IPL 2022: 'രവീന്ദ്ര ജഡേജ ഒരിക്കല്‍ ഇന്ത്യന്‍ ടീമിനെ നയിക്കും'; ചെന്നൈ നായകനെ പിന്തുണച്ച് സഹതാരം

By Web Team  |  First Published Apr 25, 2022, 12:18 PM IST

ഇതിനിടെ ജഡേജയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് സഹതാരം അമ്പാട്ടി റായുഡു. ഭാവിയില്‍ ജഡേജ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്ന് റായുഡു പറയുന്നത്.


മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ രവീന്ദ്ര ജഡേജയ്ക്ക് (Ravindra Jadeja) കീഴില്‍ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (CSK) കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ചെന്നൈ. ബാറ്റിംഗിലും ബൗളിംഗിലും സ്വതസിദ്ധമായ ശൈലിയിലേക്ക് ഉയരാന്‍ താരത്തിന് സാധിക്കുന്നില്ല. എം എസ് ധോണിയില്‍ (MS Dhoni) നിന്നാണ് ജഡേജ നായകസ്ഥാനം ഏറ്റെടുക്കുന്നത്. എന്നാല്‍ ഇപ്പോഴും തീരുമാനമെടുക്കുന്നതെല്ലാം ധോണി തന്നെയാണ്.

ഇതിനിടെ ജഡേജയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് സഹതാരം അമ്പാട്ടി റായുഡു. ഭാവിയില്‍ ജഡേജ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്ന് റായുഡു പറയുന്നത്. റായുഡു വിശദീകരിക്കുന്നതിങ്ങനെ... ''ക്യാപ്റ്റന്‍ രവീന്ദ്ര ജേഡേജയ്ക്ക് സഹതാരങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട്. ഭാവിയില്‍ ജഡേജ ഇന്ത്യന്‍ ടീമിനെ നയിക്കും. എം എസ് ധോണിയുടെ പിന്‍ഗാമിയാവുക എന്നതിനേക്കാള്‍ വലിയൊരു വെല്ലുവിളി രവീന്ദ്ര ജഡേജയ്ക്ക് കിട്ടാനില്ല. തുടക്കത്തില്‍ തിരിച്ചടി അല്‍പം നേരിട്ടെങ്കിലും ധോണിയുടെ മേല്‍നോട്ടത്തില്‍ ജഡേജ മികച്ച നായകനാവും.'' റായുഡു വ്യക്തമാക്കി.

Latest Videos

undefined

ധോണിയെപ്പോലൊരു താരത്തെ ഇന്ത്യയില്‍ മാത്രമല്ല, ലോക ക്രിക്കറ്റിലും ഇനി കാണാന്‍ കഴിയില്ലെന്നും റായുഡു പറഞ്ഞു. ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ധോണി നായക സ്ഥാനം ഒഴിഞ്ഞതും ജഡേജയെ പുതിയ നായകനായി പ്രഖ്യാപിച്ചതും.

അതേസമയം, ചെന്നൈ ഇന്ന് എട്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ നേരിടും.  അവസാന കളിയില്‍ ധോണിക്കരുത്തില്‍ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് നിലവിലെ ചാംപ്യന്‍മാര്‍. ബൗളര്‍മാര്‍ താളം വീണ്ടെടുക്കുന്നതും റുതുരാജ് ഫോം വീണ്ടെടുത്തതും ആശ്വാസം. ഉത്തപ്പയും റായുഡുവും കൂറ്റനടികള്‍ക്ക് ശേഷിയുള്ളവര്‍. ലിയം ലിവിംഗ്സ്റ്റണിന്റെ ബാറ്റിനെ അമിതമായി ആശ്രയിക്കുന്നതാണ് പഞ്ചാബിന്റെ പ്രതിസന്ധി. 

ധവാന്റെയും ബെയ്ര്‍‌സ്റ്റോയുടെയും ബാറ്റിലും പ്രതീക്ഷയേറെ. പവര്‍പ്ലേയില്‍ പഞ്ചാബ് ബാറ്റര്‍മാരുടെയും ചെന്നൈ ബൗളര്‍മാരുടെയും പ്രകടനമായിരിക്കും നിര്‍ണായകമാവുക. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മേല്‍ക്കൈ ചെന്നൈയ്ക്ക്. പതിനഞ്ച് കളിയില്‍ ജയം ചെന്നൈയ്‌ക്കൊപ്പം. പഞ്ചാബ് ജയിച്ചത് പതിനൊന്ന് കളിയില്‍.

click me!