പണമാണ് പവര്‍; ബിസിസിഐയുടെ ആസ്‌തി വിവരം പുറത്ത്, രണ്ടാമതുള്ള ബോര്‍ഡിനേക്കാള്‍ 28 മടങ്ങ്! എല്ലാം ഐപിഎല്‍ ഇഫക്‌ട്

By Web TeamFirst Published Dec 9, 2023, 2:50 PM IST
Highlights

പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 18,700 കോടിയോളം രൂപയാണ് ബിസിസിഐയുടെ ആസ്‌തി

മുംബൈ: ലോകത്തെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എത്രയാണ് ബിസിസിഐയുടെ ആസ്‌തി എന്ന് പലര്‍ക്കും അറിയില്ല. ഏറ്റവും ഒടുവിലായി പുറത്തുവന്ന കണക്കുപ്രകാരമുള്ള ബിസിസിഐയുടെ ആസ്‌തി കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. 

പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 18,700 കോടിയോളം രൂപയാണ് (2.25 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍) ബിസിസിഐയുടെ ആസ്‌തി. രണ്ടാമത് നില്‍ക്കുന്ന ബോര്‍ഡായ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആസ്‌തിയേക്കാള്‍ 28 മടങ്ങാണിത്. ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് 658 കോടി രൂപയുടെ (79 മില്യണ്‍ അമേരിക്കന്‍ ഡോളര്‍) ആസ്‌തിയെയുള്ളൂ. ലോകത്തെ ഏറ്റവും മൂല്യമേറിയ ട്വന്‍റി 20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലാണ് ബിസിസിഐയുടെ ആസ്തിയില്‍ ഗണ്യമായ പങ്കുവഹിക്കുന്നത്. 59 മില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ കരുത്തുമായി ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് മൂന്നാംസ്ഥാനത്ത്. എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആസ്‌തി എത്രയാണ് എന്ന് കൃത്യമായ വിവരം ലഭ്യമല്ല. 

Latest Videos

ഇന്ത്യക്കെതിരെ മുഴുനീള പരമ്പരയ്‌ക്ക് തയ്യാറെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ആറാം സ്ഥാനത്താണ്. 47 മില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ ആസ്തിയാണ് ക്രിക്കറ്റ് സൗത്താഫ്രിക്കയ്‌ക്കുള്ളത്. ബിസിസിഐ ആസ്തിയുടെ വെറും രണ്ട് ശതമാനം മാത്രമാണിത്. എന്നാല്‍ ഇന്ത്യക്കെതിരെ മൂന്ന് ട്വന്‍റി 20, ഏകദിന, രണ്ട് ടെസ്റ്റുകളുടെ പരമ്പര കഴിയുന്നതോടെ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് കൂടുതല്‍ സമ്പന്നമാകും. 68.7 മില്യണ്‍ ഡോളറിന്‍റെ വരുമാനമാണ് ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷം 6.3 മില്യണ്‍ ഡോളര്‍, 10.5 മില്യണ്‍ ഡോളര്‍, 11.7 മില്യണ്‍ ഡോളര്‍ എന്നിങ്ങനെ ബോര്‍ഡിന് നഷ്‌ടമുണ്ടായി. ഇത് പരിഹരിക്കുന്നതിനോടൊപ്പം വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള നീക്കിയിരിക്കും പരമ്പരയില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ‍് പ്രതീക്ഷിക്കുന്നു. 

Read more: ഇന്ത്യന്‍ പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്ക് 'ലോട്ടറി'; പണച്ചാക്ക് നിറയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!