ഇന്ത്യ എ ടീമിനെതിരെ പെര്‍ത്തില്‍ ഇന്ത്യ കളിക്കാനിരുന്ന പരിശീലന മത്സരം ബിസിസിഐ റദ്ദാക്കിയതില്‍ തനിക്ക് ആശ്ചര്യമുണ്ടെന്ന് കുംബ്ലെ വ്യക്തമാക്കി.
ബെംഗളൂരു: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒരുക്കങ്ങളെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ അനില്‍ കുംബ്ലെ. ഈ മാസം 22ന് പെര്‍ത്തിലാണ് പരമ്പരയുടെ ഉദ്ഘാടന മത്സരം. ഇന്ത്യ പരിശീലന മത്സരങ്ങളൊന്നും കളിക്കാത്തതാണ് കുംബ്ലെയെ ചൊടിപ്പിച്ചത്. ഇക്കാര്യത്തില്‍ സുനില്‍ ഗവാസ്‌ക്കറും നേരത്തെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. സന്നാഹ മത്സരം കളിക്കാത്തത് തിരിച്ചടിയാവമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തിന്റെ അഭിപ്രായം.
ഇന്ത്യ എ ടീമിനെതിരെ പെര്‍ത്തില്‍ ഇന്ത്യ കളിക്കാനിരുന്ന പരിശീലന മത്സരം ബിസിസിഐ റദ്ദാക്കിയതില്‍ തനിക്ക് ആശ്ചര്യമുണ്ടെന്ന് കുംബ്ലെ വ്യക്തമാക്കി. കുംബ്ലെയുടെ വാക്കുകള്‍... ''ഓസീസിനെതിരെ ഒരു പരിശീലന മത്സരം ഇല്ലാത്തതില്‍ എനിക്ക് അത്ഭുതമുണ്ട്. കാരണം അത് ഒരു മികച്ച തയ്യാറെടുപ്പായിരിക്കും. നിങ്ങള്‍ നെറ്റ്‌സില്‍ എത്ര പരിശീലിച്ചാലും മത്സരത്തില്‍ കുറച്ച് ബൗളര്‍മാരെ നേരിടുന്നതും തികച്ചും വ്യത്യസ്തമാണ്. അതിന് പരിശീലന മത്സരം കളിക്കുക തന്നെ വേണം. സീനിയര്‍ താരങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍, ആദ്യമായി ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന കളിക്കാര്‍ക്ക് ഒരു പരിശീലന മത്സരം അനുയോജ്യമായിരുന്നു.'' അദ്ദേഹം പറഞ്ഞു.
ബുമ്രയാണ് നയിക്കുന്നതെങ്കില്‍ അദ്ദേഹം തുടരണം, രോഹിത് ക്യാപ്റ്റനാവരുത്; കാരണം വ്യക്തമാക്കി ഗവാസ്‌കര്‍
നേരത്തെ ഇതേ ആവശ്യം ഗവാസ്‌ക്കറും വ്യക്തമാക്കിയിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് ആവശ്യമില്ലെങ്കിലും ഓസ്‌ട്രേലിയയില്‍ ആദ്യമായി കളിക്കാനിറങ്ങുന്ന ടീമിലെ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറെല്‍, സര്‍ഫറാസ് ഖാന്‍ തുടങ്ങിയവര്‍ക്ക് സന്നാഹ മത്സരങ്ങള്‍ ആവശ്യമാണെന്നും ഗവാസ്‌കര്‍ ഇന്ത്യന്‍ പറഞ്ഞു. ടെസ്റ്റ് പരമ്പരക്കിടയില്‍ ഓസ്‌ട്രേലിയ എ ടീമുമായോ ക്യൂന്‍സ്ലാന്‍ഡ് ടീമുമായോ എങ്കിലും സന്നാഹമത്സരം കളിക്കേണ്ടതുണ്ടെന്നും ഇതുവഴി ഓസ്‌ട്രേലിയന്‍ പിച്ചുകളുടെ ബൗണ്‍സും പേസും മനസിലാക്കാനും അതുമായി പൊരുത്തപ്പെടാനും യുവതാരങ്ങള്‍ക്ക് അവസരം കിട്ടുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യ എയുമായി കളിക്കാനിരുന്ന സന്നാഹ മത്സരം റദ്ദാക്കിയതായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്കുശേഷം പറഞ്ഞിരുന്നു. ആദ്യ ടെസ്റ്റിനും സന്നാഹ മത്സരത്തിനും മുമ്പ് മൂന്ന് ദിവസത്തെ ഇടവേള മാത്രമാകും ലഭിക്കുകയെന്നും അതുകൊണ്ട് തന്നെ സന്നാഹ മത്സരത്തിന് പകരം മത്സരത്തിന് സമാനമായ സാഹചര്യത്തില്‍ സെന്റര്‍ വിക്കറ്റില്‍ ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ സമയം ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനുമുള്ള സാഹചര്യം ഒരുക്കാനാണ് താല്‍പര്യമെന്നും രോഹിത് ഇന്നലെ പറഞ്ഞിരുന്നു. സന്നാഹ മത്സരത്തെക്കാള്‍ ടീം അംഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഇതാണെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.