പെഷന്‍ ലഭിക്കില്ല

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലീഷ് ബാറ്റര്‍ ഓലീ പോപിനെ തോളുകൊണ്ട് ഇടിച്ച ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് ഐസിസിയുടെ താക്കീത്. ഐസിസി പെരുമാറ്റ ചട്ടത്തിലെ ലെവല്‍ 1 കുറ്റം ബുമ്ര ചെയ്തതയാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. ഹൈദരാബാദ് ടെസ്റ്റിലെ നാലാം ദിനം ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ റണ്ണിനായുള്ള ഓലീ പോപിന്‍റെ ഓട്ടം തടസപ്പെടുത്തി ബുമ്ര ഇടിക്കുകയായിരുന്നു. പെരുമാറ്റ ചട്ട ലംഘനത്തിന് താക്കീതിന് പുറമെ ഒരു ഡീമെറിറ്റ് പോയിന്‍റും ബുമ്രക്ക് വിധിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 24 മാസത്തിനിടെ ബുമ്ര ആദ്യമായാണ് ഡീമെറിറ്റ് പോയിന്‍റിന് ശിക്ഷിക്കപ്പെടുന്നത് എന്നതിനാല്‍ സസ്പെഷന്‍ ലഭിക്കില്ല. 

താരങ്ങളെയോ സപ്പോര്‍ട്ട് സ്റ്റാഫിനെയോ അംപയര്‍മാരെയോ മാച്ച് റഫറിയെയോ കാണികളെയോ മറ്റാരെങ്കിലുമേയോ രാജ്യാന്തര മത്സരത്തിനിടെ ഏതെങ്കിലും താരവും സപ്പോര്‍ട്ട് സ്റ്റാഫും കായികമായി ആക്രമിക്കുന്നത് തടയാനുള്ള ആര്‍ട്ടിക്കിള്‍ 2.12 ജസ്പ്രീത് ബുമ്ര ലംഘിച്ചതായാണ് വിധി. ഐസിസി എലൈറ്റ് പാനല്‍ മാച്ച് റഫറിയായ റിച്ചീ റിച്ചാഡ്‌സണിന്‍റെ കണ്ടെത്തല്‍ ജസ്പ്രീത് ബുമ്ര അംഗീകരിച്ചതിനാല്‍ താരം ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ഹാജരാകേണ്ടതില്ല. ഫീല്‍ഡ് അംപയര്‍മാര്‍, മൂന്നാംഅംപയര്‍, നാലാം അംപയര്‍ എന്നിവരുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് മാച്ച് റഫറിയുടെ നടപടി. 

Latest Videos

ലെവല്‍ വണ്‍ കുറ്റം ചെയ്താല്‍ കുറഞ്ഞത് ഔദ്യോഗിക താക്കീത് എങ്കിലും നല്‍കണമെന്നാണ് ഐസിസി ശിക്ഷാ നിയമം പറയുന്നത്. എന്നാല്‍ ഇതേ കുറ്റത്തിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയോ ഒന്നോ രണ്ടോ ഡീ മെറിറ്റ് പോയിന്‍റുകളോ വരെ ലഭിക്കാം. 

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരം ഇന്ത്യ 28 റണ്‍സിന് തോറ്റിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 202ല്‍ പുറത്തായതോടെയാണ് ഇംഗ്ലണ്ട് 28 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്സില്‍ 190 റണ്‍സ് ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിംഗ്സില്‍ 278 പന്തില്‍ 196 റണ്‍സ് നേടിയ ഓലീ പോപും ഏഴ് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരന്‍ സ്പിന്നര്‍ ടോം ഹാര്‍ട്‌‌ലിയുമാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. ഏഷ്യയില്‍ ഒരു വിദേശ താരത്തിന്‍റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്സുകളിലൊന്ന് കളിച്ച ഓലീ പോപ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം ജസ്പ്രീത് ബുമ്ര രണ്ടിന്നിംഗ്സിലുമായി ആറ് വിക്കറ്റാണ് വീഴ്ത്തിയത്. 

Read more: എന്തുകൊണ്ട് തോറ്റു; ചോദ്യത്തിന് മറുപടിയുമായി രോഹിത് ശര്‍മ്മ, ഒടുവില്‍ കുറ്റസമ്മതം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!