പൂഴിക്കടകന്‍! രാഹുല്‍ ദ്രാവിഡിനെ പരിശീലകനായി നിലനിര്‍ത്താന്‍ വമ്പന്‍ നീക്കവുമായി ബിസിസിഐ

By Web TeamFirst Published Nov 29, 2023, 9:55 AM IST
Highlights

ഏകദിന ക്രിക്കറ്റ് ലോകകപ്പോടെ ടീം ഇന്ത്യയുടെ പ്രധാന പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിന്‍റെ കാലാവധി അവസാനിച്ചിരുന്നു

മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ് തുടരുമോ എന്ന ആകാംക്ഷകള്‍ക്കിടെ ബിസിസിഐയുടെ നിര്‍ണായക നീക്കം. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി രാഹുല്‍ ദ്രാവിഡിനും വിവിഎസ് ലക്ഷ്‌മണിനും ബിസിസിഐ വിസ തയ്യാറാക്കുന്നതായാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷമുള്ള രാഹുല്‍ ദ്രാവിഡിന്‍റെ അഭാവത്തില്‍ നിലവില്‍ ഓസ്ട്രേലിയക്ക് എതിരായ ട്വന്‍റി 20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ കൂടിയായ വിവിഎസ്‌ ആണ്. 

ഏകദിന ക്രിക്കറ്റ് ലോകകപ്പോടെ ടീം ഇന്ത്യയുടെ പ്രധാന പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിന്‍റെ കാലാവധി കഴിഞ്ഞെങ്കിലും ബിസിസിഐ അദേഹത്തിന്‍റെ കരാര്‍ പുതുക്കാനുള്ള ശ്രമങ്ങളിലാണ്. എന്നാല്‍ തല്‍സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ ദ്രാവിഡ് ഇതുവരെ മനസുതുറന്നിട്ടില്ല. ഓസ്ട്രേലിയക്ക് എതിരായ ടി20 പരമ്പര കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ടീം ഇന്ത്യക്ക് വരാനിരിക്കുന്നത്. രാഹുല്‍ ദ്രാവിഡിന്‍റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല എങ്കിലും പ്രോട്ടീസ് പര്യടനത്തിനായി അദേഹത്തിനടക്കം വിസ അടക്കമുള്ള പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുകയാണ് ബിസിസിഐ. അതേസമയം വിവിഎസ് ലക്ഷ്‌മണിനായും ബിസിസിഐ വിസ തയ്യാറാക്കുന്നുണ്ട്. ഡിസംബര്‍ ആറിനാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി തിരിക്കുന്നത്. മൂന്ന് ടി20കളോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ യാത്ര തുടങ്ങുന്നത്. ഡിസംബര്‍ 10, 12, 14 തിയതികളിലാണ് മത്സരങ്ങള്‍. സ്‌ക്വാഡിനെ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

Latest Videos

ദക്ഷിണാഫ്രിക്കയിലേക്ക് ടീം ഇന്ത്യക്കൊപ്പം രാഹുല്‍ ദ്രാവിഡാണോ വിവിഎസ് ലക്ഷ്‌മണാണോ തിരിക്കുക എന്ന് ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ ട്വന്‍റി 20 പരമ്പരയില്‍ വിവിഎസ് ലക്ഷ്‌മണിന്‍റെ പരിശീലന സംഘത്തെ നിലനിര്‍ത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ട്വന്‍റി 20 പരമ്പരയ്‌ക്ക് ശേഷം മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റും കൂടി ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണിലുണ്ട്. ഈ പരമ്പരകളില്‍ ദ്രാവിഡിനെ വീണ്ടും ചുമതലയേല്‍പിക്കാനാണ് ബിസിസിഐ വിസ തയ്യാറാക്കുന്നത് എന്ന വിലയിരുത്തലുണ്ട്. ഈ പരമ്പരകളില്‍ ദ്രാവിഡ് വീണ്ടും കസേര ഏറ്റെടുക്കുമോ എന്ന് കാത്തിരുന്നറിയാം. ഡിസംബറില്‍ ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോകും എന്നതിനാല്‍ ഈ ടീമിനൊപ്പം രണ്ടാംനിര പരിശീലന സംഘത്തെയും ബിസിസിഐക്ക് അയക്കേണ്ടതുണ്ട്.  

Read more: എല്ലാ പദ്ധതിയും പൊട്ടിപ്പാളീസായത് അവിടെ; തോല്‍വിയില്‍ കുറ്റസമ്മതവുമായി സൂര്യകുമാര്‍ യാദവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!