86 ഫോർ, ഏഴ് സിക്സറുകൾ, അടിച്ചെടുത്തത് 320 പന്തിൽ 498 റൺസ്; സ്കൂൾ ക്രിക്കറ്റിൽ വിസ്മയിപ്പിച്ച് 18കാരൻ

By Web TeamFirst Published Sep 25, 2024, 3:16 PM IST
Highlights

ജെ എല്‍ ഇ ഇംഗ്ലീഷ് സ്കൂളിന്‍റെ പതിനൊന്നാമന്‍ ഗ്രൗണ്ടിലെത്താന്‍ താമസിച്ചതിനാല്‍ പത്തുപേരുമായാണ് ഭൂരിഭാഗം സമയവും ടീം കളിച്ചത്.

അഹമ്മദാബാദ്: ഗുജറാത്തിലെ സ്കൂള്‍ ക്രിക്കറ്റില്‍ വിസ്മയിപ്പിച്ച് 18കാരന്‍ ദ്രോണ ദേശായി. അഹമ്മദാബാദിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ക്രിക്കറ്റ് സംഘടിപ്പിച്ച ബല്ലുഭായ് കപ്പ് അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ജെ എല്‍ ഇംഗ്ലീഷ് സ്കൂളിനെതിരെ സെന്‍റ് സേവ്യേഴ്സ് (ലൊയോള) സ്കൂളിനായി 320 പന്തില്‍ 498 റണ്‍സടിച്ചാണ് ദ്രോണാ ദേശായി ഞെട്ടിച്ചത്. 86 ബൗണ്ടറിയും ഏഴ് സിക്സും പറത്തിയാണ് ദ്രോണ ദേശായി 498 റണ്‍സടിച്ചത്. ദ്രോണാ ദേശായിയയുടെ ഇന്നിംഗ്സിന്‍റെ കരുത്തില്‍ സെന്‍റ് സേവ്യേഴ്സ് 712 റണ്‍സിന്‍റെ പടുകൂറ്റൻ വിജയം  നേടി.

ജെ എല്‍ ഇ ഇംഗ്ലീഷ് സ്കൂളിന്‍റെ പതിനൊന്നാമന്‍ ഗ്രൗണ്ടിലെത്താന്‍ താമസിച്ചതിനാല്‍ പത്തുപേരുമായാണ് ഭൂരിഭാഗം സമയവും ടീം കളിച്ചത്. 498 റണ്‍സടിച്ച പ്രകടനത്തോടെ സ്കൂള്‍ ക്രിക്കറ്റില്‍ വമ്പന്‍ സ്കോര്‍ നേടി ദേശീയ ശ്രദ്ധ ആകര്‍ഷിച്ചവരുടെ കൂട്ടത്തില്‍ ദ്രോണാ ദേശായിയും ഉള്‍പ്പെട്ടു. പ്രണവ് ധന്‍വാഡെ(1009*), പൃഥ്വി ഷാ(546), ചമന്‍ ലാല്‍(506*), അര്‍മാന്‍ ജാഫര്‍(498) എന്നിവരാണ് ദ്രോണാ ദേശായിക്ക് മുമ്പ് സ്കൂള്‍ ക്രിക്കറ്റില്‍ വിസ്മയിപ്പിച്ച താരങ്ങള്‍. ഇതില്‍ പൃഥ്വി ഷാ പിന്നീട് ഇന്ത്യക്കായി ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറിയിരുന്നു. ഗുജറാത്ത് അണ്ടര്‍ 14 ടീമിനായി കളിച്ചിട്ടുള്ള ദേശായിക്ക് ഇന്നലത്തെ പ്രകടനത്തോടെ അണ്ടര്‍ 19 ടീമിലെത്താനുള്ള സാധ്യത കൂടി.

Latest Videos

പോകുന്നിടത്തെല്ലാം ഒളിംപിക് മെഡല്‍ കഴുത്തിലിടുന്നത് എന്തിനെന്ന് ട്രോളൻമാര്‍; മറുപടി നല്‍കി മനു ഭാക്കര്‍

ഏഴാം വയസില്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയതാണെന്നും മികച്ച ക്രിക്കറ്റ് താരമായി വളരുകയാണ് തന്‍റെ ലക്ഷ്യമെവ്വും ദ്രോണ ദേശായി പറഞ്ഞു. എട്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ പരീക്ഷ എഴുതാന്‍ മാത്രമാണ് സ്കൂളില്‍ പോയിട്ടുള്ളത് എന്നും  ബാക്കി സമയമെല്ലാം ക്രിക്കറ്റ് കളിച്ചു നടക്കുകയായിരുന്നുവെന്നും ദ്രോണാ ദേശായി പറഞ്ഞു. ഗ്രൗണ്ടില്‍ സ്കോര്‍ ബോര്‍ഡില്ലാതിരുന്നതിനാല്‍ 500 റണ്‍സിന് അടുത്തെത്തിയ കാര്യം അറിയില്ലായിരുന്നുവെന്നും ടീം അംഗങ്ങളും ഇക്കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും അതിനാലാണ് 498 റണ്‍സിലെത്തിയപ്പോഴും ആക്രമണ ഷോട്ട് കളിച്ച് പുറത്തായതെന്നും ദേശായി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!