പാകിസ്ഥാന്‍ നിന്നനില്‍പില്‍ വിയര്‍ക്കും; ടെസ്റ്റ് സ്‌ക്വാഡ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ, വന്‍ സര്‍പ്രൈസ്

By Web TeamFirst Published Dec 3, 2023, 7:23 AM IST
Highlights

പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസ് ടീം മികവ് തുടരുമെന്നാണ് പ്രതീക്ഷയെന്ന് ടീം പ്രഖ്യാപനവേളയില്‍ മുഖ്യ സെലക്‌ടര്‍ ജോര്‍ജ് ബെയ്‌ലി

പെര്‍ത്ത്: പാകിസ്ഥാനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ പെര്‍ത്ത് വേദിയാവുന്ന ആദ്യ മത്സരത്തിന് ശക്തമായ സ്‌ക്വാഡ് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. പരിക്ക് മാറി അതിവേഗ പേസര്‍ ലാന്‍സ് മോറിസ് എത്തിയതാണ് ശ്രദ്ധേയം. പരിക്ക് കാരണം ആഷസ് പരമ്പരയില്‍ താരത്തിന് കളിക്കാനായിരുന്നില്ല. ഓസീസിന്‍റെ 14 അംഗ സ്‌ക്വാഡിലെ ഏക അണ്‍ക്യാപ്‌ഡ് താരമാണ് ലാന്‍സ് മോറിസ്. പെര്‍ത്തില്‍ മോറിസിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുങ്ങും എന്നാണ് കരുതപ്പെടുന്നത്. 

ലാന്‍സ് മോറിസിന്‍റെ വരവല്ലാതെ വലിയ മാറ്റങ്ങള്‍ ഓസ്ട്രേലിയയുടെ പതിനാലംഗ സ്‌ക്വാഡിലില്ല. അവസാന ആഷസ് ടെസ്റ്റ് കളിച്ച ടീമിലില്ലാതിരുന്ന സ്‌പിന്നര്‍ നേഥന്‍ ലിയോണ്‍ തിരിച്ചെത്തിയപ്പോള്‍ ടോഡ് മര്‍ഫി പുറത്തായി. വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയും ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും സ്‌ക്വാഡില്‍ ഇടംപിടിച്ചത് ശ്രദ്ധേയമാണ്. അടുത്തിടെ ടീം ഇന്ത്യക്കെതിരെ ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ച ഇലവനില്‍ ഗ്രീനും ക്യാരിയുമുണ്ടായിരുന്നില്ല. ഏകദിനത്തില്‍ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ സ്ഥാനം ക്യാരിക്ക് നഷ്‌‌ടമായിരുന്നു. അതേസമയം ഇന്ത്യക്കെതിരായ ഫൈനലില്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് പകരം മിച്ചല്‍ മാര്‍ഷാണ് ഇറങ്ങിയത്.

Latest Videos

പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസ് ടീം മികവ് തുടരുമെന്നാണ് പ്രതീക്ഷയെന്ന് ടീം പ്രഖ്യാപനവേളയില്‍ മുഖ്യ സെലക്‌ടര്‍ ജോര്‍ജ് ബെയ്‌ലി വ്യക്തമാക്കി. പരിക്കിന് ശേഷമുള്ള മടങ്ങിവരവില്‍ ഷെഫീല്‍ഡ് ഷീല്‍ഡില്‍ മൂന്ന് കളികളില്‍ ലാന്‍സ് മോറിസ് 11 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 

ആദ്യ ടെസ്റ്റിനുള്ള ഓസീസ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ലാന്‍സ് മോറിസ്, സ്റ്റീവന്‍ സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍. 

Read more: ചുമതലയില്‍ ഒരൊറ്റ ദിവസം, കസേര തെറിച്ച് സല്‍മാന്‍ ബട്ട്; പാക് ക്രിക്കറ്റില്‍ കലാപം, രൂക്ഷ വിമര്‍ശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!