ഐശ്വര്യ റായിയെ അപമാനിച്ചതിന് കിട്ടിയതൊന്നും മതിയായില്ല; ടീം ഇന്ത്യയെ 'ചൊറിഞ്ഞ്' പാക് താരം അബ്‌ദുല്‍ റസാഖ്

By Web Team  |  First Published Nov 23, 2023, 11:08 AM IST

'ഇന്ത്യ ജയിച്ചിരുന്നേല്‍ ഞാന്‍ സങ്കടത്തിലാവുമായിരുന്നു, ഇന്ത്യ തോറ്റതോടെ ക്രിക്കറ്റ് ജയിച്ചു' എന്നും അബ്‌ദുല്‍ റസാഖിന്‍റെ വിവാദ പ്രസ്‌താവന 


മുംബൈ: ബോളിവുഡ് നടി ഐശ്വര്യ റായിക്കെതിരായ അധിക്ഷേപം വലിയ വിവാദമായതിന് പിന്നാലെ മറ്റൊരു പരാമര്‍ശത്തില്‍ പുലിവാല്‍ പിടിച്ച് പാകിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ അബ്‌ദുല്‍ റസാഖ്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്ക് എതിരായ തോല്‍വിയില്‍ ടീം ഇന്ത്യയെ പരിഹസിക്കുകയാണ് റസാഖ് ചെയ്‌തത്. ഇന്ത്യ തോറ്റതോടെ ക്രിക്കറ്റ് ജയിച്ചു എന്നാണ് അബ്‌ദുല്‍ റസാഖിന്‍റെ വിവാദ പരാമര്‍ശം. 

'സത്യസന്ധമായി പറഞ്ഞാല്‍ ക്രിക്കറ്റാണ് ജയിച്ചത്. ഇന്ത്യ പിച്ചിന്‍റെ സാഹചര്യങ്ങളെ ടീമിന് അനുകൂലമാക്കാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ ടീം ഇന്ത്യ ലോകകപ്പ് നേടിയിരുന്നെങ്കില്‍ അതൊരു ദുഖ നിമിഷമായിരുന്നേനെ. ധീരവും മാനസികമായി കരുത്തരുമായ ടീമാണ് ക്രിക്കറ്റില്‍ ശോഭിക്കേണ്ടത്. ഇന്ത്യ ജയിച്ചിരുന്നേല്‍ എനിക്ക് മോശമായി തോന്നുമായിരുന്നു. പിച്ചും സാഹചര്യങ്ങളും നീതിപൂര്‍വമാകണം. പിച്ച് ഇരു ടീമിനും ഗുണങ്ങള്‍ കിട്ടുംപോലെയുമാകണം. ഫൈനലില്‍ വിരാട് കോലി സെഞ്ചുറി നേടിയിരുന്നെങ്കില്‍ ഇന്ത്യ ഒരിക്കല്‍ കൂടി ജയിക്കുമായിരുന്നു' എന്നും അബ്‌ദുല്‍ റസാഖ് ഒരു പാകിസ്ഥാന്‍ ടെലിവിഷന്‍ ഷോയില്‍ പറഞ്ഞു. 

Latest Videos

undefined

ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പുറത്തായതിന് പിന്നാലെ ഐശ്വര്യ റായിയെ പരാമര്‍ശിച്ച് അബ്‌ദുല്‍ റസാഖിന്‍റെ ഭാഗത്ത് നിന്നുണ്ടായ വാക്കുകള്‍ വലിയ വിവാദമായിരുന്നു. പ്രതിഷേധം കടുത്തതോടെ പിന്നാലെ മാപ്പ് പറഞ്ഞ് പാക് മുന്‍ താരത്തിന് രംഗത്തെത്തേണ്ടിവന്നു. 'പാകിസ്ഥാനില്‍ മികച്ച താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും എത്ര കണ്ട് ഉദ്ദേശ്യശുദ്ധിയുണ്ട് എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം നല്ല കുഞ്ഞു ജനിക്കുമെന്ന് ചിന്തിച്ചാല്‍ അതു നടക്കണമെന്നില്ല' എന്ന റസാഖിന്‍റെ പരാമര്‍ശമാണ് വിവാദമായത്. പരാമര്‍ശങ്ങള്‍ വലിയ വിവാദമായതോടെ, ആരെയും വേദനിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്തതല്ലെന്നും നാക്കുപിഴയാണ് സംഭവിച്ചത് എന്നുമുള്ള വിശദീകരണവുമായി റസാഖ് രംഗത്തെത്തിയിരുന്നു. 

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് കലാശപ്പോരില്‍ ആറ് വിക്കറ്റിന് ടീം ഇന്ത്യയെ തോല്‍പിച്ച് ഓസ്ട്രേലിയ കപ്പുയര്‍ത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയുടെ ബാറ്റിംഗ് 240 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഓസ്ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തി 241 റണ്‍സിലെത്തി. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡും 110 പന്തില്‍ 58 റണ്‍സുമായി പുറത്താവാതെ നിന്ന മാര്‍നസ് ലബുഷെയ്‌നുമാണ് ഓസീസിനെ ജയിപ്പിച്ചത്. ഫൈനലില്‍ വിരാട് കോലി 54 റണ്‍സില്‍ പുറത്തായിരുന്നു. ബൗളിംഗില്‍ ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും ജോഷ് ഹെസല്‍വുഡും പാറ്റ് കമ്മിന്‍സും രണ്ട് വീതവും ഗ്ലെന്‍ മാക്‌സ്‌വെല്ലും ആദം സാംപയും ഓരോ വിക്കറ്റുമായും തിളങ്ങി. 

Read more: ഐശ്വര്യ റായിക്കെതിരായ അധിക്ഷേപ പരാമര്‍ശം, ഒടുവില്‍ മാപ്പു പറഞ്ഞ് പാക് താരം; നാക്കുപിഴയെന്ന് വിശദീകരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!