സച്ചിന്‍ ബേബി ഐക്കണ്‍ പ്ലെയര്‍, ശ്രീശാന്ത് അംബാസിഡര്‍... ലോഗോ പ്രകാശനം ചെയ്ത് ഏരീസ് കൊല്ലം സെയിലേഴ്‌സ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്‍റെ ലോഗോയും പതാകയും ടാഗ്‌ലൈനും തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. 'എടാ മോനെ, കൊല്ലം പൊളിയല്ലേ...' എന്നതാണ് ടീമിന്‍റെ ടാഗ്‌ലൈന്‍. ടീം ബ്രാന്‍ഡ് അംബാസിഡറായി ഇന്ത്യന്‍ മുന്‍ താരം എസ് ശ്രീശാന്തിനെയും ഐക്കണ്‍ പ്ലെയറായി കേരള രഞ്ജി ടീം മുന്‍ ക്യാപ്റ്റനും ഐപിഎല്‍ താരവുമായ സച്ചിന്‍ ബേബിയെയും പ്രഖ്യാപിച്ചു.
ഏരീസ് ഗ്രൂപ്പ് ചെയര്‍മാന്‍ സോഹന്‍ റോയ് ആണ് ടീമുടമ. ഏരീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. എന്‍. പ്രഭിരാജാണ് ടീം സിഇഒ. ഫിസിയോയായി ആഷിലി ടോമിയും, ട്രൈനറായി കിരണും, വീഡിയോ അനലിസ്റ്റായി ആരോണും, ബൗളിംഗ് കോച്ചായി മോനിഷും, ബാറ്റിംഗ് കോച്ചായി നിജിലേഷും പ്രവര്‍ത്തിക്കും. ഏരീസ് ഗ്രൂപ്പ് സിംബാബ്‌വെയില്‍ നടന്ന 'സിം ആഫ്രോ ടി -ടെന്‍' ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത പ്രമുഖ ടീമായ 'ഹരാരെ ഹരി കെന്‍സിന്‍റെ' ഉടമകളായിരുന്നു. എസ് ശ്രീശാന്തിന് പുറമെ ഇര്‍ഫാന്‍ പത്താന്‍, റോബിന്‍ ഉത്തപ്പ, ഓയിന്‍ മോര്‍ഗന്‍, ജെ പി ഡുമിനി, മുഹമ്മദ് നബി എന്നീ പ്രമുഖ താരങ്ങള്‍ ആ ടീമിന്‍റെ ഭാഗമായിരുന്നു.
നാളെ നടക്കുന്ന താരലേലത്തില്‍ മികച്ച സ്ക്വാഡിനെ സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് മാനേജ്‌മെന്‍റ്. താരലേലത്തില്‍ 20 കളിക്കാരെ വീതം ഓരോ ഫ്രാഞ്ചൈസികള്‍ക്കും വിളിച്ചെടുക്കാം. താരങ്ങളെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് ലേലം നടക്കുക. ഐപിഎൽ, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ചിട്ടുള്ളവരാണ് ഏറ്റവും ഉയർന്ന തുകയുള്ള ‘എ’ വിഭാഗത്തിൽ ഉൾപ്പെടുന്നത്. രണ്ട് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം. സി കെ നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്‌സ് മൽസരങ്ങളിൽ കളിച്ചിട്ടുള്ളവർ ഒരു ലക്ഷം രൂപ അടിസ്ഥാന പ്രതിഫലം വരുന്ന ‘ബി’ വിഭാഗത്തിൽ ഉൾപ്പെടും. അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്‌സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റർമാരുമാണ് ‘സി’ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 50,000 രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം.
Read more: ആവേശം അണപൊട്ടും; കേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ, ലോഗോ സഞ്ജു സാംസണ്‍ പ്രകാശനം ചെയ്തു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം