ലോകകപ്പ് തോല്‍വി:ദ്രാവിഡിനോടും രോഹിത്തിനോടും വിശദീകരണം തേടി ബിസിസിഐ; ഫൈനലില്‍ ചതിച്ചത് പിച്ചെന്ന് കോച്ച്

By Web Team  |  First Published Dec 2, 2023, 5:41 PM IST

ലോകകപ്പ് തോല്‍വിക്ക് കാരണമെന്താണെന്ന ബിസിസിഐയുടെ ചോദ്യത്തിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചാണ് തോല്‍വിക്ക് പ്രധാന കാരണമെന്ന് ദ്രാവിഡ് വിശദീകരിച്ചു.


മുംബൈ: ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടേറ്റ തോല്‍വിക്ക് കോച്ച് രാഹുല്‍ ദ്രാവിഡിനോടും ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടും വിശദീകരണം തേടി ബിസിസിഐ. ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ് 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല, ട്രഷറര്‍ ആശിഷ് ഷെലാര്‍ എന്നിവര്‍ ദ്രാവിഡുമായി കൂടിക്കാഴ്ച നടത്തിയെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പ് തോല്‍വിക്ക് കാരണമെന്താണെന്ന ബിസിസിഐയുടെ ചോദ്യത്തിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചാണ് തോല്‍വിക്ക് പ്രധാന കാരണമെന്ന് ദ്രാവിഡ് വിശദീകരിച്ചു.ടീം മാനേജ്മെന്‍റ് പ്രതീക്ഷിച്ചത്ര ടേണ്‍ പിച്ചില്‍ നിന്ന് ലഭിച്ചില്ലെന്നും അതുകൊണ്ടാണ് ഓസ്ട്രേലിയക്ക് അനായാസം റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാന്‍ കഴിഞ്ഞതെന്നും ദ്രാവിഡ് പറഞ്ഞു.

Latest Videos

undefined

ഫൈനലില്‍ എന്തിന് സ്ലോ പിച്ച്

മുമ്പ് മത്സരങ്ങള്‍ക്ക് ഉപയോഗിച്ച പിച്ചിലായിരുന്നു ലോകകപ്പ് ഫൈനല്‍ കളിച്ചത്. ഐസിസി നിയമമില്ലെങ്കിലും സാധാരണഗതിയില്‍ പുതിയ പിച്ചിലാണ് നോക്കൗട്ട് മത്സരങ്ങള്‍ കളിക്കാറുള്ളത്.നേരത്തെ പാകിസ്ഥാനെതിരെയും ഇന്ത്യ അഹമ്മദാബാദില്‍ കളിച്ചിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ മധ്യ ഓവറുകളില്‍ റണ്‍സ് നേടാന്‍ പാടുപെടുകയും 200 റണ്‍സിനുള്ളില്‍ പുറത്താകുകയും ചെയ്തു. ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കും രോഹിത് ശര്‍മ പുറത്തായശേഷം ബാറ്റിംഗ് അനായാസമായിരുന്നില്ല.

ഐപിഎൽ ലേലം: 2 കോടി വിലയിട്ട് കേദാറും ഉമേഷും, ഏറ്റവും കൂടുതൽ അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ ഇവരാണ്

ഫൈനലില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ നിര്‍ദേശപ്രകാരമാണ് പഴയ പിച്ച് തെരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫൈനലില്‍ സ്പിന്നര്‍മാര്‍ക്ക് സഹായം കിട്ടാനായി പിച്ച് നനക്കുന്നത് ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിയിരുന്നു.എന്നാല്‍ പ്രാദേശിക ക്യൂറേറ്ററുടെ ഉപദേശം അനുസരിച്ചാണ് ഫൈനലിന് ഉപയോഗിച്ച പിച്ച് മതിയെന്ന് ടീം മാനേജ്മെന്‍റ് നിര്‍ദേശിച്ചതെന്ന് ദ്രാവിഡ് ബിസിസിഐ നേതൃത്വത്തോട് പറഞ്ഞു.ഫൈനലില്‍ ടോസും പിച്ചില്‍ നിന്നുള്ള പിന്തുണ ഫലപ്രദമായി ഉപയോഗിച്ച ഓസീസ് ബൗളര്‍മാരുമാണ് ഇന്ത്യന്‍ തോല്‍വിക്ക് കാരണമായതെന്നും ദ്രാവിഡ് പറഞ്ഞു.

ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും അടക്കമുള്ള ഇന്ത്യന്‍ പേസര്‍മാര്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ സ്ലോ പിച്ച് തയാാറാക്കാന്‍ ടീം മാനേജ്മെന്‍റ് നിര്‍ദേശിച്ചത് എന്തിനായിരുന്നുവെന്നും ബിസിസിഐ ദ്രാവിഡിനോട് ചോദിച്ചു.എന്നാല്‍ ലോകകപ്പിലെ മുന്‍ മത്സരങ്ങളിലെല്ലാം വിജയിച്ച തന്ത്രമായിരുന്നു ഇതെന്നും ഫൈനലില്‍ മാത്രമാണ് അത് പിഴച്ചതെന്നും ദ്രാവിഡ് വിശദീകരിച്ചു.

ഐപിഎൽ ലേലം: ഓസീസ് താരങ്ങൾക്ക് പൊന്നും വില; ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തകര്‍ത്ത ട്രാവിസ് ഹെഡിന് 2 കോടി

ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസ്ട്രേലിയ 44 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡായിരുന്നു ഓസ്ട്രേലിയയുടെ ജയം അനായാസമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!